ജോസിന്റെ രക്തസാക്ഷിത്വം!

ജോസിന്റെ രക്തസാക്ഷിത്വം!

മദര്‍തെരേസയ്‌ക്കൊപ്പം വിശുദ്ധ പദത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന മെക്‌സിക്കന്‍ രക്തസാക്ഷി ജോസിന്റെ ജീവിതം.

മെക്‌സിക്കോ
1928 ഫെബ്രുവരി 10
വെള്ളി.

സമയം രാത്രി പതിനൊന്ന് മണിയാകാന്‍ ഏതാനും നിമിഷങ്ങള്‍ കൂടി… ആ ഇരുട്ടിലൂടെ അതാ തോക്കേന്തിയ ഏതാനും പട്ടാളക്കാര്‍ ഏതോ ഒരു ലക്ഷ്യത്തിലേക്കെന്നോണം നടന്നുനീങ്ങുന്നു. അവരുടെ മുമ്പിലായി കൊലക്കളത്തിലേക്ക് കൊണ്ടുപോകുന്ന കുഞ്ഞാടിനെ എന്ന പോലെ ഒരു പതിനാലുകാരന്‍. അവന്റെ ശരീരം മുഴുവന്‍ മുറിവുകളായിരുന്നു. അവന്റെ കാല്‍പാദങ്ങളിലെ തൊലി പട്ടാളക്കാര്‍ ചെത്തിയെടുത്തിട്ടുണ്ടായിരുന്നു.

അതുകൊണ്ട് കല്ലുകള്‍ നിറഞ്ഞ പെരുവഴിയിലൂടെ നടന്നുനീങ്ങുമ്പോള്‍ അവന്‍ ഏറെ വേദന അനുഭവിക്കുന്നുണ്ടായിരുന്നു. നടന്നുപോയ വഴികളിലെല്ലാം കല്ലിലും മുള്ളിലും അവന്റെ രക്തം വീണുകൊണ്ടേയിരുന്നു. എന്നിട്ടും അവന്‍ വിലപിക്കുന്നുണ്ടായിരുന്നില്ല. കരുണയില്ലാത്തവരോട് കരുണയ്ക്കായി അപേക്ഷിച്ചാല്‍ കണ്ണീരിനാണ് നാണക്കേട് എന്ന് അവനറിയാമായിരുന്നു മറ്റൊരു കാല്‍വരിയാത്രയെ അനുസ്മരിപ്പിക്കുന്ന വിധത്തിലെന്നോണം അവന്റെ അമ്മയും അവനെ പിന്തുടരുന്നുണ്ടായിരുന്നു.

മകന് ധൈര്യം നല്കുകയായിരുന്നു ആ അമ്മയുടെ ലക്ഷ്യം.അവര്‍ സെമിത്തേരിയിലെത്തി. പട്ടാളക്കാര്‍ തിടുക്കത്തില്‍ ഒരു കുഴി കുഴിക്കാന്‍ തുടങ്ങി. അത് തനിക്കുവേണ്ടിയുള്ള കുഴിമാടമാണെന്ന് ആ ബാലകന് അറിയാമായിരുന്നു. തങ്ങളുടെ വരുതിയ്ക്ക് അവന്‍ വരുമോയെന്ന് അറിയാനായി അവസാനത്തെ പരീക്ഷണവും ആ പട്ടാളക്കാര്‍ നോക്കി
” ക്രിസ്തുരാജന്‍ തുലയട്ടെ എന്ന് പറഞ്ഞാല്‍ നിന്നെ ഞങ്ങള്‍ രക്ഷിക്കാം…” അവര്‍ പറഞ്ഞു.

രക്തമൊലിക്കുന്ന മുറിവേറ്റ ശരീരത്തില്‍ നിന്ന് അവശേഷിക്കുന്ന കരുത്തിന്റെ ബലത്താല്‍ ആ ബാലന്‍ മറുപടി നല്കി
” ഞാനൊരിക്കലും അങ്ങനെ പറയുകയില്ല.” പിന്നെ സര്‍വ്വശക്തിയുമെടുത്ത് അവന്‍ പറഞ്ഞു
” ക്രിസ്തുരാജന്‍ വിജയിക്കട്ടെ… ഗ്വാഡലൂപ്പ മാതാവ് വിജയിക്കട്ടെ…”

