ജീവിതത്തിന്റെ ഇരുണ്ട ദിനങ്ങളില്‍ എന്നെ രക്ഷിച്ചത് കത്തോലിക്കാ വിശ്വാസം

ജീവിതത്തിന്റെ ഇരുണ്ട ദിനങ്ങളില്‍ എന്നെ രക്ഷിച്ചത് കത്തോലിക്കാ വിശ്വാസം

ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിനങ്ങളായിരുന്നു അത്. എല്ലാം അവസാനിക്കുകയാണെന്ന് തോന്നി .പക്ഷേ അത്തരം ദിനങ്ങളില്‍ ശക്തമായ ഒരു വിശ്വാസം എന്നിലേക്ക് കടന്നുവന്നു. ഞാനൊരു കത്തോലിക്കനായിട്ടാണ് വളര്‍ന്നുവന്നത്..ഞാനിപ്പോഴും ഒരു കത്തോലിക്കനാണ്.എന്റെ മക്കളും കത്തോലിക്കരാണ്. ഈ വിശ്വാസമാണ് എന്നെ രക്ഷിച്ചത്.

ലോകത്തിലെ ഏറ്റവും മികച്ച ബാസ്‌ക്കറ്റ് ബോള്‍ കളിക്കാരില്‍ ഒരാളായ കോബെ ബ്രൈന്റിന്റെ വാക്കുകളാണിത്. കോബെയെ അറിയാവുന്നവര്‍ക്കു പോലും ചിലപ്പോള്‍ കൃത്യമായ അറിവുണ്ടായിരിക്കില്ല അദ്ദേഹം ഒരു കത്തോലിക്കനാണെന്ന്.

തന്റെ കത്തോലിക്കാവിശ്വാസം ഏറ്റുപറഞ്ഞുകൊണ്ടാണ് താന്‍ കടന്നുപോന്ന ദുരനുഭവങ്ങളെ ക്കുറിച്ച് അദ്ദേഹം ഒരു അഭിമുഖത്തില്‍ സംസാരിച്ചത്. ലൈംഗികാപവാദമായിരുന്നു അദ്ദേഹത്തിന് നേരെ ഉയര്‍ന്നത്.

ഫിലാഡല്‍ഫിയായില്‍ 1978 ല്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. കത്തോലിക്കാവിശ്വാസികളായിരുന്നു മാതാപിതാക്കള്‍. കോബെയ്ക്ക് ആറുവയസുള്ളപ്പോള്‍ കുടുംബം ഇറ്റലിയിലേക്ക് ചേക്കേറി. നന്നേ ചെറുപ്രായത്തിലേ ബാസ്‌ക്കറ്റ് ബോളില്‍ അദ്ദേഹം പ്രതിഭ തെളിയിച്ചു.

2001 ല്‍ ഇരുപത്തിയൊന്നാം വയസില്‍ വനേസ ലെയ്‌നെ എന്ന 19 കാരിയെ വിവാഹം കഴിച്ചു. കാലിഫോര്‍ണിയായിലെ റോമന്‍ കത്തോലിക്കാ ദേവാലയമായ സെന്റ് എഡ്വേര്‍ഡിലായിരുന്നു വിവാഹച്ചടങ്ങ്. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ക്ക് ആദ്യസന്താനം പിറന്നു.
അതേ വര്‍ഷം തന്നെയാണ് കോബെയുടെ ജീവിതത്തെ പിടിച്ചുകുലുക്കിയ ഒരു ആരോപണം അദ്ദേഹത്തിന് നേരിടേണ്ടിവന്നത്.

കാല്‍മുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞ് ഹോട്ടല്‍ മുറിയില്‍ താമസിക്കവെ ഒരു യുവതിയെ ബലാത്സംഗം ചെയ്തു എന്നതായിരുന്നു ആരോപണം. ബലാത്സംഗം എന്ന ആരോപണമാണ് കോബെയെ തകര്‍ത്തുകളഞ്ഞത്. താന്‍ തന്റെ ഭാര്യയോട് തെറ്റ് ചെയ്തു എന്ന് തുറന്നു സമ്മതിച്ച കോബെ താന്‍ ആ യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ല എന്ന് വ്യക്തമാക്കി.

