“ഞാന്‍ എന്ന മതില്‍ക്കെട്ടിനുള്ളില്‍ നിന്നും പുറത്തുകടക്കുക”ഫ്രാന്‍സിസ് പാപ്പ

“ഞാന്‍ എന്ന മതില്‍ക്കെട്ടിനുള്ളില്‍ നിന്നും പുറത്തുകടക്കുക”ഫ്രാന്‍സിസ് പാപ്പ

papa bolvi 1സാമൂഹ്യജീവിതത്തില്‍ സഭയ്ക്കും സഭാപ്രവര്‍ത്തകര്‍ക്കും കാര്യക്ഷമമായി ഇടപെടാന്‍ സാധിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പ. ലാറ്റിന്‍ അമേരിക്കന്‍ സന്ദര്‍ശനങ്ങളുടെ ഭാഗമായി ബൊളീവിയയിലെത്തിയ ഫ്രാന്‍സിസ് പാപ്പ അവിടുത്തെ ജനങ്ങളോടു സംസാരിക്കുകയായിരുന്നു. ഇക്വഡോര്‍ സന്ദര്‍ശിച്ച ശേഷമാണ് മാര്‍പാപ്പ ഇവിടേക്കെത്തുന്നത്. ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറേല്‍സും മാര്‍പാപ്പയെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ എത്തിയിരുന്നു. രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയരംഗങ്ങളില്‍ ജനങ്ങള്‍ക്കു കാര്യമായ പങ്കാളിത്തം നല്‍കുന്ന ബൊളീവിയയുടെ ശ്രമങ്ങളെ മാര്‍പാപ്പ പ്രത്യേകം അഭിനന്ദിച്ചു.

‘വാക്കുകളിലുള്ള ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് ജനങ്ങളുടെ പങ്കാളിത്തം കൂടിയേ തീരൂ. ഒരു സ്വതന്ത്ര ജനാധിപത്യരാജ്യം സൃഷ്ടിക്കുന്നതിന് എല്ലാ മതങ്ങള്‍ക്കും കാര്യമായ സംഭാവനകള്‍ നല്‍കാനാകും. എനിക്ക് ഉപകാരപ്പെടുന്നതല്ല, മറിച്ച് എല്ലാവര്‍ക്കും ഉപകാരപ്പെടുന്ന കാര്യങ്ങളിലായിരിക്കണം ശ്രദ്ധ പതിപ്പിക്കേണ്ടത്. ഞാന്‍ എന്ന മതില്‍ക്കെട്ടിനുള്ളില്‍ നിന്നും പുറത്തുകടക്കുക. ഇരുട്ടില്‍ നമ്മെ വഴിനടത്തുക നമ്മുടെ വിശ്വാസമാണ്. നമുക്കു ചുറ്റും നടക്കുന്ന അക്രമങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ പ്രതികരിക്കാന്‍ അതു നമുക്കു ശക്തി നല്‍കും’, മാര്‍പാപ്പ പറഞ്ഞു.
മാര്‍പാപ്പയെ ‘സഹോദരനായ പാപ്പ’ എന്നാണ് ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറേല്‍സ് വിശേഷിപ്പിച്ചത്. ‘പാവപ്പെട്ടവരെ ദ്രോഹിക്കുന്നവര്‍ നമ്മുടെ പാപ്പയെത്തന്നെയാണ് ദ്രോഹിക്കുന്നത്. പാവങ്ങളോട് അദ്ദേഹത്തിനുള്ള കരുണയും സ്‌നേഹവും ശ്രദ്ധേയമാണ്. ഏറെ പ്രതീക്ഷയോടെയാണ് പാപ്പയുടെ വരവിനെ ബൊളീവിയയിലെ ജനങ്ങള്‍ നോക്കിക്കാണുന്നത്’, ഇവോ മൊറേല്‍സ് പറഞ്ഞു.

 

 

അനൂപ

 

You must be logged in to post a comment Login