പട്ടാളക്കാര്‍ കോപാകുലരായി അവനെ കുത്തിമുറിവേല്പിച്ചു. നിനക്ക് നിന്റെ അപ്പന് കത്തെഴുതണമോ എന്ന് അവര്‍ അവനോട് ചോദിച്ചു.
”വേണ്ട.. സ്വര്‍ഗ്ഗത്തില്‍ വച്ച് ഞങ്ങള്‍ കണ്ടുമുട്ടിക്കോളാം.. ക്രിസ്തുരാജന്‍ വിജയിക്കട്ടെ… ഗ്വാഡലൂപ്പ മാതാവ് വിജയിക്കട്ടെ..”

അവന്റെ ‘ ധിക്കാര’ ത്തിന്’ ക്ഷമ കൊടുക്കാന്‍ ഇനിയും തയ്യാറാകാതെ ക്യാപ്റ്റന്‍ അവന്റെ ശിരസിന് നേരെ വെടിയുതിര്‍ത്തു. നിലവിളിയോടെ അവന്‍ പിടഞ്ഞുവീണു. തനിക്കായി ഒരുക്കിയിരുന്ന കുഴിയിലേക്ക് അവന്‍ മരിച്ചു വീണു.

സമയം പതിനൊന്ന് മണിയായിരുന്നു അപ്പോള്‍. വെടിയൊച്ചകള്‍ നിലച്ചപ്പോള്‍ അന്തരീക്ഷത്തില്‍ അവന്റെ അമ്മയുടെ ഏങ്ങലടികള്‍ മാത്രം ഉയര്‍ന്നുകേട്ടു. ജീവനറ്റുവെന്ന് ബോധ്യമായപ്പോള്‍ പട്ടാളക്കാര്‍ തിടുക്കത്തില്‍ ആ മൃതദേഹത്തിന് മീതേയ്ക്ക് മണ്ണിട്ടുതുടങ്ങി. ഒരു മൃഗത്തിനെ മണ്ണില്‍ കുഴിച്ചിടുന്നതുപോലെ..

മൃഗീയമായ രീതിയില്‍ ഇങ്ങനെ മരിച്ച്, സംസ്‌കരിക്കപ്പെടാന്‍ എന്തു കുറ്റമാണ് ഈ ബാലന്‍ ചെയ്തത്?
***
1913 മാര്‍ച്ച് 28 നാണ് ജോസ് സാന്‍ഞ്ചെസ് ദെയ് റിയോ ജനിച്ചത്. കൃഷിക്കാരായ മാതാപിതാക്കളുടെ നാലുമക്കളില്‍ മൂന്നാമത്തെ ആളായിരുന്നു ജോസ്. ഉറച്ച കത്തോലിക്കാവിശ്വാസികളായിരുന്നു ആ കുടുംബം.

ജോസിന് പന്ത്രണ്ട് വയസുള്ളപ്പോഴാണ് ക്രിസ്റ്റെറോ യുദ്ധം ആരംഭിച്ചത്. മതസ്വാതന്ത്ര്യത്തിനും ദൈവവിശ്വാസത്തിനുമെതിരെ നിയമങ്ങള്‍ പാസാക്കിയിരുന്ന ഭരണകൂടത്തിന്റെ കിരാത നിയമങ്ങള്‍ക്കെതിരെയുള്ള ദൈവവിശ്വാസികളുടെ ഒരു മുന്നേറ്റമായിരുന്നു ആ യുദ്ധം. ജോസിന്റെ മുതിര്‍ന്ന രണ്ടു സഹോദരന്മാരും ക്രിസ്റ്റെറോ യുദ്ധത്തില്‍ പങ്കെടുത്തിരുന്നു. സ്വഭാവികമായും ജ്യേഷ്ഠന്മാരുടെ വഴിയെ പോകാന്‍ ജോസും ആഗ്രഹിച്ചു എന്നാല്‍ മാതാപിതാക്കള്‍ അതിന് അനുകൂലമായിരുന്നില്ല. എനിക്കും ക്രിസ്റ്റെറോ ആയിത്തീരണം.. ജോസ് വാശിപിടിച്ചു കരഞ്ഞു.

