ഞാനാദ്യമായ് ക്രിസ്തുവിനെ കണ്ട നാള്‍…

ഞാനാദ്യമായ് ക്രിസ്തുവിനെ കണ്ട നാള്‍…

jesus-christ-1-56_6194ഇതെന്റെ ജീവിത സാക്ഷ്യമാണ്. ഞാനാദ്യമായ് യേശുക്രിസ്തുവിനെ കണ്ടുമുട്ടിയ ദിനത്തിന്റെ ഓര്‍മയ്ക്കായി കുറിക്കുന്ന അനുഭവസാക്ഷ്യം. വിശ്വാസിയായ ഒരു മകന്റെ കൂടെ അവിശ്വാസി അനുധാവനം ചെയ്തപ്പോള്‍ ആ യാത്ര ഒരു പുതുയാത്രയുടെ തുടക്കമായിരുന്നു. 2001-ാം വര്‍ഷാരംഭത്തില്‍ റോഷി അഗസ്റ്റിനോടൊത്ത് ഞാന്‍ ഡിവൈന്‍ വചനകൂടാരത്തില്‍ എത്തിച്ചേര്‍ന്നു. അദ്ദേഹത്തിന്റെ ലക്ഷ്യം ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുനിശ്ചിത വിജയമായിരുന്നു. 1998-ല്‍ പരിചയപ്പെട്ടതു മുതല്‍ സന്തത സഹചാരിയായി ഞാനൊപ്പമുണ്ടായിരുന്നു. ഈ യാത്രയിലും എന്നെ ഒഴിവാക്കിയില്ല. ദൈവ സാന്നിധ്യം അനുഭവിക്കാന്‍ ലഭിച്ച ആദ്യാവസരം.
കുട്ടനാട്ടിലെ ചമ്പക്കുളം എന്ന സ്ഥലത്ത് കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യമുള്ള ഒരു സാധാരണ ഹൈന്ദവ കുടുംബത്തിലെ അംഗമായിരുന്നു ഞാന്‍. ക്രൈസ്തവ വിശ്വാസത്തിന്റെ ഈറ്റില്ലമെന്ന് വിശ്വസിക്കുന്ന പാല എന്ന അനുഗ്രഹീതനാട്ടില്‍ നിന്നുള്ള റോഷി അഗസ്റ്റിനുമായി എന്നെ കൂട്ടിമുട്ടിച്ചത് ദൈവിക പദ്ധതിയല്ലാതെ മറ്റെന്താണ്.
ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെത്തി പേര് രജിസ്റ്റര്‍ ചെയ്തതു മുതല്‍ എല്ലാം യാന്ത്രികമായാണ് എനിക്ക് അനുഭവപ്പെട്ടത്. തികഞ്ഞ അച്ചടക്കമുള്ള അന്തരീക്ഷം, പരിചിതമുഖങ്ങള്‍ ഒന്നും തന്നെയില്ല. താമസിക്കുന്നതിന് ഏതാനും പേര്‍ മാത്രമുള്ള ഒരു മുറി ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. പ്രഭാതത്തില്‍ ഉണര്‍ന്ന് റെഡിയാകുന്നതിനുള്ള മണിനാദം മുഴങ്ങി. പ്രഭാതകൃത്യങ്ങള്‍ വളരെ വേഗം നിര്‍വ്വഹിച്ച് ധ്യാനഹാളിലേക്ക് ഞങ്ങള്‍ കടന്നു. ഉച്ചത്തിലുള്ള സ്തുതിപ്പിന്റേയും ധാരയായി ഒഴുകുന്ന വചന സന്ദേശങ്ങളുടെ മധ്യേ ഓരോരുത്തരേയും കൗതുകത്തോടെ നോക്കാനാണ് ആദ്യത്തെ രണ്ടുദിനങ്ങള്‍ ഞാന്‍ ചെലവഴിച്ചത്. ഹല്ലേലുയ്യാ വിളിക്കുന്നവരെ അവജ്ഞയോടെ കണ്ടിരുന്നവരുടെ കൂട്ടത്തില്‍പ്പെട്ടയാളായിരുന്നു ഞാന്‍. ചെന്നുപെട്ടത് തലങ്ങും വിലങ്ങും ഹല്ലേല്ലൂയ്യാ വിളികളുടെ മധ്യേ.

