ഞാനൊരു അഹങ്കാരിയാണോ?

ഞാനൊരു അഹങ്കാരിയാണോ?

ചിലരെക്കുറിച്ച് നാം വിധിയെഴുതാറുണ്ട് അവന്‍ അല്ലെങ്കില്‍ അവള്‍ ഒരു അഹങ്കാരിയാണെന്ന്.. അങ്ങനെ വിധിയെഴുതുന്ന നാം അറിയുന്നുണ്ടോ ഒരു പ ക്ഷേ അവരെക്കാള്‍ നാം വലിയ അഹങ്കാരികളാണെന്ന്..

തലക്കനമോ ജാടയോ മാത്രമല്ല അഹങ്കാരത്തിന്റെ ലക്ഷണം. ഇതാ ഇനി പറയുന്നവയും ഒരാള്‍ അഹങ്കാരിയാണെന്നതിന്റെ ചില പ്രത്യക്ഷ തെളിവുകളാണ്.

ചിലര്‍ പറഞ്ഞു കേള്‍ക്കാറില്ലേ ഞാനിവിടെ ഉള്ളപ്പോള്‍ നിന്റെ കളിയൊന്നും ഇവിടെ നടക്കില്ല ഞാന്‍ ആരാണെന്ന് അവന് ശരിക്കും അറിയാന്‍ മേലാഞ്ഞിട്ടാ, എനിക്ക് അറിയാവുന്നതുപോലെ അവനെ നിങ്ങള്‍ക്കാര്‍ക്കും അറിയില്ല..ഈ മട്ടിലുളള അനേകം ഡയലോഗുകള്‍.

ഇത് നമ്മള്‍ കേട്ടിട്ടുണ്ട് എന്ന് മാത്രമല്ല നമ്മള്‍ തന്നെ ഇത് പല വട്ടം പറഞ്ഞിട്ടുമുണ്ട്. ശരിയല്ലേ.. ഇത് വ്യക്തമാക്കുന്നത് നാം ഒരു അഹങ്കാരിയാണെന്ന് തന്നെയാണ്.

അതുപോലെ തന്നെക്കാള്‍ അറിവ് കുറഞ്ഞവരെ പൊട്ടന്‍, മണ്ടന്‍ എന്നെല്ലാം വിശേഷിപ്പിച്ച് പരിഹസിക്കുന്നതും അഹങ്കാരം തന്നെയാണ്. എല്ലാ കാര്യങ്ങളും എല്ലാവര്‍ക്കും മനസ്സിലാവില്ല എന്നോ അറിയില്ല എന്നോ മനസ്സിലാക്കുന്നതാണ് വലിയ കാര്യം. അതല്ലാതെ മറ്റൊരാളെ അയാളുടെ ഏതെങ്കിലും ഒരു കുറവിന്റെ പേരില്‍ പുച്ഛിക്കുന്നതും താഴ്ത്തിക്കെട്ടുന്നതും നാം അഹങ്കാരിയാണെന്നതിന്റെ തെളിവാണ്.

ക്ഷമിക്കാന്‍ സാധിക്കാത്തതും തിരുത്തലുകള്‍ക്ക് വിധേയമാകാത്തതും താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന മട്ടില്‍ വാദിക്കുന്നവരും അഹങ്കാരികളാണ്. മനസ്സില്‍ ദേഷ്യവും നീരസവും തോന്നുന്നത് സ്വഭാവികമാണ്. പക്ഷേ നിത്യമായി അത് മനസ്സില്‍ കൊണ്ടുനടക്കുന്നത് അഹങ്കാരികള്‍ കൂടിയാണ്.

ഒരാള്‍ പെട്ടെന്ന് കോപിക്കുന്നത്, പൊട്ടിത്തെറിക്കുന്നത് അതും അഹങ്കാരം തന്നെ. പെട്ടെന്ന് മുറിവേല്ക്കുന്നവരെല്ലാം അഹങ്കാരികള്‍ കൂടിയാണ് എന്നാണ് പുതിയ ശാസ്ത്രം പറയുന്നത്.