പക്ഷേ ഒരു പതിമൂന്ന് വയസുകാരനെ എങ്ങനെയാണ് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്? അവന് എന്താണ് ഇക്കാര്യത്തില്‍ ചെയ്യാനുള്ളത്? അമ്മയുടെ സംശയത്തെ ആ പതിമൂന്നുകാരന്‍ ഇങ്ങനെയാണ് നേരിട്ടത്.” സ്വര്‍ഗ്ഗം വളരെ എളുപ്പത്തില്‍ സ്വന്തമാക്കാന്‍ ഇതുപോലെ മറ്റൊരു അവസരം വേറെയില്ല അമ്മേ..” ഒടുവില്‍ മനസ്സില്ലാ മനസ്സോടെ അമ്മയ്ക്ക് സമ്മതിക്കേണ്ടിവന്നു.
അമ്മ സമ്മതിച്ചെങ്കിലും ക്രിസ്റ്റെറോയുടെ കമാന്‍ഡര്‍ പ്രായത്തെ പ്രതി ജോസിനെ അംഗമാക്കാന്‍ വിസമ്മതിച്ചു

” ഇത്രയും ചെറിയ കുട്ടിക്ക് എങ്ങനെയാണ് ആര്‍മിക്ക് സേവനം ചെയ്യാന്‍ കഴിയുന്നത്? അതും എന്തു സേവനം”
” എനിക്ക് നന്നായി ഓടാന്‍ അറിയാം. കുതിരകളെ എങ്ങനെ മേയ്ക്കണം എന്ന് എനിക്കറിയാം. ആയുധങ്ങള്‍ വൃത്തിയാക്കാനറിയാം.. പാചകം ചെയ്യാനും അറിയാം..”

ജോസിന്റെ ആ വാക്ക് ക്യാപ്റ്റന് ഇഷ്ടമായി. ലോക്കല്‍ കമാന്‍ഡര്‍ ജനറല്‍ റൂബന്‍ ഗ്വിസാര്‍ മോര്‍ഫിന്റെ കീഴിലേക്കാണ് ജോസിനെ അദ്ദേഹം പറഞ്ഞയച്ചത്. ജോസിന്റെ വ്യക്തിത്വത്തിലുള്ള പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ മോര്‍ഫി അവനെ വാദ്യകാരനും ട്രൂപ്പിന്റെ പതാകവാഹകനുമാക്കി.

1928 ഫെബ്രുവരി 6. മോര്‍ഫിയുടെ നേതൃത്വത്തില്‍ ഫെഡറല്‍ ഫോഴ്‌സുമായി യുദ്ധം നടക്കുകയാണ്. പെട്ടെന്ന് ജനറല്‍ മോര്‍ഫിയുടെ കുതിരയ്ക്ക് വെടിയേറ്റു. മലമുകളില്‍ നിന്ന് ജോസ് ഈ കാഴ്ച കാണുന്നുണ്ടായിരുന്നു. ജോസ് പെട്ടെന്ന് താഴേയ്ക്ക് ചാടിയിറങ്ങി. ജോസ് ജനറലിനോട് പറഞ്ഞു, എന്റെ പ്രിയപ്പെട്ട ജനറല്‍, ഇതാ എന്റെ കുതിര.. താങ്കള്‍ സ്വയം രക്ഷിക്കൂ.. എന്നെ അവര്‍ കൊല്ലുകയാണെങ്കില്‍ കൊന്നോട്ടെ…ഞാന്‍ അത്യാവശ്യമല്ല എന്നാല്‍ താങ്കള്‍ അങ്ങനെയല്ല..” വേഗം കൂട്ടാന്‍ ഊക്കോടെ പ്രഹരിച്ചും ജീനിയില്‍ പിടിച്ചുവലിച്ചും കുതിരയെ ജോസ്

ജനറലിന്റെ അടുത്തേയ്ക്ക് ഓടിച്ചുവിട്ടു. മറ്റ് പോരാളികളോടൊപ്പം ജോസിനെ എതിരാളികള്‍ പിടികൂടി. അവന്റെ പ്രിയസുഹൃത്ത് ലാസറും തടവുകാരനായി. തടവുകാരെ മുഴുവന്‍ വെടിവച്ചോ മരത്തില്‍ തൂക്കിയോ അവര്‍ കൊന്നൊടുക്കി.

