“ഞാൻ നടാത്തതൊന്നും നിന്നിൽ കിളിർക്കുകയില്ല….!”

“ഞാൻ നടാത്തതൊന്നും നിന്നിൽ കിളിർക്കുകയില്ല….!”

treeഅമ്മയുടെ നമ്പരിൽ മെസ്സേജ് അയക്കുമ്പോൾ ജോയുടെ കൈകൾ തെല്ല് വിറക്കാതിരുന്നില്ല.
“അമ്മേ, വൈകിട്ട് ഞാൻ വീട്ടില് വരട്ടെ? അച്ഛന് ജോലിയാണോ?”
“മോൻ പോന്നോളു. അച്ഛന് നൈറ്റ് ഷിഫ്റ്റ്‌ ആണ്, ഇന്നെന്താ കുട്ടിയ്ക്ക് അത്താഴത്തിനു വേണ്ടത്?” അമ്മയുടെ മറുപടി.
“ചീരതോരനും ഉണക്കമീൻ ചതച്ചതും ചക്കക്കുരുമാങ്ങ ഉണ്ടെങ്കിൽ അതും”. ജോയ്ക്ക് അധികം ആലോചിക്കേണ്ടി വന്നില്ല.
ജോ അത്താഴം കഴിക്കുകയാണ്. അമ്മ സ്നേഹപൂർവ്വം വിളംബികൊടുക്കുന്നു.
അവൻ അമ്മയുടെ മുഖ ത്തേയ്ക്ക് ഉറ്റു നോക്കി “മരണസമയത്ത് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ” എന്ന് താൻ പ്രാർത്ഥിക്കുന്ന മാതാവിന്റെ മുഖം ഓർമ്മവന്നു. പൊടുന്നനെ, വധശിക്ഷ വിധിക്കപ്പെട്ട ജയില്പുള്ളിയ്ക്ക് കൊലചോറു വിളമ്പുന്ന ആരാച്ചാരെയും ഓർമ്മവന്നു.
ഇന്ന് രാത്രി പന്ത്രണ്ടു മണിയ്ക്ക്‌ ശേഷം ആഹാരമോ വെള്ളമോ കഴിക്കരുതെന്നാണ് ന്യൂറോ സർജൻ പറഞ്ഞിരിക്കുന്നത്. രാവിലെ സർജറി.
കഴിഞ്ഞ ദിവസം ജോലി സ്ഥലത്ത് തലകറങ്ങി വീണു. സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചു. സ്കാനിങ്ങിൽ തലച്ചോറിൽ ട്യൂമറുകൾ . ഉടൻ തന്നെ സർജറി വേണം. കേട്ടപ്പോൾ നെറുകമുതൽ പെരുവിരൽ വരെ ഒരു തണുപ്പ് ചൂഴ്ന്നിറങ്ങുന്ന പോലെ തോന്നി. അമ്പരപ്പോ മരവിപ്പോ എന്ന് തിരിച്ചറിയാൻ കഴിയാത്ത കുറെ നിമിഷങ്ങൾ. ആസന്നമായ മരണവും എങ്ങുമെത്താതെ പോയ ജീവിതവും പരസ്പരം തുറിച്ചു നോക്കുന്ന ഒരു പ്രത്യേക അവസ്ഥ.
വെറുതെ തിരിഞ്ഞു നോക്കിയപ്പോൾ ഇതുവരെ കടന്നു വന്ന വഴികൾ. പോലീസുകാരൻ അച്ഛന്റെയും ടീച്ചർ അമ്മയുടെയും ഏക മകൻ. ബാല്യം സന്തുഷ്ടം. പഠനത്തിൽ എന്നും മികവ്. നല്ലൊരു ജോലിയും നേടി.
പ്രണയിനിയുടെ മിഴിയിണകളിൽ കുടുങ്ങി തുടങ്ങിയ ജീവിതപ്രശ്നങ്ങൾ. അവൾ ക്രിസ്തുമതവിശ്വാസിയായിരുന്നു. പ്രണയം വിവാഹത്തോടടുത്തപ്പോൾ മതം മാറണമെന്ന് അവൾക്കു ഒരേ നിർബന്ധം.