നിസ്സംഗതയോടുള്ള എന്റെ നില്പും ഭാവങ്ങളും കാരണം ആദ്യദിനങ്ങളില്‍ റോഷി അഗസ്റ്റിനു സ്വതന്ത്രമായി സ്തുതിക്കുന്നതിനോ പ്രാര്‍ത്ഥിക്കുന്നതിനോ കഴിഞ്ഞോയെന്ന് എനിക്ക് ഉറപ്പില്ല. മൂന്നാമത്തെ ദിവസം കുമരകംകാരനായ ബ്ര. അരവിന്ദാക്ഷ മേനോന്റെ ജീവിത സാക്ഷ്യം എന്റെ വിശ്വാസ സങ്കല്പങ്ങളെ തകിടം മറിച്ചു. “പരമപിതാവായ ദൈവത്തിന്റെ പരമാത്മാവില്‍ നിന്ന് ഒരു പുത്ര ജനിക്കുന്നു. സകല സൃഷ്ടികള്‍ക്കും മുമ്പേ ഉണ്ടായവ  ഈ പ്രപഞ്ചമുണ്ടാകുന്നതിനുമുമ്പുതന്നെ ദൈവത്തിന്റെ പരമാത്മാവില്‍ നിന്നു പുറപ്പെട്ട് ദൈവത്തോടൊപ്പം, ദൈവത്തെപ്പോലെതന്നെ അരൂപിയായി നിലനില്ക്കുന്നവന്‍ ദൈവപുത്രന്‍. ഹിരണ്യഗര്‍ഭ എന്നും പ്രജാപതി എന്നും അറിയപ്പെടുന്ന ഈ ദൈവപുത്രന്‍ യഥാസമയം ഭൂമിയില്‍ വരും. ഇഹലോകത്തില്‍ മനുഷ്യന്റെ പാപങ്ങള്‍ വര്‍ദ്ധിച്ച്, മനുഷ്യന് അവനവനാല്‍ പാപമോചനം നേടാന്‍ സാധ്യമല്ല എന്ന ഘട്ടമെത്തുമ്പോള്‍ അരൂപിയായ ദൈവപുത്രന്‍ തനിക്ക് യജ്ഞയോഗ്യമായ ഒരു ശരീരം തരണം, രൂപം തരണം എന്ന് ദൈവത്തോടപേക്ഷിക്കുന്നു. ഭസോകാമയതമേധ്യം മഇദം സ്യാത് ആത്മന്വയനേന സ്യാമിതിഭ (ബൃഹദരണ്യകോപനിഷത് 1:2:7). പുത്രന്റെ അപേക്ഷ സ്വീകരിച്ച് പിതാവായ ദൈവം തന്റെ അനന്തമായ ജ്ഞാനത്തെ സംശുദ്ധയായ സ്ത്രീയായ. കന്യകയായി, ലളിതാംബികയായി ഭൂമിയില്‍ അവതരിപ്പിച്ച് അവളില്‍ ഗര്‍ഭമായി ഭ്രൂണമായി തന്റെ പുത്ര പ്രജാപതിയെ ഉരുവാക്കി ജനിപ്പിച്ച് വളര്‍ത്തുന്നു.

വേദവേദാംഗശാസ്ത്രങ്ങളില്‍ പാരംഗതനായി വളരുന്ന ദൈവപുത്ര പ്രജാപതി മനുഷ്യവംശത്തിനു സാരോപദേശങ്ങള്‍ നല്‍കുന്നു. എന്താണു പാപം, എന്താണു പുണ്യം, ഏതാണു തെറ്റ്, ഏതാണു ശരി, എന്താണു ചെയ്യേണ്ടത്. എന്താണു ചെയ്യരുതാത്തത് എന്നു മനുഷ്യനെ ഉപദേശിച്ചുകൊണ്ടു സഞ്ചരിക്കുന്നു. മനുഷ്യന് പാപബോധം നല്‍കി, പാപമോചനം നല്‍കി, മനുഷ്യനെ പാപത്തില്‍ നിന്നു വീണ്ടെടുക്കുന്നതിനുള്ള ഈ യജ്ഞത്തിന്റെ പൂര്‍ത്തീകരണത്തിനായി ദൈവപുത്രനായ പ്രജാപതി തന്റെ നിയോഗ കാലത്തിനുശേഷം സ്വയം യാഗമായിത്തീരുന്നു. ബലിയായിത്തീരുന്നു.

