‘ജീവിതത്തിന്റെ ഇരുണ്ട താഴ്‌വരകളിലൂടെ അവിടുന്നു നമ്മോടൊപ്പം നടക്കുന്നു’

‘ജീവിതത്തിന്റെ ഇരുണ്ട താഴ്‌വരകളിലൂടെ അവിടുന്നു നമ്മോടൊപ്പം നടക്കുന്നു’

വത്തിക്കാന്‍: ജീവിതത്തിന്റെ ഇരുണ്ട താഴ്‌വരകളിലൂടെ ദൈവം നമ്മോടൊപ്പം നടക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ. ജീവിതത്തിലുണ്ടാകുന്ന പല പ്രതിസന്ധിഘട്ടങ്ങളെയും തരണം ചെയ്യാന്‍ സഹായിക്കുന്നത് അവിടുന്നാണ്. ഇന്നലെ സാന്റ് മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് പാപ്പ.

ഇരുണ്ട താഴ്‌വരകളിലൂടെ പലപ്പോഴും നടക്കേണ്ടതായി വന്നേക്കാം. റോമിലെ തെരുവില്‍ കഠിനമായ തണുപ്പു സഹിച്ച് മരിച്ച ഭവനരഹിതനായ വൃദ്ധനേയും യെമനിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട മിഷനറിമാരെയും മാര്‍പാപ്പ പ്രത്യേകം അനുസ്മരിച്ചു.

മരണത്തിന്റെ നിഴല്‍ വീണ് താഴ്‌വരകളിലൂടെ ഇങ്ങനെ പലരും നടക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നാം പ്രത്യാശയര്‍പ്പിക്കേണ്ടത് ദൈവത്തിലാണ്. ദൈവം തന്റെ ജനത്തെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. ദൈവം കൂടെയുള്ളപ്പോള്‍ തിന്‍മയുടെ ശക്തികളെ നാം ഭയപ്പെടേണ്ടതില്ല. നമ്മുടെ കൂടെ നടക്കുന്ന ദൈവമാണ് അവിടുന്ന്.

സഹനങ്ങളുണ്ടാകുമ്പോള്‍, പ്രതിസന്ധികളുണ്ടാകുമ്പോള്‍ നാം ചോദിക്കും, എവിടെയാണ് ദൈവമെന്ന്. എന്തിനാണ് നാം ദൈവത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നതെന്ന്. ക്രിസ്തു എന്തിനാണ് വേദനയനുഭവിച്ചത്..? അവന്‍ മറുത്തൊന്നും പറയാതെ വേദനകള്‍ ഏറ്റെടുക്കുകയാണ് ചെയ്തത്. ‘പിതാവേ, അങ്ങയുടെ കരങ്ങളില്‍ ഞാനെന്റെ ആത്മാവിനെ സമര്‍പ്പിക്കുന്നു’ എന്നാണ് അവന്‍ പറഞ്ഞത്. തന്റെ മരണത്തോടെ ഒന്നും അവസാനിക്കുകയില്ല എന്ന് അവനറിയാമായിരുന്നു. ഈ വിശ്വാസമാണ് നമുക്കു വേണ്ടത്, ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login