ജീസസ് യൂത്തിന്‌ വത്തിക്കാന്റെ അംഗീകാരം മെയ് 20 ന്

ജീസസ് യൂത്തിന്‌ വത്തിക്കാന്റെ അംഗീകാരം മെയ് 20 ന്

കൊച്ചി: ജീസസ് യൂത്തിനെ കാനന്‍ നിയമസാധുകളോടെ അത്മായരുടെ സംഘടനയായി അംഗീകരിച്ചുകൊണ്ടുള്ള വത്തിക്കാന്റെ ബഹുമതി മെയ് 20 ന് ലഭിക്കും. കേരളത്തില്‍ ആരംഭിച്ച് ഇന്ന് മുപ്പത്തിയഞ്ചോളം രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ജീസസ് യൂത്തിന് ലഭിക്കുന്ന ചരിത്രനേട്ടം കൂടിയാകും ഇത്.

ഭാരതത്തില്‍ നിന്നും ആദ്യമായാണ് ഒരു അത്മായ സംഘടനക്ക് ഈ നേട്ടം  ലഭിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. കൂടാതെ ഈ ബഹുമതി ലഭിക്കുന്ന ഏഷ്യയിലെ രണ്ടാമത്തെ സംഘടന കൂടിയാണ് ജീസസ് യൂത്ത്. മനിലയില്‍ 1981 ല്‍ ആരംഭിച്ച കപ്പിള്‍സ് ഓഫ് ക്രൈസ്റ്റ് എന്ന സംഘടനക്കാണ് ഏഷ്യയില്‍ ആദ്യം ഈ അംഗീകാരം ലഭിച്ചത്.

കേരളത്തിലുണ്ടായ കരിസ്മാറ്റിക് മുന്നേറ്റത്തിന്റെ ചുവടുപിടിച്ച് എഴുപതുകളുടെ മദ്ധ്യത്തില്‍ ആരംഭിച്ച ജീസസ് യൂത്തിന്റെ നേതൃത്വത്തില്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥനാ കൂട്ടായ്മ, മീഡിയ മിനിസ്ട്രി, ഡോക്ടര്‍ മിനിസ്ട്രി, പ്രൊഫൈല്‍ മിനിസ്ട്രി, നേഴ്‌സസ് മിനിസ്ട്രി, ഇടവകാ മിനിസ്ട്രി, മ്യൂസിക് മിനിസ്ട്രി, ടീന്‍സ് മിനിസ്ട്രി, എന്നീ ശുശ്രൂഷകളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 2008 ല്‍ സംഘടനക്ക് സിബിസിഐയുടെ ഒദ്യോഗിക അംഗീകാരം ലഭിച്ചു. 2009 മുതലാണ് ജീസസ് യൂത്തിന് പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കാനുള്ള ഔദ്യോഗിക ശ്രമങ്ങള്‍ ആരംഭിച്ചത്.

ജീസസ് യൂത്തിനെ അത്മായരുടെ അന്താരാഷ്ട്ര കൂട്ടായ്മയായി അംഗീകരിച്ചു കൊണ്ടുള്ള വത്തിക്കാനില്‍ നിന്നുള്ള ഉത്തരവ് പിന്നീട് കൈമാറുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. 30 വര്‍ഷങ്ങളായുള്ള നിതാന്ത പരിശ്രമത്തിന്റെയും കൂട്ടായ്മയുടെയും വിജയമാണിതെന്ന് ജീസസ് യൂത്തിന്റെ ഇന്റര്‍നാഷണല്‍ കോഓര്‍ഡിനേറ്റര്‍ സിസി ജോസഫ് പറഞ്ഞു. ജീസസ് യൂത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാവരോടും സംഘടനയുടെ ഭാരവാഹികളോടും അദ്ദേഹം തന്റെ നന്ദി അറിയിച്ചു.

You must be logged in to post a comment Login