എന്നാല്‍ ലാസറിനും ജോസിനും ആ വിധിയുണ്ടായില്ല. അവര്‍ ചെറുപ്പമായതുകൊണ്ട് പേടിപ്പിച്ചോ പ്രലോഭിപ്പിച്ചോ മനസ്സ് മാറ്റാമെന്നായിരുന്നു അവരുടെ പ്രതീക്ഷ. കൈകള്‍ ബന്ധിച്ചും മര്‍ദ്ദിച്ചും ആ കുട്ടികളെ അവര്‍ ഓറ്റിജയിലേക്ക് കൊണ്ടുപോയി. ” നിങ്ങളെ ഒരു പാഠം പഠിപ്പിക്കുന്നുണ്ട്..” ഫെഡറല്‍ പട്ടാളക്കാര്‍ ഭീഷണിമുഴക്കി.
ഫെഡറല്‍ ജനറല്‍ കാലിസ്റ്റ ഗ്വെരേഗോയുടെ മുമ്പിലേക്കാണ് അവര്‍ ആ കുട്ടികളെ കൊണ്ടുപോയത്.

” സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ നിങ്ങളോട് ആരാണ് പറഞ്ഞത്? മരണശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ് നിങ്ങള്‍ ചെയ്യുന്നതെന്ന് അറിയാമോ” ഫെഡറല്‍ ജനറല്‍ ചോദിച്ചു.
പക്ഷേ ജോസ് അതിന് മുമ്പില്‍ പതറിയില്ല.” ഞാന്‍ നിങ്ങളുടെ ശത്രുവാണ്..എന്നെ വെടിവയ്ക്കൂ..” കുപിതനായ ജനറല്‍ ഇരുട്ടറയ്ക്കുള്ളില്‍ ജോസിനെ അടച്ചിടുവാന്‍ ഉത്തരവിട്ടു. ഒരു പേപ്പറും പേനയും ജോസ് ആവശ്യപ്പെട്ടു. അതില്‍ അവന്‍ ഇങ്ങനെ എഴുതി.

ഓറ്റിജ, മിച്ച്, തിങ്കള്‍ ഫെബ്രുവരി 6 1928
എന്റെ പ്രിയപ്പെട്ട അമ്മേ,
യുദ്ധമുന്നണിയില്‍ നിന്ന് ഇന്ന് എന്നെ പിടികൂടി. ഞാന്‍ ഉടനെ തന്നെ മരിക്കാന്‍ പോവുകയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ അത് വലിയൊരു കാര്യമല്ല. ദൈവഹിതത്തിന് പൂര്‍ണ്ണമായി കീഴടങ്ങുക. ഞാന്‍ സന്തോഷത്തോടെ മരിക്കും.. എന്റെ മരണത്തെയോര്‍ത്ത് വ്യാകുലപ്പെടരുത്. അതോര്‍ത്ത് മാത്രമാണ് എനിക്ക് വിഷമം. എന്റെ സഹോദരന്മാരോടും പറയുക, അവരുടെ ഇളയസഹോദരന്റെ മാര്‍ഗ്ഗം പിന്തുടര്‍ന്ന് ദൈവഹിതത്തിന് കീഴടങ്ങാന്‍.. എന്നെ ധൈര്യപ്പെടുത്താന്‍ അമ്മയുടെയും അപ്പന്റെയും അനുഗ്രഹം എനിക്ക് തരുക. എന്റെ എല്ലാ വിധ ആശംസകളും നിങ്ങളോരോരുത്തരും നിങ്ങളെ സ്‌നേഹിക്കുന്ന എന്റെ ഹൃദയത്തില്‍ നിന്നും സ്വീകരിക്കുക.
ജോസ് സാന്‍ചെസ് ദെയ് റിയോ