ഈ ആരോപണം കുടുംബത്തില്‍ മാത്രമല്ല കോബെയുടെ കരിയറിലും വിള്ളലുകള്‍ വീഴ്ത്തി. സ്‌പോണ്‍സര്‍മാര്‍ അദ്ദേഹത്തെ ഒഴിവാക്കി. സമൂഹത്തിന് മുമ്പില്‍ നിന്ദിക്കപ്പെട്ടവനും പരിഹാസ്യനുമായി. എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ട് പരിത്യക്തനും നിന്ദിതനുമായി കഴിഞ്ഞ അക്കാലത്താണ് കത്തോലിക്കാവിശ്വാസത്തിന്റെ ശ്രേഷ്ഠത അദ്ദേഹം തിരിച്ചറിഞ്ഞത്. പ്രാര്‍ത്ഥിക്കുക മാത്രമേ കോബെയ്ക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ. താന്‍ ചെയ്യാത്ത പ്രവൃത്തി ചെയ്തു എന്ന മട്ടിലുള്ള ആരോപണമാണ് കോബെയെ തകര്‍ത്തുകളഞ്ഞത്.

ജയിലില്‍ പോകേണ്ടിവരുമോയെന്നായിരുന്നു ഭയം. ഇനിയുള്ള ജീവിതം മുഴുവന്‍ ജയിലില്‍ കഴിയേണ്ട കുറ്റമായിരുന്നു അത്. ഒരു കത്തോലിക്കാ പുരോഹിതനായിരുന്നു കോബെയെ ആശ്വസിപ്പിക്കാനുണ്ടായിരുന്നത്.  ആരോപിച്ച കുറ്റം ചെയ്തിട്ടുണ്ടോയെന്നായിരുന്നു അച്ചന്റെ ചോദ്യം. ഇല്ല എന്ന് മറുപടി പറഞ്ഞപ്പോള്‍ അച്ചന്‍ ചോദിച്ചു നിങ്ങള്‍ക്ക് നല്ലൊരു വക്കീലുണ്ടോ? എങ്കില്‍ ദൈവത്തിന്റെ കൈകളിലേക്ക് കാര്യങ്ങള്‍ സമര്‍പ്പിച്ച് മുന്നോട്ടുപൊയ്‌ക്കോളൂ. ദൈവം നിങ്ങളെ രക്ഷിക്കും .

അതൊരു നിര്‍ണ്ണായകമായ വഴിത്തിരിവായിരുന്നു കോബെയെ സംബന്ധിച്ചിടത്തോളം. ഒരു വര്‍ഷത്തിന് ശേഷം നീതിപീഠം ബലാത്സംഗക്കുറ്റം തള്ളിക്കളഞ്ഞു.കോടതിയ്ക്ക് വെളിയില്‍ വച്ച് ആ സ്ത്രീയും കോബെയും തമ്മില്‍ അനുരഞ്ജനത്തിലെത്തി.

മാത്രവുമല്ല കോബെ ഒരു പരസ്യമായി ഖേദ പ്രസ്താവനയും നടത്തി. ആടിയുലഞ്ഞ വിവാഹബന്ധം വീണ്ടും സുഗമമായി മുന്നോട്ടുപോയി. അവര്‍ക്ക് രണ്ടാമതും ഒരു കുട്ടി പിറന്നു. അതേ അവസരത്തില്‍ ഭാര്യ വിവാഹമോചനത്തിന് കേസ് കൊടുത്തു.

പക്ഷേ ഭാഗ്യകരമെന്ന് പറയട്ടെ വീണ്ടും ഒരുമിച്ച് ജീവിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട് അവര്‍ കേസ് പിന്‍വലിക്കുകയാണുണ്ടായത്..ജീവിതത്തിലെ ഈ പ്രതിസന്ധികളിലെല്ലാം കത്തോലിക്കാ വിശ്വാസമാണ് തന്നെ രക്ഷിച്ചതെന്ന് കോബെ ആവര്‍ത്തിക്കുന്നു. തന്നെ സഹായിക്കാനെത്തിയ കത്തോലിക്കാ പുരോഹിതനെയോര്‍ത്തും കോബെ നന്ദി പറയുന്നു,

ക്രിസ്തുവും അവിടുത്തെ സഭയും എപ്പോഴും നമ്മെ സഹായിക്കാനായി കൂടെയുണ്ട്. കോംബെ ഓര്‍മ്മിപ്പിക്കുന്നു. പ്രത്യേകിച്ച് നമ്മുടെ ജീവിതത്തിലെ ഇരുണ്ടരാത്രികളില്‍..

You must be logged in to post a comment Login