ഋഗ്വേദത്തിന്റെ പത്താം മണ്ഡലം തൊണ്ണൂറാം സൂക്തം ഏഴാം മന്ത്രത്തില്‍ ദൈവപുത്രനായ പ്രജാപതി മനുഷ്യവംശത്തിന്റെ പാപമോചനത്തിനായി എപ്രകാരമാണു ബലിയായിത്തീരുന്നത് എന്നു വര്‍ണ്ണിച്ചിട്ടുണ്ട്. ഭൂമിയില്‍ താഴ്ത്തിയ മരത്തൂണില്‍ ചേര്‍ത്ത് കരണചരണങ്ങള്‍ ഇരുമ്പാണികൊണ്ടു ബന്ധിച്ചു, രക്തംവാര്‍ന്നു മരിച്ച്, മൂന്നാം ദിനം ഉയര്‍ത്തെഴുന്നേറ്റ് സ്വര്‍ഗാരോഹണം ചെയ്യുന്ന ദൈവപുത്രനായ പ്രജാപതിയെക്കുറിച്ചുള്ള പുതിയ അറിവ് എന്റെ ജിജ്ഞാസ വര്‍ദ്ധിപ്പിച്ചു. ഹൈന്ദവ ദൈവ ശാസ്ത്രപ്രകാരം ദൈവത്തിന് പത്ത് അവതാരങ്ങളുണ്ട്. ഓരോ അവതാരത്തിനും അതിന്റേതായ ലക്ഷണങ്ങളുണ്ട് ദശാവതാര ലക്ഷണങ്ങള്‍! ഈ ലക്ഷണങ്ങളില്‍ ഒന്നുപോലും ഋഗ്വേദത്തില്‍ പറയുന്ന രണ്ടു ലക്ഷണങ്ങളോടോ യജൂര്‍വേദത്തിന്റെ ബ്രാഹ്മണഗ്രന്ഥമായ ഭശതപഥ ബ്രാഹ്മണഭത്തില്‍ പറയുന്ന ഏഴു യാഗവിധികളോടോ യോജിക്കുന്നില്ല. എന്നാല്‍ ഇതെല്ലാം നസ്രയനായ യേശുവിന്റെ ക്രൂശീകരണത്തില്‍ കൃത്യമായി പാലിക്കപ്പെട്ടു എന്നുമുള്ള അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍ എന്നെ അത്ഭുതപരതന്ത്രനാക്കി.

