ജൂലൈ 31ന് പീഡനമേല്‍ക്കുന്ന ക്രൈസ്തവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ സീറോ മലബാര്‍ സഭയുടെ ആഹ്വാനം

ജൂലൈ 31ന് പീഡനമേല്‍ക്കുന്ന ക്രൈസ്തവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ സീറോ മലബാര്‍ സഭയുടെ ആഹ്വാനം

കൊച്ചി: ക്രൈസ്തവ വിശ്വാസത്തിനും ലോകസമാധാനത്തിനുമെതിരെയുണ്ടാകുന്ന വെല്ലുവിളികളുടെയും അതിക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ ജൂലൈ 31 ഞായറാഴ്ച സീറോ മലബാര്‍ സഭയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും പ്രത്യേക പ്രാര്‍ഥന നടത്താന്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു.

സമീപകാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ ആശങ്കയുണര്‍ത്തുന്നതാണെന്നു മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. കഴിഞ്ഞ ദിവസം വടക്കന്‍ ഫ്രാന്‍സിലെ ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിച്ചുകൊണ്ടിരുന്ന വൈദികന്‍ ഷാക് ഹാമല്‍ മൃഗീയമായി കൊല്ലപ്പെട്ട സംഭവം ലോകമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. അടുത്തകാലത്തു ഫ്രാന്‍സില്‍ത്തന്നെ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. ഈ അക്രമങ്ങളില്‍ നൂറോളം പേര്‍ മരണമടഞ്ഞത് ഓര്‍മിക്കേണ്ടതാണ്.

യമനിലെ ഏഡനില്‍ പൗരോഹിത്യശുശ്രൂഷയിലായിരുന്ന ഫാ. ടോം ഉഴുന്നാലിലിന്റെ തിരോധാനം സംഭവിച്ചിട്ട് അഞ്ചു മാസമാവുന്നു. ഇദ്ദേഹത്തെക്കുറിച്ച് വ്യക്തമായ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നത് ഉത്കണ്ഠ ഉളവാക്കുന്നു. ഈ അവസരത്തില്‍ തന്നെ മിഷനറീസ് ഓഫ് ചാരിറ്റീസ് സമൂഹത്തിലെ നാലു സന്യാസിനികള്‍ ഉള്‍പ്പടെ പന്ത്രണ്ടു പേര്‍ കൊല്ലപ്പെട്ടതും മറക്കാവുന്നതല്ല. അച്ചന്റെ മോചനത്തിനായി വത്തിക്കാനും ഭാരതസര്‍ക്കാരും സിബിസിഐയും സലേഷ്യന്‍ സഭയും പരിശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്. ക്രൈസ്തവ വിശ്വാസത്തിലും അതിന്റെ പൈതൃകത്തിലും ജീവിക്കുന്നവരെ വശത്താക്കി തീവ്രവാദ, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു പ്രേരിപ്പിക്കുന്ന സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ത്തന്നെ ഉണ്ടാകുന്നുവെന്നതും ഗൗരവമായി കാണേണ്ടതുണ്ട്.

മതവിശ്വാസത്തെ തീവ്രവാദത്തിനുപയോഗിക്കുന്ന ഒരുവിഭാഗം ആളുകളുടെ ക്രൂരതയ്ക്കു മനുഷ്യസമൂഹം തലകുനിച്ചുനില്‍ക്കേണ്ട സാഹചര്യം ദയനീയമാണ്. മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന പൊതുസമൂഹത്തില്‍, വിശ്വാസജീവിതം മുറുകെപ്പിടിക്കുന്നവര്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളെ ശക്തമായി അപലപിക്കേണ്ടിയിരിക്കുന്നു. ഇത്തരം പ്രവണതകളെ സൂക്ഷ്മതയോടെ വീക്ഷിക്കാനും മതേതര മൂല്യങ്ങള്‍ മുറുകെപ്പിടിക്കാനും എല്ലാ മതങ്ങളിലുമുള്ള വിശ്വാസികള്‍ക്കു സംരക്ഷണം നല്‍കാനും ഭരണകര്‍ത്താക്കള്‍ക്കു കടമയുണ്ട്.

വിശ്വാസികള്‍ക്കുനേരെയുണ്ടാകുന്ന അതിക്രമങ്ങളുടെ പേരില്‍ മതവൈരമോ പരസ്പര വിദ്വേഷമോ വളര്‍ത്താതിരിക്കാന്‍ ഏവരും ശ്രദ്ധിക്കണം. തുടര്‍ച്ചയായി നടക്കുന്ന ഇത്തരം സംഭവങ്ങളില്‍ ഭയപ്പെടാതെ വിശ്വാസബോധ്യത്തോടെ ഇതിനെ നോക്കിക്കാണാനാണു ക്രൈസ്തവര്‍ ശ്രദ്ധിക്കേണ്ടത്. നിരവധി പ്രതിസന്ധികളെ തരണം ചെയ്തു വളര്‍ന്നതാണു ക്രൈസ്തവവിശ്വാസം. വിശ്വാസം എന്നും സംരക്ഷിക്കപ്പെടാനും സഹനങ്ങളെ ധീരതയോടെ ഏറ്റെടുക്കാനും ലോകമെങ്ങും പീഡനമനുഭവിക്കുന്നവരുടെയും മറ്റെല്ലാ വിശ്വാസികളുടെയും സുസ്ഥിതിക്കു വേണ്ടിയും തീക്ഷ്ണമായി പ്രാര്‍ഥിക്കണം.

You must be logged in to post a comment Login