ഫെബ്രുവരി 7. ലാസറും ജോസും സാഹുയോയിലേക്ക് മാറ്റപ്പെട്ടു. അവരുടെ ജന്മദേശം കൂടിയായിരുന്നു അത്. ഫെഡറല്‍ ഡപ്യൂട്ടി റാഫേല്‍ പിക്കാസോ സാന്‍ച്ചെസിന്റെ മുമ്പിലേക്കായിരുന്നു അവരെ കൊണ്ടുപോയത്. അദ്ദേഹം ജോസിന്റെ ഗോഡ്ഫാദര്‍ കൂടിയായിരുന്നു. സ്വതന്ത്രരാകാന്‍ നിരവധി സാധ്യതകള്‍ അദ്ദേഹം അവര്‍ക്ക് നല്കി. വിദേശത്തേക്ക് പോകാന്‍ പണം നല്കാം എന്നതായിരുന്നു അതിലൊന്ന്. മിലിട്ടറി സ്‌കൂളില്‍ അയ്ക്കാമെന്നും ഗവണ്‍മെന്റ് ജോലി തരപ്പെടുത്തിത്തരാമെന്നുമായിരുന്നു മറ്റൊന്ന്. ആ പ്രലോഭനങ്ങള്‍ക്കൊന്നും ജോസിന്റെ മനം മാറ്റാനായില്ല.

സെന്റ് ജെയിംസ് ചര്‍ച്ച് പട്ടാളക്കാര്‍ അക്കാലത്ത് ഒരു ജയിലാക്കിമാറ്റിയിരുന്നു. കുതിരകളും കോഴികളും അതിനുള്ളിലായിരുന്നു. ദൈവത്തിന്റെ ഭവനം ഇത്തരൊരു സ്ഥലമാക്കിമാറഅറിയതിന്റെ കോപം ജോസിന്റെ മനസ്സിലുണ്ടായിരുന്നു. കൈകളുടെ ബന്ധനം അഴിച്ചുനീക്കിയതിന് ശേഷം പിക്കാസോയുടെ കോഴിപ്പൂവന്മാരെയെല്ലാം ജോസ് കഴുത്ത് ഞെരിച്ചുകൊന്നു. പിന്നെ ശാന്തതയില്‍ കിടന്നുറങ്ങി.

അടുത്ത ദിവസം ജോസിന്റെ ഈ പ്രവൃത്തിയറിഞ്ഞ് പിക്കാസോ കോപാകുലനായി. അപ്പോള്‍ ജോസ് ധൈര്യസമേതം അയാളോടായി പറഞ്ഞു.” ദൈവത്തിന്റെ ഭവനം പ്രാര്‍ത്ഥനയ്ക്കുള്ളതാണ്. മൃഗങ്ങളെ കെട്ടാനുള്ളതല്ല..”” നിന്റെ ഈ ധിക്കാരത്തിന് എന്താണ് സംഭവിക്കുന്നതെന്ന് നീ അറിയും..”

” ഞാനെന്തിനും റെഡിയാണ്.. എന്നെ വെടിവയ്ക്കൂ.. ” ജനറലിന്റെ സഹായികളിലൊരാള്‍ പെട്ടെന്ന് ജോസിന്റെ മുഖത്തിടിച്ചു.

ലാസറിന്റെ അവസ്ഥ പക്ഷേ ദയനീയമായിരുന്നു. മരണം മുമ്പില്‍ കണ്ട അവന് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിഞ്ഞില്ല. ജോസ് ലാസറിനെ ധൈര്യപ്പെടുത്തിക്കൊണ്ടിരുന്നു. അന്ന് വൈകുന്നേരം അഞ്ചരയ്ക്ക് ലാസറിനെ അവര്‍ ജോസിന്റെ സാന്നിധ്യത്തില്‍ തൂക്കി. ഏതാനും നിമിഷനേരമേ ലാസര്‍ അങ്ങനെ കിടന്നുള്ളൂ. പിന്നെ അവന്റെ കയര്‍ മുറിച്ചു. ലാസര്‍ മരിച്ചിട്ടുണ്ടായിരുന്നില്ല. അവന്റെ അവസ്ഥയില്‍ ദയവ് തോന്നിയ ഒരു ഗാര്‍ഡ് ലാസറിനെ രക്ഷപ്പെടുത്തി.

ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ലാസര്‍ ക്രിസ്റ്റെറോസില്‍ വീണ്ടും ചേരുകയും ചെയ്തു. ചര്‍ച്ച്- പ്രിസനിലെ ഗ്രില്ലിട്ട ചെറിയൊരു മുറിയിലേക്ക് അവന്റെ മനംമാറ്റം പ്രതീക്ഷിച്ച് പട്ടാളക്കാര്‍ അവനെ മാറ്റി. ഇടവകക്കാര്‍ പലരും കുട്ടിയെ കാണാനെത്തി. അവര്‍ കാണാന്‍ വന്ന സമയത്തെല്ലാം ജോസ് പ്രാര്‍ത്ഥനയിലായിരുന്നു.

