ജോണ്‍ പോള്‍ പാപ്പായ്‌ക്കെതിരായ ആരോപണം. വത്തിക്കാന്റെ വിശദീകരണം

ജോണ്‍ പോള്‍ പാപ്പായ്‌ക്കെതിരായ ആരോപണം. വത്തിക്കാന്റെ വിശദീകരണം

ജനശ്രദ്ധക്കു വേണ്ടി വികലമായ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാധ്യമ പക്വതയില്ലായ്മയുടെ കാലത്ത് അവര്‍ക്കു മുന്‍പില്‍ മറ്റൊരു ഇര കൂടി- ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ. അദ്ദേഹം ഒരു സ്ത്രീയുമായി ആത്മബന്ധം സ്ഥാപിച്ചിരുന്നെന്നും ഇവര്‍ പരസ്പരം കത്തുകള്‍ കൈമാറിയിരുന്നു എന്നുമുള്ള വെളിപ്പെടുത്തലുകളുമായി ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററി മാധ്യമലോകത്തും ജനങ്ങള്‍ക്കിടയിലും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. തന്റെ ബ്രഹ്മചര്യവ്രതത്തിനെതിരായി ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ യാതൊന്നും പ്രവര്‍ത്തിച്ചിട്ടില്ല എന്ന് ബിബിസി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇത്തരം അപക്വമായ വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യത്തെ മറച്ചുവെയ്ക്കുകയാണെന്നേ പറയാനൊക്കൂ.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ജന്‍മനാടായ പോളണ്ടില്‍ തന്നെ ജനിച്ചുവളര്‍ന്ന അന്ന തെരേസ ടിമിനിക്ക എന്ന സ്ത്രീയുമായുള്ള മാര്‍പാപ്പയുടെ സുഹൃത്ബന്ധമാണ് ഡോക്യുമെന്ററിക്ക് ആധാരം. തത്വചിന്തകയും അദ്ധ്യാപികയുമായിരുന്ന അന്ന തെരേസ ജോണ്‍ പോള്‍ പാപ്പക്ക് അയച്ചിരുന്ന കത്തുകളും അതിന് അദ്ദേഹം നല്‍കിയ മറുപടികളും ഡോക്യുമെന്ററിയില്‍ കാണിക്കുന്നുണ്ട്. 32 വര്‍ഷം നീണ്ട ആത്മബന്ധമായിരുന്നു ഇരുവരും തമ്മിലെന്നും അദ്ദേഹം ആര്‍ച്ച്ബിഷപ്പായിരിക്കെത്തന്നെ തുടങ്ങിയതായിരുന്നു ഈ സൗഹൃദമെന്നും ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയോട് അടുത്ത വൃത്തങ്ങള്‍ തന്നെ പറയുന്നുണ്ട്.

എന്നാല്‍ സുഹൃത്ബന്ധത്തെ രഹസ്യബന്ധമാക്കി ചിത്രീകരിക്കുന്ന മാധ്യമങ്ങളുടെ ലക്ഷ്യം സെന്‍സേഷണല്‍ വാര്‍ത്ത സൃഷ്ടിക്കുക എന്നതു മാത്രമാണെന്ന് വ്യക്തം. കപടസദാചാരത്തിനെതിരെ പല തവണ വാളോങ്ങിയിട്ടുള്ള അതേ മാധ്യമങ്ങള്‍ തന്നെ ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത് ഇരട്ടത്താപ്പു നയമാണ്. അല്ലെങ്കിലെന്തുകൊണ്ട് ഇവര്‍ മറ്റ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കിയ വിശദീകരണം ഗൗനിച്ചില്ല..?

അന്ന തെരേസ തന്റെ സ്വകാര്യ സ്വത്തായി സൂക്ഷിച്ചിരുന്ന കത്തുകള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മരണശേഷമാണ് പോളണ്ടിലെ നാഷണല്‍ ലൈബ്രറിക്ക് കൈമാറിയത്. മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും കത്തുകളിലെ ഉള്ളടക്കവുമായി ഇവയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും ലൈബ്രറി അധികൃതര്‍ തന്നെ പറയുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയും അന്നാ തെരേസയുമായുള്ള ബന്ധത്തില്‍ അസാധാരണമായും രഹസ്യാത്മകമായും ഒന്നുമില്ലെന്നും ഇവര്‍ വ്യക്തമാക്കി.