ഹിന്ദുമതത്തിന്റെ ആധികാരിക മതഗ്രന്ഥങ്ങള്‍ എന്നു വിളിക്കപ്പെടുന്ന നാലുവേദങ്ങളും വേദോപനിഷത്തുകളും വിരല്‍ ചൂണ്ടുന്ന സനാതന സത്യം യേശുക്രിസ്തുവാണെന്നുള്ള അദ്ദേഹത്തിന്റെ വിളംബരം അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചു. കാരണം ഹൈന്ദവ വിശ്വാസത്തില്‍ അടിയുറച്ചു മുന്നേറിയിരുന്ന എനിക്ക് പുതിയ അറിവായിരുന്നു ഇത്.
തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളോടുള്ള എന്റെ അച്ഛന്റെ അടുപ്പം കാരണം ക്ഷേത്രങ്ങളോടും സന്ധ്യാനാമജപങ്ങളോടും എന്നെ അടുപ്പിച്ചിരുന്നത് വല്ല്യമ്മയാണ്. നല്ല ഈണത്തില്‍ നാമം ജപിക്കുന്ന ആളായതിനാല്‍ വല്ല്യമ്മയോടു എനിക്ക് വലിയ സ്‌നേഹമായിരുന്നു. ചമ്പക്കുളം ലിയോ തേര്‍ട്ടീന്ത് ലൈബ്രറിയില്‍ നിന്ന് മഹാഭാരത സംഗ്രഹം വായിച്ചും പഠിച്ചും വിശ്വാസത്തില്‍ വളര്‍ന്ന എന്റെ ലോകം വേറെയായിരുന്നു. ഇല്ലായ്മയുടെ മധ്യത്തിലും രാമായണം വാങ്ങി തന്ന് എന്നെ വിശ്വാസത്തില്‍ ഉറപ്പിച്ച വല്ല്യമ്മയെ ഈ അവസരത്തില്‍ ഞാനോര്‍ത്തുപോയി. എന്റെ അമ്മയുടെ ഹൃദയത്തില്‍ ക്രിസ്തുവുണ്ടായിരുന്നു. എന്നാല്‍ വല്ല്യമ്മയുടെയുംഅച്ഛന്റെയും സാന്നിധ്യത്തില്‍ അമ്മയ്ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എന്റെ ഹൃദയതാളങ്ങല്‍ ഉച്ചസ്ഥായിലായി. മനഃപരിവര്‍ത്തനത്തിന് നന്ദികുറിച്ചുകൊണ്ട് എന്റെ അധരങ്ങളില്‍ നിന്ന് സ്തുതി വചസ്സുകള്‍ ഉയരാന്‍ തുടങ്ങി. അശ്രുബാഷ്പങ്ങള്‍ ധാരയായി കവിള്‍തടങ്ങളിലൂടെ ഒഴുകാന്‍ തുടങ്ങി അടുത്ത് നിന്നവരെ ഞാന്‍ കാണുന്നില്ല. പിന്നീടുള്ള നിമിഷങ്ങള്‍ ഉച്ചത്തില്‍ സ്തുതിക്കുന്ന വ്യക്തിയായി ഞാന്‍ മാറിക്കഴിഞ്ഞു. ആരാധനയുടെ സമയത്ത് തിരുവോസ്തിയില്‍ തിരയടിക്കുന്നതുപോലെ അനുഭവപ്പെട്ടു. അന്നു തന്നെ ഞാന്‍ ഒരു ബൈബിള്‍ സ്വന്തമാക്കി.

നാലാമത്തെ ദിവസം വെളുപ്പിനെ മൂന്നുമണിയോടടുത്ത് പ്രഭാഷകന്‍ 6:32 എന്ന് ആരോ വിളിച്ചു പറയുന്നതു കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. മറ്റെല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. വിശു ഗ്രന്ഥത്തിലെ വാക്കുകളാണോ ഞാന്‍ കേട്ടതെന്ന് അറിയാ നിശബ്ദതയുടെ പ്രഭാതത്തില്‍ ബൈബിളിലെ താളുകള്‍ ഞാ മറിച്ചുനോക്കിക്കൊണ്ടിരുന്നു. “മകനേ” എന്നു വിളിച്ചുകൊണ്ടു തുടങ്ങുന്ന വചനഭാഗം എന്റെ ഹൃദയമിടിപ്പ് കൂട്ടി. തുടര്‍ന്നുള്ള ഭാഗം വായിക്കാന്‍ എനിക്ക് ഉള്‍പ്രേരണ കിട്ടി. ഉപദേശിക്കുന്ന ഒരു ദൈവത്തിന്റെ വാക്കുകളായി എനിക്കു അനുഭവപ്പെട്ടു. കഫര്‍ണാമില്‍ തിരിച്ചെത്തിയ യേശുവിന്റെ അടുത്ത് നാലുപേരുടെ സഹായത്തോടെ മേല്‍ക്കൂര പൊളിച്ച് എത്തിക്കപ്പെട്ട തളര്‍വാത രോഗിയെ സുഖപ്പെടുത്തുന്നതിനുമുമ്പ് യേശു വിളിച്ചത് “മകനേ…”എന്നാണ്. (മര്‍ക്കോസ് 2:15) എന്തെന്നില്ലാത്ത ഒരു സ്‌നേഹം എന്നില്‍ നിറഞ്ഞു. പുതിയ വ്യക്തിയായി ഞാന്‍ മാറി.