ക്രിസ്തു മതം സ്വീകരിക്കുന്നതിന് മുൻപ് അവൻ ഒരുക്ക ധ്യാനം കൂടി. നസ്രായനായ തച്ചന്റെ ജീവിതവും സ്നേഹവും അവൻ അറിഞ്ഞു തുടങ്ങുകയായിരുന്നു. പ്രാർത്ഥനയുടെയും സ്നേഹത്തി ന്റെയും ജീവിതചര്യകൾ അനുവർത്തിച്ചു തുടങ്ങിയപ്പോൾ അവൻ “ജോ” ആയി. മുഖത്തുനിന്നും മാമ്മോദീസ വെള്ളംമായും മുൻപേ അച്ഛൻ വീട്ടിൽ നിന്നും ഇറക്കിവിട്ടു. യാഥാസ്ഥിതികൻ എന്നൊക്കെ വേണമെങ്കിൽ അച്ഛനെ വിളിക്കാം.
പക്ഷേ പ്രയിണിനിയെ എന്താ വിളിക്കുക? അവൾക്കു വേണ്ടി മതം മാറി, വീടും കുടുംബവും, സമൂഹത്തിലെ നിലയും വിലയും എല്ലാം നഷ്‌ടമായ അവനെ അവൾ സൗകര്യപൂർവ്വം കൈയൊഴിഞ്ഞു. നല്ല ഒരു ക്രിസ്ത്യൻ ആലോചന വന്നപ്പോൾ, സ്വന്തം കുടുംബമഹിമ നിലനിർത്താൻ അവൾ അവനെ നിഷ്കരുണം കൈയൊഴിഞ്ഞു.
അവനു നിരാശ തോന്നി. കടുത്ത നിരാശ. മരിച്ചാലോ എന്നൊക്കെ ചിന്തിപ്പിക്കുന്ന കടുത്ത നിരാശ. ചുവരുകൾക്ക് വല്ലാത്ത വെളുപ്പും, മനസ്സില് വല്ലാത്ത ഇരുട്ടും. എങ്കിലും താനറിഞ്ഞ തച്ചന്റെ കഥയ്ക്ക്‌ ഒരു പ്രത്യേക ആകർഷണം. വചനങ്ങൾക്കും പ്രാർത്ഥനകൾക്കും നിരാശ വഴിമാറി. അവൻ ചിരിച്ചു, നവവരനൊപ്പം സർവാഭരണ വിഭൂഷിതയായി അവൾ ചിരിച്ചതിനേക്കാൾ മനോഹരമായി അവൻ ഇന്ന് ചിരിക്കുന്നു. ജീവിതത്തെ ചിരിച്ചു കാണിക്കുന്നു.
കാരണം നസ്രായന്റെ ചിറകിൻ തണലിൽ ജീവിതത്തെ സ്നേഹിക്കാനും പ്രശ്നങ്ങളെ ലഘുവായി കാണാനും ഇപ്പോൾ ജോയ്ക്ക് അറിയാം.
ചട്ടിയിലെ ചീരതോരൻ വടിച്ചു കൂട്ടിയിട്ട് അവൻ കൈകൾ കഴുകി. പാത്രങ്ങൾ കഴുകിവയ്ക്കുന്ന അമ്മയ്ക്ക് ഇടയ്ക്കിടെ മുത്തങ്ങൾ നല്കി. നെറുകയിൽ ഒരു മുത്തവും വാങ്ങി അവൻ ജനിച്ച വീടിന്റെ പടി കടന്നു. ജനനി പോലും അറിയാതെ, പച്ച കുപ്പായങ്ങളുടെ കൂടാരത്തിലേയ്ക്ക്.
