ജെസ്മിമാരോട് പറയാനുള്ളത്…

ജെസ്മിമാരോട് പറയാനുള്ളത്…
മുറിവേറ്റ മൃഗത്തെ സൂക്ഷിക്കണം. അതാണേറ്റവും അപകടകാരി എന്ന് രണ്ടാമൂഴത്തില്‍ എഴുതിയത് എംടി വാസുദേവന്‍ നായരാണ്. ഉള്ളില്‍ ക്ഷതങ്ങളുമായി നടക്കുന്നവര്‍ പിന്നീട് വലിയ നാശം വിതയ്ക്കുന്നു എന്നതിന് പലപ്പോഴും ചരിത്രം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ എല്‍ടിടിഇ യുടെ കഥ തന്നെ എടുക്കുക. ഓരോരുത്തര്‍ക്കും പറയാനുണ്ട്, അവര്‍ ഏറ്റു വാങ്ങിയ മുറിവുകളുടെ കഥ. ആ വ്രണങ്ങള്‍ ഉണങ്ങാതെ കാത്തുവച്ച് അവര്‍ അതിനെ പകയും ക്രൂരതയും ആക്കി മാറ്റി. മനുഷ്യത്വം തീരെ അറ്റു പോകും വിധം ക്രൂരത കൊണ്ട് അവര്‍ ഒരു കാലത്ത് ഭയം നിറച്ചു.
ഇതില്‍ രണ്ടു ഘടകങ്ങളുണ്ട്. ഒന്ന് ആ മുറിവുണക്കാന്‍ ആര്‍ക്കൊക്കെയോ ശ്രമിക്കാമായിരുന്നു. കൃത്യ സമയത്ത് മുറിവുണക്കാനും അവരെ സമാധാനത്തിലേക്ക് തിരികെ നയിക്കാനും ഉള്ള വിവേകം ആരെങ്കിലും കാണിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ, അവരുടെ മൃഗീയമായ പരിണാമത്തിന് തടയിടാമായിരുന്നു. കുറച്ചു കൂടി വ്യക്തമായി പറയുകയാണെങ്കില്‍ മുറിവേറ്റവരെ പുറംതള്ളുക കൂടി ചെയ്യുമ്പോള്‍ അവര്‍ കൂടുതല്‍ ക്രൂരതയോ പകയോ ഉള്ളവരായി തീരുകയാണ് ചെയ്യുന്നത്.
(സിസ്റ്റര്‍) ജെസ്മി എഴുതിയ പുതിയ നോവല്‍ പുറത്തു വരുന്നതുമായി ബന്ധപ്പെട്ടുള്ള അഭിമുഖങ്ങള്‍ കത്തോലിക്കാ സഭയ്ക്ക് എതിരാണെന്നുള്ള കാരണത്താല്‍ തന്നെ മാധ്യമങ്ങളില്‍, പ്രത്യേകിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രാധാന്യം ലഭിക്കുന്നതു കാണുന്നു. ഒരു തരത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ സഭയ്‌ക്കെതിരായ ആരോപണങ്ങളെ ആഘോഷിക്കാന്‍ കാത്തു നില്‍ക്കുകയാണ് എന്നോര്‍ക്കണം. ജെസ്മിയുടെ അഭിമുഖത്തിലൂടെ നിഷ്പക്ഷതയോടെ കടന്നു പോകുമ്പോള്‍ മനസിലാകുന്ന ഒരു കാര്യം അവരുടെ ഉള്ളില്‍ സഭാധികാരികളിലാരില്‍ നിന്നോ ക്ഷതമേറ്റിറ്റുണ്ട് എന്നതാണ്. (മാനസിക വൈകല്യം ആരോപിച്ച് അവരെ നിര്‍ബന്ധിച്ച് മരുന്നു കഴിപ്പിക്കാന്‍ ശ്രമമുണ്ടായി എന്ന് അവര്‍ പറയുന്നുണ്ട്). ആരൊക്കെയോ നിരുത്തരവാദപൂര്‍വം ഏല്‍പിച്ച ആ ക്ഷതം പക്ഷേ, കത്തോലിക്കാ സഭയോടു മുഴുവനുമുള്ള ഒരു പകയായി മാറിയിരിക്കുന്നു.