വൈകുന്നേരങ്ങളില്‍ ക്ഷേത്രങ്ങളിലെ ദീപാരാധനയും പ്രഭാതത്തിലെ നിര്‍്മ്മാല്യദര്‍ശനവും എനിക്ക് താല്പര്യമുള്ള കാര്യങ്ങളായിരുന്നു. എന്റെ സുഹൃത്തുമൊത്ത് ശബരിമല ദര്‍ശനം വര്‍ഷങ്ങളോളം ഞാന്‍ നടത്തിയിരുന്നു. 2001 മുതല്‍ ആ പതിവുകള്‍ തെറ്റിച്ചു. എന്റെ മനസ്സില്‍ യേശുവിനെ പ്രതിഷ്ഠിച്ചു. ഹരിനാമ കീര്‍ത്തനങ്ങള്‍ ഉരുവിട്ടിരുന്ന നാവു അതേ ഈണത്തില്‍ യേശുവിന്റെ സ്തുതികള്‍ ഉരുവിടാന്‍ തുടങ്ങി. ഉള്ളിലെ തോന്നലുകള്‍ കുത്തിക്കുറിച്ച് പ്രാര്‍ത്ഥനകള്‍ ഉണ്ടാക്കി. വീട്ടുകാരെ ധ്യാനകേന്ദ്രത്തിലെത്തിക്കണമെന്ന ചിന്ത എന്റെ ഉള്ളില്‍ രൂഢമൂലമായി. മുന്‍ നിശ്ചയപ്രകാരം വിവാഹം നടന്നതിനാല്‍ അപ്പനും അമ്മയുമൊത്ത് എന്റെ ജീവിത പങ്കാളിയേയും ധ്യാനത്തിന് പറഞ്ഞയച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം വരിച്ച റോഷി അഗസ്റ്റിനുമൊത്ത് തിരുവനന്തപുരത്ത് വന്നു. എം.എല്‍.എ. ഹോസ്റ്റലിനടുത്തുള്ള പാളയം സെന്റ് ജോസഫ് ദേവാലയത്തില്‍ വൈകുന്നേരങ്ങളില്‍ എം.എല്‍.എ.യോടൊത്ത് പോകുന്നത് പതിവാക്കി. ഓരോരുത്തരും അവരുടെ നാവില്‍ ഈശോയെ സ്വീകരിക്കുന്നതു കാണുമ്പോള്‍ നിസ്സഹായനായവന്റെ ഹൃദയഭാരം എന്നെ മദിച്ചിരുന്നു. കണ്ണുനീരോടെ ഞാന്‍
പ്രാര്‍ത്ഥിച്ചു. എന്റെ ഈശോ എന്നാണ് ഈ അപ്പത്തിന്റെ രൂപത്തില്‍ എന്നിലേക്ക് വരിക. എന്നില്‍ നിക്ഷേപിക്കപ്പെട്ട അഗ്നി കെടാതെ സൂക്ഷിക്കാന്‍ ചില സഹനങ്ങള്‍ എനിക്ക് തുണയായി.