‘ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പക്ക് ഒരുപാട് സുഹൃത്തുത്തളുണ്ടായിരുന്നു. പുരുഷന്‍മാരും സ്ത്രീകളുമെല്ലാം ഇതില്‍ ഉള്‍പ്പെടും. അതു കേട്ട് ആരും ഞെട്ടേണ്ട കാര്യമില്ല’. വത്തിക്കാന്‍ മാധ്യമവിഭാഗം വൈസ് ഡയറക്ടര്‍ ഗ്രെഗ് ബെര്‍ക്ക് പറയുന്നു. ദീര്‍ഘകാലം ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലോ സിവിസ് പറയുന്നത് ഇങ്ങനെ: ‘ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സമയത്ത് ജീവിച്ചിരുന്നവര്‍ക്ക് അദ്ദേഹത്തെ നന്നായറിയാം. അതു കൊണ്ടു തന്നെ ഇത്തരം അപകീര്‍ത്തിപരമായ ആരോപണങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ല. ഏറെ സുതാര്യമായതും തുറവിയുള്ളതും വിശുദ്ധിയുള്ളതുമായ വ്യക്തിത്വമാിരുന്നു അദ്ദേഹത്തിന്റേത്. എല്ലാ സാഹചര്യങ്ങളിലുമുള്ള, എല്ലാത്തരത്തിലുമുള്ള ആളുകളെയും അദ്ദേഹം ബഹുമാനിച്ചിരുന്നു’.

നീണ്ട 10 വര്‍ഷക്കാലം ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സഹയാത്രികനായിരുന്ന പോളിഷ് വൈദികന്‍ മോണ്‍സിഞ്ഞോര്‍ പവേല്‍ താസ്‌നിക്ക് അന്ന തെരേസയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അംഗീകരിക്കുന്നു. ‘അത് വളരെ അടുത്ത സുഹൃത്ബന്ധമായിരുന്നു. അന്ന തെരേസ മാര്‍പാപ്പക്ക് സ്ഥിരമായി കത്തുകളെഴുതിയിരുന്നു. അദ്ദേഹം വളരെ മര്യാദയുള്ള മനുഷ്യനായതുകൊണ്ട് അവയ്‌ക്കൊക്കെ മറുപടിയും അയച്ചിരുന്നു’, മോണ്‍സിഞ്ഞോര്‍ പവേല്‍ താസ്‌നിക്ക് പറയുന്നു.

വസ്തുതകള്‍ പകല്‍ പോലെ വ്യക്തമായിരിക്കേ, വാര്‍ത്തകളെ പൈങ്കിളിവത്കരിച്ച് റേറ്റിങ്ങ് കൂട്ടാനുള്ള ഇത്തരം അന്തര്‍നാടകങ്ങള്‍ ഏതുതരം മാധ്യമധാര്‍മ്മികതയുടെ ഭാഗമാണ്..? ഏറെ ജനപ്രിയനും ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവുമധികം സ്വാധീനമുണ്ടായിരുന്ന വ്യക്തികളിലൊരാളുമായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ. ഏറ്റവും കുറഞ്ഞ കാലയളവു കൊണ്ട് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട മാര്‍പാപ്പയാണ് അദ്ദേഹം.  അദ്ദേഹത്തിന്റെ വിശുദ്ധിയെത്തന്നെ ചോദ്യം ചെയ്യുന്ന ഇത്തരം വാര്‍ത്തകള്‍ പൊതുസമൂഹത്തെയാകമാനം തെറ്റിദ്ധരിപ്പിക്കുകയാണ്. നേരറിവുകളല്ല, നേരില്ലാത്ത അറിവുകളാണ് ഇത്തരത്തില്‍ പൊതുജനങ്ങളിലേക്കെത്തുന്നത്. മാധ്യമഭാഷയും മാധ്യമധാര്‍മ്മികതയും ശുദ്ധീകരിക്കപ്പെടേണ്ടതാണ് എന്നതിന് ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം. ഇത്തരം മാധ്യമങ്ങള്‍ക്ക് അവരുടേതായ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ ഉണ്ടെന്നിരിക്കെ, ഇവയ്ക്കിടിയില്‍ നിന്നും നെല്ലും പതിരും തിരിച്ചറിയാനുള്ള വിവേകമാണ് നമുക്കു വേണ്ടത്.

You must be logged in to post a comment Login