ജോസിന് മനംമാറ്റമുണ്ടാകില്ലെന്ന് തിരിച്ചറിവുണ്ടായപ്പോള്‍ പട്ടാളം മറ്റൊരു അടവെടുത്തു. ജോസിനെ മോചിപ്പിക്കാം. അയ്യായിരം ഡോളര്‍ മോചനദ്രവ്യമായി നല്കണമെന്നായിരുന്നു ആ പുതിയ ആവശ്യം. ദു:ഖിതനായ പിതാവ് ഏതുവിധത്തിലെങ്കിലും മകനെ മോചിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അത്രയും വലിയ തുക സമാഹരിക്കുവാന്‍ ആ പിതാവിന് സാധിച്ചിരുന്നില്ല. തന്നെ മോചിപ്പിക്കാനുള്ള കുടുംബത്തിന്റെ ശ്രമം ജോസ് അറിയുന്നുണ്ടായിരുന്നു. ഒരു ചില്ലിക്കാശുപോലും മോചനദ്രവ്യമായി നല്കരുതെന്ന് ജോസ് പിതാവിനോട് ആവശ്യപ്പെട്ടു.

ഫെബ്രുവരി10
വൈകുന്നേരം ആറ് മണി. മനം മാറ്റമോ മോചനദ്രവ്യമോ സംഭവിക്കാന്‍ പോകില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ ഫെഡറല്‍ ഗവണ്‍മെന്റ് ജോസിന്റെ മരണശിക്ഷ തീരുമാനിച്ചു. തന്റെപ്രിയപ്പെട്ട ആന്റിക്ക് കത്തെഴുതാന്‍ അവന്‍ ആഗ്രഹിച്ചു.
സാഹുയോ ഫെബ്രുവരി 10 1928
മിസിസ്സ് മരിയ സാന്‍ചെസ് ദെയ് മെഡോ
പ്രിയപ്പെട്ട ആന്റി,
ഞാന്‍ മരണത്തിന് വിധിക്കപ്പെട്ടു. ഈ രാത്രിയിലെപ്പോഴെങ്കിലും എന്റെ മരണം സംഭവിച്ചേക്കാം. ആ നിമിഷം വരാന്‍ വേണ്ടി ഞാനെത്രയോ ആഗ്രഹിച്ചിരുന്നു. ഞാന്‍ ആന്റിക്ക് നന്ദിപറയുന്നു, എന്നോട് കാണിച്ച എല്ലാ ദയയുടെയും പേരില്‍. എനിക്ക് അമ്മയ്ക്ക് കത്തെഴുതാന്‍ ശക്തിപോരാ.. അമ്മയ്ക്ക് ആന്റി ഒരു കത്തെഴുതണം. എനിക്ക് അമ്മയെ അവസാനമായി കാണാന്‍ അവര്‍ അനുവാദം നല്കിയിട്ടുണ്ട്.
ക്രിസ്തുരാജന്‍ വിജയിക്കട്ടെ. ഗ്വാഡലൂപ്പ മാതാവ് വിജയിക്കട്ടെ
ജോസ് സാന്‍ചെസ് ദെയ് റിയോ.
***
ഇതിന് ശേഷമായിരുന്നു പട്ടാളക്കാര്‍ ജോസിനെ മരണത്തിനായി കൊണ്ടുപോയത്. ജോസിന്റെ ശാരീരികാവശിഷ്ടങ്ങള്‍ സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ് പള്ളിയില്‍ അടക്കം ചെയ്തു.2005 നവംബര്‍ 20 ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ജോസിനെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കുയര്‍ത്തി. ധീരരക്തസാക്ഷിയായിത്തീരാനുള്ള ആ ബാലന്റെ ആവേശവും ക്രിസ്തുസ്‌നേഹവും ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. എ ല്ലാ കാലത്തുമുള്ള വിശ്വാസികള്‍ക്ക് വലിയൊരു പ്രചോദനവും മാതൃകയുമാണ് വാഴ്ത്തപ്പെട്ട ജോസ്.

You must be logged in to post a comment Login