എന്റെ കാത്തിരിപ്പിനെ സഫലീകൃതമാക്കിയത് അമ്മയ്ക്കുണ്ടായ ഹൃദ്രോഗമാണ്. പലവിധ രോഗങ്ങളുടെ വിളനിലമായ അമ്മയ്ക്കു ഹൃദയ ശസ്ത്രക്രിയയെ അഭിമുഖീകരിയ്ക്കാനുള്ള ആരോഗ്യം ഉണ്ടായിരുന്നില്ല. “ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കാ (റോമ 8:28) കഴിയുന്ന ദൈവം ബൈപ്പാസ് സര്‍ജറി വിജയകരമാക്കി. ശസ്ത്രക്രിയ കഴിഞ്ഞ ദിവസം മുതല്‍ 12 ദിവസം വരെ ഒരു മരുന്നും കഴിക്കാ സാധിക്കാതിരുന്ന അമ്മയുടെ മുറിവുകള്‍ അദ്ഭുതകരമായി സൗഖ്യമാക്കപ്പെട്ടു. എന്തുകഴിച്ചാലും ശര്‍ദ്ദിക്കുന്ന അവസ്ഥയില്‍ ഭക്ഷണംപോലും കഴിക്കാന്‍ സാധിച്ചിരുന്നില്ല. അന്നേദിവസം ശസ്ത്രക്രിയയ്ക്ക് വിധേയരായ മൂന്ന് സഹോദരിമാരുടെയും മുറിവുകള്‍ പഴുക്കുകയും തുന്നല്‍ പൊട്ടുകയും ചെയ്തിരുന്നു. പ്രമേഹ രോഗിണിയായ അമ്മയുടെ ഈ സൗഖ്യാനുഭവം ഞങ്ങളുടെ വിശ്വാസത്തെ വര്‍ിപ്പിച്ചു. ശസ്ത്രക്രിയയ്ക്കു മുപ് ഈശോക്കു കൊടുത്ത വാക്കുപാലിക്കാന്‍ 2009-ല്‍ ഞാനും ഭാര്യയും രണ്ടുകുട്ടികളും തിരുവനന്തപുരത്ത് ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള ലൂര്‍ദ് ഫൊറോനാ പള്ളിയില്‍വച്ച് മാമ്മോദീസായിലൂടെ കര്‍ത്താവുമായി ഉടമ്പടി ചെയ്തു. ഇന്ന് എനിക്ക് നാലുമക്കള്‍. തുടര്‍ന്നുള്ള ദിവസങ്ങളിലെ പ്രാര്‍ത്ഥനകള്‍, ധ്യാനങ്ങള്‍ എന്റെ മാതാപിതാക്കളേയും സഹോദരിയേയും കുടുംബത്തേയും അടയാളങ്ങളിലൂടെ യേശുനാഥന്‍ നവസൃഷ്ടികളാക്കി മാറ്റി. സഹോദരിയുടെ രണ്ടാമത്തെ പ്രസവത്തിനുള്ള തീയതി അടുത്തപ്പോള്‍, സ്‌കാന്‍
ചെയ്ത അവസരത്തില്‍ കുഞ്ഞിന്റെ പൊസിഷന്‍ ശരിയല്ലെന്നുകണ്ടു. കുഞ്ഞ് തിരിഞ്ഞ് വരുകയില്ലായെന്ന് ഉറപ്പാക്കി. “ശസ്ത്രക്രിയ വേണ്ടിവരും, അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിക്കൊള്ളുക” എന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. “വിശ്വസിച്ചാല്‍ ദൈവമഹത്വം ദര്‍ശിക്കുമെന്ന” (യോഹ 11:40) തിരുവചനം ധ്യാനിച്ചുകൊണ്ട് ഞങ്ങള്‍ പ്രാര്‍ത്ഥനയില്‍ മുഴുകി. ശസ്ത്രക്രിയ കൂടാതെ സുഖപ്രസവം സാധ്യമായി. സുവിശേഷ ചൈതന്യം എന്റെ കുടുംബത്തില്‍ പൂര്‍ണ്ണമായി പ്രഭപരത്തിയ 2014 വര്‍ഷത്തെ നോക്കി ഞാന്‍ സ്‌നേഹവന്ദനം പറയുന്നു.

കുട്ടികള്‍ക്കൊരു പ്രാര്‍ത്ഥനാ മഞ്ജരി എന്ന പുസ്തകത്തിലെ യേശുവിന്റെ കത്ത് ഇവിടെ കുറിയ്ക്കുകയാണ്:

