ജോര്‍ജിയായില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും പാത്രിയാര്‍ക്കയും ഒരുമിച്ച് പ്രാര്‍ത്ഥിക്കില്ല

ജോര്‍ജിയായില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും പാത്രിയാര്‍ക്കയും ഒരുമിച്ച് പ്രാര്‍ത്ഥിക്കില്ല

ജോര്‍ജിയ: ഒക്ടോബര്‍ ഒന്നിന് ഫ്രാന്‍സിസ് മാര്‍പാപ്പ ജോര്‍ജിയയിലെ പാത്രിയാര്‍ക്ക കത്തീഡ്രലില്‍ പാത്രിയാര്‍ക്ക ഇലിയ രണ്ടാമനുമൊപ്പം തിരി കൊളുത്തുകയും പരസ്പരം അഭിവാദ്യം ചെയ്യുകയും ചെയ്യുമെങ്കിലും ഇരുവരും തമ്മില്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയില്ല. ഇരുവരും ഒരുമിച്ചുള്ള പ്രാര്‍ത്ഥന പ്രോഗ്രാം ചാര്‍ട്ടിലിലുമില്ല. പ്രബോധനപരമായ വ്യത്യാസം ജോര്‍ജിയന്‍ ഓര്‍ത്തഡോക്‌സും കത്തോലിക്കാ സഭയും തമ്മില്‍ ഉള്ളതിനാലാണ് പൊതുവായി ഇരു മേലധ്യക്ഷന്മാരും തമ്മിലുളള പ്രാര്‍ത്ഥന അസാധ്യമായിരിക്കുന്നതെന്ന് ഇതു സംബന്ധിച്ച പത്രക്കുറിപ്പ് വ്യക്തമാക്കി. എന്നാല്‍ സ്വീകരണച്ചടങ്ങുകള്‍ക്കോ ആതിഥേയത്വത്തിനോ യാതൊരു കുറവുമുണ്ടായിരിക്കുകയില്ല.

1999 നവംബറില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ജോര്‍ജിയാ സന്ദര്‍ശിച്ചപ്പോഴും ജോര്‍ജിയന്‍ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷനുമായി ഒരുമിച്ചൊരു പ്രാര്‍ത്ഥന നടത്തിയിട്ടുണ്ടായിരുന്നില്ല. ബര്‍ലിന്‍ മതില്‍ വീണതിന്റെ പത്താം വാര്‍ഷികവുമായി ബന്ധപ്പെട്ട് ജോണ്‍ പോള്‍ നടത്തിയ ആ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു. ജോര്‍ജിയന്‍ പ്രസിഡന്റായിരുന്നു ജോണ്‍ പോള്‍ രണ്ടാമനെ സ്വീകരിച്ചത്. സോവ്യറ്റ് യൂണിയന്റെ അവസാനകാലത്ത് മിഖായേല്‍ ഗോര്‍ബച്ചേവിന്റെ വിദേശകാര്യമന്ത്രിയായിരുന്നു അന്നത്തെ ജോര്‍ജിയന്‍ പ്രസിഡന്റ് എഡ്വാര്ഡ് ഷേര്‍വാര്‍ഡ്‌നാഡ്‌സ്.

എന്നാല്‍ വ്യത്യസ്തമായൊരു സാഹചര്യത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജോര്‍ജിയന്‍ സന്ദര്‍ശനം. കത്തോലിക്കാസഭ ഓര്‍ത്തഡോക്‌സ് സഭകളുമായി പൂര്‍ണ്ണമായ സംയോഗത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നു എന്നതിന്റെ പ്രത്യക്ഷമായ അടയാളമായിരുന്നു പാത്രിയാര്‍ക്ക ബര്‍ത്തലോമിയോയുമായുള്ള സാഹോദര്യസൗഹൃദബന്ധവും ഫ്രാന്‍സിസ് മാര്‍പാപ്പ ക്യൂബ സന്ദര്‍ശനവേളയില്‍ റഷ്യന്‍ പാത്രിയാര്‍ക്ക കിറിലുമായി നടത്തിയ കൂടിക്കാഴ്ചയും.

ജോര്‍ജിയന്‍ ഓര്‍ത്തഡോക്‌സ് സഭ തങ്ങളുടേതായ സഭാപാരമ്പര്യങ്ങളും നിയമങ്ങളും അണുവിട വ്യതിചലിക്കാതെ കാത്തുസൂക്ഷിക്കുന്നവരാണ്.  ഇത് പലപ്പോഴും ഓര്‍ത്തഡോക്‌സ് സഭകളിലെ തന്നെ സഹോദര സഭകളുമായുള്ള സഭൈക്യത്തിന് പലപ്പോഴും വിഘാതകാരിയായി മാറിയിട്ടുമുണ്ട്.

 

You must be logged in to post a comment Login