ക്ഷതം രണ്ടു തരമുണ്ട്. ഉള്ളില്‍ ഉണങ്ങാതെ കിടന്ന്, വളര്‍ന്ന് പിന്നെ ഉണങ്ങാമുറിവായി നീറിക്കിടക്കുന്ന, വിഷം വമിക്കുന്ന ക്ഷതം. മറ്റൊന്ന് ക്രിസ്തുവിന്റെ മുറിവു പോലെ രക്ഷാകരമായ ക്ഷതം. അവര്‍ ചെയ്തത് എന്തെന്ന് അവര്‍ അറിയുന്നില്ലെ എന്ന് മനസ്സിലാക്കി അവരുടെ വീഴ്ചകളോട് ക്ഷമിക്കുന്ന യേശുവിന്റെ ക്ഷതം ഉണങ്ങിപ്പോവുകയും അത് ക്ഷമയുടെയും സൗഖ്യത്തിന്റെയും നീരുവ ആകുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ തിരുമുറിവുകളോട് ചേര്‍ത്തു വയ്ക്കുന്ന എല്ലാ മുറിവുകളും സൗഖ്യം പകരുന്ന ക്ഷതങ്ങളായി മാറുന്നു.
ജെസ്മി ചെയ്യുന്ന ഗൗരവതരമായ ഒരു തെറ്റ് അവരുടെ (ദുര്‍) അനുഭവങ്ങളെ സാമാന്യവല്‍ക്കരിച്ചു എന്നതാണ്. കുറേ പെണ്ണുങ്ങള്‍ കൂട്ടം കൂടി ഒരുമിച്ചു താമസിക്കുന്ന ഇടം എന്ന് കന്യാമഠങ്ങളെ വിളിക്കുമ്പോള്‍ ചരിത്രത്തിനും യാഥാര്‍ത്ഥ്യത്തിനും നേരെ നിരുത്തരവാദ പരമായി കണ്ണടക്കുകയാണ് അവര്‍ ചെയ്യുന്നത്. ഒരു പക്ഷേ, കൂട്ടം കൂടി വെറുതെ താമസിക്കുന്ന ‘പെണ്ണുങ്ങളെ’  മാത്രമേ ജെസ്മി കണ്ടിട്ടുണ്ടാവുകയുള്ളൂ. എന്നാല്‍ നൂറ്റാണ്ടുകളായി കത്തോലിക്കാ സഭ സാക്ഷ്യം വഹിച്ചിരിക്കുന്നത് വിശുദ്ധിയും ത്യാഗവും പ്രാര്‍ത്ഥനയും നിറഞ്ഞ് മനുഷ്യവംശത്തിന് നന്മയായി മാറുന്ന കന്യാസ്ത്രീകളുടെയും കന്യാമഠങ്ങളുടെയും ചരിത്രമാണ്. വി. കൊച്ചു ത്രേസ്യയും അല്‍ഫോന്‍സാമ്മയും എവുപ്രാസ്യാമ്മയുമെല്ലാം വെറുതെ ജീവിച്ചു കടന്നു പോയ വെറും പെണ്ണുങ്ങള്‍ ആയിരുന്നില്ല. അവരുടെ വിശിഷ്ടമായ ജീവിത രീതികള്‍ പ്രസരിപ്പിച്ച സുഗന്ധം ആയിരക്കണക്കിന് മനുഷ്യര്‍ക്ക് പ്രത്യാശയും നന്മയും പകര്‍ന്നു കൊടുത്തവയാണ്.
വിശുദ്ധരായ എത്രയോ കന്യാസ്ത്രീകള്‍ ഇന്നും കേരളത്തില്‍ തന്നെയുണ്ട്. കേരളത്തിലുള്ള മിണ്ടാമഠങ്ങളില്‍ ജീവിക്കുന്ന കന്യാസ്ത്രീകളുടെ മുഖങ്ങളില്‍ പ്രസരിക്കുന്ന ദിവ്യചൈതന്യവും അവര്‍ പ്രസരിപ്പിക്കുന്ന ഊര്‍ജവും എവിടെ നിന്നു വരുന്നു എന്നു കൂടി ചിന്തിക്കണം. അവരുടെ സമര്‍പ്പണത്തില്‍ നിന്നും ഒഴുകുന്ന ചൈതന്യമാണത്. വെറും ഒരു കൂട്ടം പെണ്ണുങ്ങള്‍ താമസിക്കുന്ന ഇടമല്ല, അത്. സമര്‍പ്പിത ജീവിതത്തിന് അതിന്റേതായ മഹത്വവും ചൈതന്യവും ഉണ്ട്. കേരളത്തിലുള്ള എല്ലാ കന്യാസ്ത്രീകളെയും കണ്ടു സംസാരിച്ചിട്ടാണോ ജെസ്മി ഇങ്ങനെ ഒരഭിപ്രായം രൂപീകരിച്ചത്? ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവല്ക്കരിക്കുന്നതിന്റെ അപകടമാണിത്.
