‘ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം’, നമ്മുടേതും….

‘ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം’, നമ്മുടേതും….

വീടുകള്‍ വെറും കെട്ടിടങ്ങളും കുടുംബങ്ങള്‍ കേവലം വ്യവസ്ഥാപിത സ്ഥാപനങ്ങളുമായി മാറിക്കൊണ്ടിരിക്കുകയാണോ എന്ന സന്ദേഹത്തിനിടയിലാണ് വിനീത് ശ്രീനിവാസന്‍-നിവിന്‍ പോളി കൂട്ടുകെട്ടില്‍ ആറംഗ കുടുംബത്തിന്റെ കഥയുമായി എത്തിയ ‘ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം’ തിയേറ്ററുകള്‍ കീഴടക്കുന്നത്. കുടുംബചിത്രമെന്നും പതിവുഫോര്‍മുലയെന്നും അതിനാല്‍ത്തന്നെ ക്ലീഷേയാണെന്നുമൊക്കെയുള്ള പരാതികള്‍ കേള്‍ക്കാമെങ്കിലും സുഖമുള്ള അത്തരം ക്ലീഷേകള്‍ക്ക്, അതെത്ര ആവര്‍ത്തിച്ചാലും സൗന്ദര്യമുണ്ടെന്ന് മനസ്സിലാക്കിത്തരും യഥാര്‍ത്ഥ ജീവിതകഥയെ ആസ്പദമാക്കിയുള്ള ‘ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം’. ചിത്രത്തിന്റെ സാങ്കേതിവശങ്ങളെക്കുറിച്ചല്ല പറഞ്ഞുവരുന്നതും. അവയെക്കാളുപരി കുടുംബത്തിന്റെ മൂല്യവും, മഹത്വവും കാണിക്കുന്ന ചിത്രമാണിത്

“ഓരോരുത്തര്‍ക്കും അവന്റെ കുടുംബമാണ് സ്വര്‍ഗ്ഗരാജ്യം” എന്ന അജു വര്‍ഗ്ഗീസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഒരൊറ്റ ഡയലോഗില്‍ത്തന്നെ ഈ കുടുംബചിത്രത്തിന്റെ കഥാതന്തു ഉള്‍ച്ചേര്‍ന്നിരിക്കുന്നു. കുടുംബം, അവിടുത്തെ കുറുമ്പുകള്‍, സന്തോഷങ്ങള്‍, ഇത്തിരിപ്പിണക്കങ്ങള്‍, വിങ്ങലുകള്‍, ഉള്ളുലച്ചിലുകള്‍, പ്രതിസന്ധികള്‍, അതിജീവനങ്ങള്‍, അതിനിടയിലെ തമാശകള്‍ എല്ലാം ചേരുമ്പോള്‍ അറിയാതെ നമ്മുടെ വീടകങ്ങളിലേക്കും ഒന്നു നോക്കിപ്പോകും.

ജേക്കബ്ബും ഭാര്യയും നാലു മക്കളും- അതാണ് ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം. ‘ഞാന്‍ മിത്തലിനെ ചലഞ്ച് ചെയ്യാം, അംബാനിയെ ചലഞ്ച് ചെയ്യാം, യൂസഫലിയെ ചലഞ്ച് ചെയ്യാം, എന്റെ ഏറ്റവും വലിയ സമ്പാദ്യം മക്കളാണ്’, എന്ന ജേക്കബ്ബിന്റെ(രണ്‍ജി പണിക്കര്‍) വാക്കുകള്‍ പണത്തേക്കാള്‍, പ്രശസ്തിയേക്കാള്‍ അയാള്‍ കുടുംബത്തിനും മക്കള്‍ക്കും കൊടുക്കുന്ന പ്രാധാന്യം വ്യക്തമാക്കുന്നതാണ്. മക്കള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളും സൗഹൃദവും ശ്രദ്ധേയമാണ്. നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഒരാള്‍ മറ്റൊരാള്‍ക്ക് തണലായി മാറുന്നതും കാണാം.

മകള്‍ എംബിബിഎസ് പഠിക്കാനായി പോകുന്നതിനു മുന്‍പ് അവള്‍ക്ക് മറക്കാനാകാത്ത ഒരു ദിവസം സമ്മാനിക്കണമെന്ന് ആഗ്രഹിക്കുന്ന അപ്പന്‍, ആ സന്തോഷത്തിനിടയിലും ഇനിയൊരിക്കല്‍ എല്ലാവരും ഒന്നിച്ചുള്ള ഒരു പുറത്തുപോക്ക് ഉണ്ടാവില്ലല്ലോ എന്നാണ് ഉള്ളില്‍ വിലപിക്കുന്നത്. ഡിജിറ്റല്‍ ക്യാമറയില്‍ എടുക്കുന്ന നൂറ് ചിത്രങ്ങളേക്കാള്‍ അയാള്‍ വിലമതിക്കുന്നത് കുടുംബവുമൊന്നിച്ചുള്ള ഹൃദയത്തില്‍ പതിഞ്ഞ നിറമുള്ള ചിത്രങ്ങളാണ്.