മേലധികാരികളെ അനുസരിക്കാതിരിക്കുന്നതും അവര്‍ക്ക് വിധേയപ്പെടാതിരിക്കുന്നതും അഹങ്കാരമാണ്. അവര്‍ ചിലപ്പോള്‍ നമ്മെക്കാള്‍ കഴിവുകുറഞ്ഞവരോ നമ്മെക്കാള്‍ താഴ്ന്ന ധാര്‍മ്മികനിലവാരം ഉള്ളവരോ സത്യസന്ധത ഇല്ലാത്തവരോ ആയിരിക്കാം.

പക്ഷേ അവര്‍ പറയുന്നത് അനുസരിക്കാന്‍ നാം ബാധ്യസ്ഥരാണ്. അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിന് നമ്മെ പ്രേരിപ്പിക്കുന്നത് നമ്മിലെ അഹങ്കാരമാണ്.

തന്നെക്കുറിച്ച് മാത്രം ചിന്തിക്കുക, തനിക്ക് മാത്രമേ കഴിവുള്ളൂ എന്ന് ശഠിക്കുക, തന്നെതന്നെ എപ്പോഴും ഉയര്‍ത്തുക ഇവയും അഹങ്കാരികളുടെ ശീലമാണ്.

അഹങ്കാരികള്‍ ഒരിക്കലും ദൈവത്തെ ആശ്രയിക്കില്ല.പ്രാര്‍ത്ഥനയോട് അവര്‍ മുഖംതിരിക്കുന്നു. തന്റെ കഴിവുകൊണ്ടാണ് എല്ലാം നേടിയത് എന്ന് അവര്‍ എപ്പോഴും പറയുന്നു. കഠിനാദ്ധ്വാനമെന്നും ബുദ്ധിയെന്നും സാമര്‍ത്ഥ്യമെന്നും എല്ലാം അവരതിനെ പേരിടുന്നു..

എന്റെ കഴിവുകൊണ്ട് നേടിയത്..എന്റെ സാമര്‍ത്ഥ്യം..പക്ഷേ ഈ കഴിവ് എവിടുന്ന് കിട്ടി, ആരു തന്നു..അത് അവര്‍ ചിന്തിക്കുന്നില്ല.

അതുപോലെ സ്ഥിരമായി നില്ക്കുന്നതോ ഹൃദയത്തില്‍ വളരുന്നതോ ആയ ബന്ധങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കുകയില്ല. പണത്തിനും ജോലിക്കും പദവിക്കും വേണ്ടി മാത്രമായിരിക്കും ഇവര്‍ ബന്ധങ്ങള്‍ സ്ഥാപിക്കുന്നത്.

നിങ്ങള്‍ അഹങ്കാരിയാണോ എന്നതിന് ഏറ്റവും നല്ല തെളിവ് നിങ്ങളുടെ സൗഹൃദങ്ങള്‍ക്ക് എത്ര ആഴമുണ്ട് , പഴക്കമുണ്ട് എന്ന് ചിന്തിക്കുന്നതായിരിക്കും. കാരണം സൗഹൃദങ്ങളില്‍ തിരുത്തലുകളും വഴക്കുകളും വാദങ്ങളും പ്രതിവാദങ്ങളും അകല്‍ച്ചകളും ഉണ്ടായിരിക്കും. പക്ഷേ അവയോട് ക്ഷമാപൂര്‍വ്വം ഇടപെടാന്‍ കഴിയാത്തത്, മുറിവേറ്റതിനെ വച്ചുകെട്ടാതിരിക്കുന്നതും അകന്നുപോയതിനെ കൂട്ടിക്കെട്ടാത്തതും നമ്മിലെ അഹങ്കാരം കൊണ്ടാണ്.

ഇനി ഒന്ന് ആത്മശോധന നടത്തിനോക്കൂ. മറ്റുള്ളവരെ അഹങ്കാരിയെന്ന് വിധിയെഴുതുന്ന ഞാന്‍ അതിനൊപ്പമോ അതിനെക്കാളുമോ അഹങ്കാരിയല്ലേ?

അപ്പോള്‍ മറ്റൊരാളെ വിധിക്കാന്‍ എനിക്കെന്ത് അവകാശം? നിങ്ങള്‍ അളക്കുന്ന കോലുകൊണ്ട് തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടുമെന്ന കാര്യം മറക്കാതിരിക്കാം. ഒപ്പം, അഹങ്കാരികളോട് ദൈവത്തിന് പോലും വെറുപ്പാണെന്ന കാര്യവും.

ബി

You must be logged in to post a comment Login