കത്തോലിക്കാ സഭ എന്നു പറയുന്നത് കേവലം ഒരു വൈദികനോ ഒരു കന്യാസ്ത്രീയോ ഒരു അല്‍മായനോ അല്ല. കോടാനുകോടി മനുഷ്യരുടെ വിശ്വാസ പാരമ്പര്യമാണ്. ഒരു വൈദികനോ ഒരു കന്യാസ്ത്രീയോ ചെയ്ത തെറ്റിന് കത്തോലിക്കാ സഭയെ അടച്ച് ആക്ഷേപിക്കുന്നതും സഭയാകെ ജീര്‍ണിച്ചിരിക്കുന്നു എന്നു പറയുന്നതും ശരീരത്തില്‍ ഒരു കുരുവോ വ്രണമോ വന്നതു കൊണ്ട് ഒരു മനുഷ്യന്‍ മുഴുവനും ദുഷിച്ചു പോയിരിക്കുന്നു എന്നു പറയുന്നതു പോലെയാണ്. ബാധിച്ച കുരുവിനെ സൗഖ്യമാക്കുകയാണ് വേണ്ടത്. മറ്റു ശരീര ഭാഗങ്ങളിലേക്ക് പടരാന്‍ സാധ്യതയുള്ള രോഗമാണ് ബാധിച്ചിരിക്കുന്നതെങ്കില്‍ അത് തടയാനുള്ള നടപടിയാണ് എടുക്കേണ്ടത്. അല്ലാതെ ശരീരം മുഴുവനായും ആരും കത്തിച്ചു കളയാറില്ലല്ലോ.
സഭയില്‍ യേശു ഇല്ല എന്ന് ജെസ്മി ആരോപിക്കുന്നുണ്ട്. യേശുവിന്റെ സാന്നിധ്യമില്ലാത്ത പ്രവര്‍ത്തികളും സഭാംഗങ്ങളില്‍ നിന്നുണ്ടാകുന്നുണ്ടാകാം.  എന്നാല്‍ സഭയില്‍ യേശു ഇന്നും ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. യേശുവിന്റെ ശിഷ്യന്‍മാര്‍ പന്ത്രണ്ടു പേരായിരുന്നു. അവരില്‍ ഒരാള്‍ യൂദാസ് സ്‌കറിയോത്താ ആയിരുന്നു എന്നതു കൊണ്ട് എല്ലാ ശിഷ്യന്മാരും മോശക്കാരായിരുന്നു എന്നു പറയുന്നതു പോലെയാണ് ജെസ്മിയുടെ വാദം.
കത്തോലിക്കാ സഭയെ ആക്രമിക്കാന്‍ വെമ്പല്‍ കൊണ്ടു നില്‍ക്കുന്ന ഒരു പൊതു സമൂഹത്തിലേക്ക് ഇത്തരം ചര്‍ച്ചകള്‍ വലിച്ചിഴക്കപ്പെടാന്‍ ഇട കൊടുത്തത് ജെസ്മി ചെയ്ത വലിയ അവിവേകമാണ്. സോഷ്യല്‍ മീഡിയ പോലുള്ള വേദികളില്‍ ജെസ്മിയുടെ വാക്കുകള്‍ സഭയെ താറടിച്ചു കാണിക്കാനുള്ള ഒരവസരമായി മാറുന്നുവെന്നത് ദുഖകരമാണ്. സഭയെയും ക്രിസ്തുവിനെയും ആത്മാര്‍ത്ഥമായ സ്‌നേഹിക്കുന്ന ഒരാള്‍ക്ക് അങ്ങനെ ചെയ്യാനാവില്ല. സഭയെ ആക്രമിക്കുന്നതിലൂടെ ലഭിക്കുന്ന പ്രശസ്തിയാണോ ജെസ്മി ലക്ഷ്യം വയ്ക്കുന്നത് എന്നു ആരെങ്കിലും സംശയിച്ചാല്‍ തെറ്റു പറയാനുമാകില്ല. കാരണം, ആമേന്‍ തുടങ്ങിയുള്ള സഭാവിരുദ്ധ രചനകള്‍ വഴി ലഭിക്കുന്ന പ്രശസ്തി ആഘോഷിക്കാനും അതിന്റെ പിന്നാലെ വരുന്ന നേട്ടങ്ങളെല്ലാം കൊയ്യാനുമുള്ള ശ്രമങ്ങളും കണ്ടില്ലെന്ന് നടിക്കാനാവില്ലല്ലോ.
ഉറങ്ങിക്കിടക്കുന്ന നേരത്ത് അപ്പന്റെ വസ്ത്രത്തിന് സ്ഥാനചലനം സംഭവിച്ചാല്‍ അത് നാട്ടുകാരോടെല്ലാം വിളിച്ചു പറഞ്ഞ് അവരെയെല്ലാം വിളിച്ച് പിതാവിന്റെ നഗ്നത കാണിച്ച് ആഘോഷിക്കുന്ന മകനെ നാം എന്തു വിളിക്കും? അപ്പന്റെയും അമ്മയുടെയും നഗ്നത നമ്മുടെ നഗ്നത തന്നെയാണ്. ആ വസ്ത്രമെടുത്തു ആ നഗ്നത മൂടുക എന്നതാണ് വിവേകിയായ മകന്‍ എന്ന നിലയില്‍ ചെയ്യാനുള്ളത് എന്ന് ബൈബിള്‍ തന്നെ പറയുന്നുണ്ടല്ലോ!