എല്ലാ മാതാപിതാക്കളെയും പോലെ മക്കള്‍ തന്നെക്കാള്‍ വലിയവരായി മാറണമെന്നു സ്വപ്‌നം കാണുന്ന ജേക്കബ്ബ്, ആത്മവിശ്വാസവും കരുത്തുമുള്ള അമ്മ, സ്വപ്‌നം കാണാന്‍, കരുത്തുള്ളവരാകാന്‍ സത്യസന്ധരാകാന്‍ മക്കളെയും പഠിപ്പിക്കുന്നുണ്ട്. പ്രതിസന്ധികളെ ഒറ്റക്കെട്ടായി നിന്നുകൊണ്ടാണ് ജേക്കബ്ബിന്റെ കുടുംബം അതിജീവിക്കുന്നതും.

‘മനസ്സറിഞ്ഞ് അദ്ധ്വാനിക്കുന്നവന് ദൈവം പ്രതിഫലം നല്‍കും’ എന്ന് അമ്മ(ലക്ഷ്മി രാമകൃഷ്ണന്‍) മകന്‍ ജെറിയെ( നിവിന്‍ പോളി) ഉപദേശിക്കുന്നുണ്ട്. ഇനിയെന്തു ചെയ്യുമെന്ന ചോദ്യം മാത്രം ബാക്കി നില്‍ക്കേ കുടുംബമൊന്നാകെ പ്രതിസന്ധിഘട്ടത്തെ അതിജീവിക്കുന്നത് ദൈവവിശ്വാസവും പ്രായോഗിക ബുദ്ധിയും ഉള്‍ബലവുമുള്ള ആ അമ്മയുടെ കരുത്തില്‍ കൂടിയാണ്. ജേക്കബ്ബിന്റെ ഡ്രൈവറായ ടിജി രവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്തു വന്നാലും ഒട്ടും കുലുങ്ങില്ലാത്ത കുടുംബനാഥന്റെ അസാന്നിദ്ധ്യത്തിലും മക്കള്‍ക്ക് ബലം പകരുന്ന അമ്മ പ്രതിസന്ധിഘട്ടങ്ങളില്‍ കുടുംബത്തെ ചേര്‍ത്തുനിര്‍ത്തുന്ന എല്ലാ അമ്മമാരുടേയും പ്രതിനിധി കൂടിയാണ്.

കച്ചവടത്തിലെ സത്യത്തെക്കുറിച്ചും ധാര്‍മ്മികതയെക്കുറിച്ചും ഉപദേശിക്കുന്നുമുണ്ട് ചിത്രം. സത്യസന്ധനായ ബിസിനസുകാരന്‍ അപ്പന്റെ സത്യസന്ധനായ മകനാകാന്‍ അമ്മ ഉപദേശിക്കുന്നിടത്ത് പ്രതിസന്ധിഘട്ടങ്ങളെ അതിജീവിച്ച് ജെറിയുടെ വിജയകഥ തുടങ്ങുകയാണ്. ആ സത്യസന്ധതക്കും നീതിബോധത്തിനും മനസ്സറിഞ്ഞുള്ള അദ്ധ്വാനത്തിനും ഒടുവില്‍ പ്രതിഫലം ലഭിച്ച് ശുഭപര്യവസായിയായി സിനിമ അവസാനിക്കുമ്പോള്‍ തങ്ങളുടെ കുടുംബവും ഒരു സ്വര്‍ഗ്ഗരാജ്യമാക്കി മാറ്റണമെന്ന് ചിന്തിക്കുന്ന പ്രേക്ഷകരെ സൃഷ്ടിക്കുന്നിടത്താണ് ചിത്രത്തിന്റെ നന്‍മ. അവധിക്കാലത്ത് സകുടുംബം കാണാന്‍ പറ്റിയ നന്‍മയുള്ള ചിത്രങ്ങളുടെ ശ്രേണിയില്‍ തീര്‍ച്ചയായും ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യവും ഉള്‍പ്പെടുത്താം.

അനൂപ സെബാസ്റ്റ്യന്‍

You must be logged in to post a comment Login