” എന്റെ കൂടെ വന്നാല്‍ ജനങ്ങള്‍ നിന്നെ ദ്വേഷിക്കും” (യോഹ 15:19) എന്നാല്‍ നീ ഒന്നുംകൊണ്ടും ഭയപ്പെടേണ്ട. ഞാന്‍ എപ്പോഴും നിന്നോടുകൂടെ ഉണ്ടായിരിക്കും. (എശ. 43:5) കൊടുങ്കാറ്റടിക്കുന്ന ക്ഷുഭിതമായ സമുദ്രത്തിലൂടെ, അഗ്നി പരീക്ഷണങ്ങളിലൂടെ നീ കടന്നുപോകുമ്പോഴും ഭയപ്പെടേണ്ട; ഞാന്‍ നിന്റെ രക്ഷകനായി നിന്നോടൊപ്പമുണ്ടായിരിക്കും (എശ 43:12; പ്രഭ : 2:16). ഒന്നുകൊണ്ടും സംശയിക്കേണ്ട നിന്നെ തടയുന്നത് മാതാപിതാക്കളോ സഹോദരങ്ങളോ ആരുതന്നെ ആയാലും അവരെയെല്ലാം മറക്കുക. നീ എന്റെ കൂടെ വരൂ (സങ്കീ 45:10, മത്തായി 19:29) വ്യവസ്ഥകളില്ലാതെ ഞാ നിന്നെ സ്‌നേഹിക്കുന്നതുകൊണ്ട് നിന്റെ അവിശ്വസ്തയുടെ മറിവുകള്‍ ഞാ ഉണക്കാം. എന്നെ പ്രതിനിന്റെ തെറ്റുകള്‍ തുടച്ചുമാറ്റുന്ന ദൈവം ഞാന്‍ തന്നെ ഇനി നിന്റെ പാപങ്ങള്‍ ഞാന്‍ ഓര്‍മ്മിക്കുകയില്ല (എശ. 43: 25). നിന്റെ ദുഷ്പ്രവൃത്തികളും പാപങ്ങളും ഇനി ഒരു കാരണവശാലും ഞാന്‍ ഓര്‍മ്മിക്കുകയില്ല (ഹെബ്ര. 10:17) ഇനി ഞാന്‍ നിന്നോടു കോപിക്കുകയില്ല (ഹോസി. 14:4). ഞാന്‍ മുഴുവ സ്‌നേഹം മാത്രമാണ് (1 യോഹ 4:8).

തന്റെ ജനത്തെക്കുറിച്ച് കര്‍ത്താവിന്റെ നൊമ്പരം ഏശയ്യാ പ്രവാചകനിലൂടെ (ഏശയ്യാ 1: 23) വെളിപ്പെടുത്തുന്നു. “കര്‍ത്താവ് അരുള്‍ ചെയ്യുന്നു : ഞാന്‍ മക്കളെ പോറ്റിവളര്‍ത്തി; എന്നാല്‍, അവര്‍ എന്നോടു കലഹിച്ചു. കാള അതിന്റെ ഉടമസ്ഥനെ അറിയുന്നു; കഴുത അതിന്റെ യജമാനന്റെ തൊഴുത്തും. എന്നാല്‍ എന്റെ ജനം മനസ്സിലാക്കുന്നില്ല.” സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ആട്ടിടയമാരെ (ലൂക്കാ. 2:8) അറിയിച്ചത് അവര്‍ പോകുന്നിടങ്ങളിലെല്ലാം ഈ വാര്‍ത്ത അറിയിക്കുന്നതിനാണ്. ഒരു വ്യക്തിയിലൂടെ ഒരു കുടുംബത്തിലെ ഒരു ഡസന്‍ ആളുകള്‍ക്കു ക്രിസ്തുവിനെ ലഭിച്ചെങ്കില്‍ നമുക്കോരോരുത്തര്‍ക്കും മറ്റുള്ളവരെ ക്രിസ്തുവിലേക്കു നയിക്കുന്ന ചുണ്ടുപലകകള്‍ ആകാം. കാരണം “നാം ദൈവത്തിന്റെ കരവേലയാണ്; നാം ചെയ്യാന്‍ വേണ്ടി ദൈവം മുകൂട്ടി ഒരുക്കിയ സത്പ്രവൃത്തികള്‍ക്കായി യേശുക്രിസ്തുവില്‍ സൃഷ്ടിക്കപ്പെട്ടവരാണ്” (എഫേ. 2:10)

 

 

പ്രേംജി

You must be logged in to post a comment Login