2 Responses to "ജെസ്മിമാരോട് പറയാനുള്ളത്…"

 1. tinurosefrancis   July 14, 2016 at 12:35 am

  ഇത്തരത്തിൽ ഒരു വാർത്ത സാമൂഹിക മാധ്യങ്ങളിൽ പ്രചരിക്കുന്ന കണ്ടപ്പോൾ സഭ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്നു ആലോചിച്ചു. പിന്നീട് ചിന്തിച്ചപ്പോൾ ഇത്തരത്തിലുള്ള പുഴുക്കുത്തുകൾക്കെതിരെ എന്തിനു സഭ പ്രതികരിക്കണം എന്നാണ് തോന്നിയത്. സഭ ആരംഭം മുതൽ പ്രതിസന്ധികളും അപവാദങ്ങളും അതിജീവിച്ചാണ് മുന്നോട്ടു പോയിട്ടുള്ളത്. കുപ്രചാരണങ്ങളുമായി മുന്നിട്ടിറകുന്നവർക്ക് മുന്നിൽ ന്യായികരണങ്ങൾ നിരത്തി താൻ ശരിയാണെന്നു സ്ഥാപികേണ്ടതിന്റെ ആവശ്യമില്ല.

  ” Love is patient and kind; love does not envy or boast; it is not arrogant or rude. It does not insist on its own way; it is not irritable or resentful; it does not rejoice at wrongdoing, but rejoices with the truth. Love bears all things, believes all things, hopes all things, endures all things.”

  മിശിഹായുടെ സ്നേഹമാണ് സഭ, അവിടുത്തെ സ്നേഹത്തിൽ പരിഭവങ്ങൾക്കും പരാതികൾക്കും സ്ഥാനമില്ല.പൗരോഹിത്യത്തിലും സമർപ്പിതജീവിതത്തിലും ആത്മായജീവിതത്തിലും മരുഭൂമി അനുഭവങ്ങൾ സ്വാഭാവികം. പ്രതികൂലസാഹചര്യങ്ങളിലും സ്വയം തിരഞ്ഞെടുത്ത ജീവിതത്തിൽ ഉറച്ചു നിൽക്കാനുള്ള ആർജ്ജവവും സ്ഥൈര്യവും കാണിക്കാതെ അതിൽനിന്നും തെന്നിമാറിയതിനുപിന്നിൽ അപരന്റെ കുറവുകൾ ആണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നടത്തുന്ന ഇത്തരം നാടകങ്ങൾക്കെതിരെ സഭയെന്തിന് പ്രതികരിക്കണം.ജീവനും ജീവിതവും നല്‌കിയ മാതാപിതാക്കൾക്കെതിരെ കോടതികൾ കയറുന്ന മക്കളുള്ള കാലത്തു ജീവിക്കുമ്പോൾ ഇത്തരത്തിൽ സ്വന്തം മുഖത്തു തുപ്പുന്ന ജെസ്മിമാർ ഉണ്ടാകുക തന്നെ ചെയ്യും. ആയിരങ്ങളും പതിനായിരങ്ങളും ആവശ്യമില്ല ആഴത്തിൽ പതിച്ച വിശ്വാസവും സ്നേഹത്തിൽ ക്രമപ്പെടുത്തിയ ജീവിതവുമുള്ള പത്തുപേർ മതി സഭ വിശുദ്ധമാകാൻ…… ടിനുറോസ്

 2. thomson.eluvathingal5   July 14, 2016 at 7:16 pm

  ഇവരല്ലേ അടിവസ്ത്രം കുറവായിരുന്നു മഠത്തിലായിരുന്നപ്പോൾ എന്നു പരാതി ചാനൽ ചർച്ചയിൽ പറഞ്ഞു ഖേദിച്ചത്
  സഹനം ,ദാരിദ്ര്യം ,അനുസരണ …….സന്ന്യാസ വ്രത പ്രതിജ്ഞ എടുത്തു തന്നെയല്ലേ ഇവർ കന്യക സ്ത്രീ ആയത്

You must be logged in to post a comment Login