ജോ ബിഡന്‍ വത്തിക്കാനില്‍; ക്യാന്‍സറിനെതിരെ പോരാടാന്‍ ഫ്രാന്‍സിസ് പാപ്പയുടെ സഹായം തേടി

ജോ ബിഡന്‍ വത്തിക്കാനില്‍; ക്യാന്‍സറിനെതിരെ പോരാടാന്‍ ഫ്രാന്‍സിസ് പാപ്പയുടെ സഹായം തേടി

വത്തിക്കാന്‍: ക്യാന്‍സറിനെതിരെ പോരാടാന്‍ ഫ്രാന്‍സിസ് പാപ്പയുടെ സഹായം തേടി യുഎസ് വൈസ് പ്രസിഡന്റ് ജോ ബിഡന്‍  മാര്‍പാപ്പയെ സന്ദര്‍ശിച്ചു. റീജനറേറ്റീവ് മെഡിസിന്‍ നിര്‍മ്മിക്കുന്നതുമായ ബന്ധപ്പെട്ട ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വത്തിക്കാനിലെത്തിയതായിരുന്നു അദ്ദേഹം.

ജോ ബിഡന്റെ മൂത്ത മകന്‍ ക്യാന്‍സര്‍ ബാധിച്ചാണ് മരിച്ചത്. സെപ്റ്റംബറില്‍ ഫ്രാന്‍സിസ് പാപ്പ യുഎസ് സന്ദര്‍ശിച്ചപ്പോള്‍ മകന്റെ ആകസ്മിക വിയോഗത്തില്‍ തന്നെ ആശ്വസിപ്പിച്ചതായി അദ്ദേഹം അനുസ്മരിച്ചു. ‘എനിക്കറിയാം, ഇത്തരത്തില്‍ വേദനയനുഭവിക്കുന്ന ഓരോ അച്ഛനമ്മമാര്‍ക്കും സഹോദരീസഹോദരന്‍മാര്‍ക്കും അദ്ദേഹം ആശ്വാസം പകര്‍ന്നിട്ടുണ്ടാകും. അവര്‍ക്കായി അദ്ദേഹം പ്രാര്‍ത്ഥിച്ചിട്ടുണ്ടാകും’, ജോ ബിഡന്‍ പറഞ്ഞു. ഫ്രാന്‍സിസ് പാപ്പയുടെ വിശാലമനസ്‌കതക്ക് നന്ദി പറയാനും ജോ ബിഡന്‍ മറന്നില്ല.

വിശ്വാസത്തിന് നഷ്ടങ്ങളെ പ്രതീക്ഷകളാക്കി മാറ്റുവാനുള്ള ശക്തയുണ്ട്. ഇത്തരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധിയാളുകള്‍ക്ക് പ്രത്യാശ പകര്‍ന്നയാളാണ് ഫ്രാന്‍സിസ് പാപ്പ. അദ്ദേഹത്തിന്റെ വാക്കുകള്‍ പലരേയും ആശ്വസിപ്പിച്ചിട്ടുണ്ട്. സമീപഭാവിയില്‍ തന്നെ ക്യാന്‍സര്‍ ചികിത്സയില്‍ മുതല്‍ക്കൂട്ടാകുന്ന മരുന്നുകള്‍ വികസിപ്പിക്കാന്‍ സാധിക്കട്ടെ എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ക്യാന്‍സറിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ എല്ലാവരേയും ജോ ബിഡന്‍ അഭിനന്ദിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞന്‍മാര്‍, ക്യാന്‍സര്‍ രോഗികള്‍,മതനേതാക്കന്‍മാര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്.

ഏപ്രില്‍ 28 ന് ആരംഭിച്ച ഉച്ചകോടി ഇന്നു സമാപിക്കും. യുഎസ് ആസ്ഥാനമാക്കിയ പ്രവര്‍ത്തിക്കുന്ന ‘സ്റ്റെം ഫോര്‍ ലൈഫ് ഫൗണ്ടേഷന്‍’ എന്ന സംഘടനയും വത്തിക്കാനിലെ പൊന്തിഫിക്കല്‍ കൗണ്‍സിലും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

You must be logged in to post a comment Login