രാത്രിതന്നെ അവർ അവന്റെ തലമുണ്ഡനം ചെയ്തു. ആരോരുമില്ലാത്തവനെപോലെ വെളുപ്പിനെ ഓപറേഷൻ തീയറ്ററിന്റെ അകത്തേയ്ക്ക്, സ്വന്തം സമ്മതിപത്രത്തിൽ കണ്ണും കരളും വൃക്കകളും മറ്റുള്ളവരുടെ നന്മയ്ക്കു ഉപകരിയ്ക്കുന്നതെന്തും ലോകത്തിനായി ഒപ്പിട്ടു നല്കി അവൻ തനിയെ യാത്ര തുടങ്ങുകയായി.
വിശ്വാസയാത്രയിൽ അവനു കൂട്ടായിരുന്ന സിസ്റ്റർ ആന്റി മഠത്തിലെ ചാപ്പലിൽ അവനായി മുട്ടുകുത്തി. ഇടതടവില്ലാതെ ജപമാലകൾ. സകലജനപദങ്ങലുടെയും രാജ്ഞി തന്റെ കരുണയുടെ കണ്ണുകൾ അവനിലെയ്ക്ക് തിരിച്ചു.
അവൻ അബോധാവസ്ഥയിൽ എന്ന് മറ്റുള്ളവർ ചിന്തിച്ചിരുന്ന നിമിഷങ്ങ ളിൽ നസ്രായേയൻ അവന്റെ അരികിലെത്തി. കരുണയുടെ കരസ്പർശനം അവൻ അറിഞ്ഞു.
“ഞാൻ നടാത്തതൊന്നും നിന്നിൽ കിളിർക്കുകയില്ല….!” സൂര്യതേജസ്സാർന്ന മുഖതാരിൽ നിന്നും അടർന്നു വീണ ജീവന്റെ വചസ്സുകൾ . നേർമ്മയേറിയ വെണ്‍ പട്ടുചേലയാൽ തഴുകി തലോടി ഒരു ചെറുതെന്നൽ കണക്കെ തച്ചന്റെ സൌഖ്യസ്പർശനം.
ജോയ്ക്ക് ബോധം വീണുതുടങ്ങി. മങ്ങിയ കണ്ണുകളിൽ അപ്പോഴും നസ്രായേയന്റെ പ്രതിബിംബം. ബോധം തെളിഞ്ഞപ്പോൾ അവനെ കാണാൻ അകത്തേയ്ക്ക് ആദ്യം കയറിവന്നത് ഇരുവശവും കണ്ണുനീരിൽ കുതിർന്ന ഒരു കട്ടിമീശ. “പോലീസുകാർ ഇങ്ങനെ കരയാൻ പാടില്ല” എന്നു കളിപറഞ്ഞ ജോയുടെ കൈകൾ നെഞ്ചോട് ചേർത്ത് അച്ഛൻ പറഞ്ഞു. “മോൻ വീട്ടിലേയ്ക്ക്‌ വരണം”,
ഇന്റെൻസീവിന്റെ ചില്ലു ജാലകത്തിനപ്പുറം അമ്മയുടെയും സിസ്റ്റർ ആന്റിയുടെയും നിഴൽ രൂപങ്ങൾ…!
“അമ്മയോട് ഒരു വാക്ക് പറയാമായിരുന്നു.” ജോയെ കാണാൻ ഊഴമെത്തിയപ്പോൾ അമ്മയുടെ പരിഭവം.
“മിശിഹാ നടാത്തതൊന്നും നിന്നിൽ കിളിർക്കുകയില്ല, ഇനി അഥവാ കിളിർക്കാൻ അവിടുന്ന് തിരുമനസ്സായാൽ തന്നെ വളർത്താനും തളർത്താനും നുള്ളികളയാനും അവിടുത്തേയ്ക്ക് ശേഷിയുണ്ട്.” അടുത്തെത്തിയപ്പോൾ സിസ്റ്റർ ആന്റി പറഞ്ഞ വാക്കുകൾ അവനെ അത്ഭുതപെടുത്തി.

Glory to God പ്രിയ നസ്രായേയനെ, അങ്ങയിൽ ശരണപ്പെടുന്ന ഏവരേയും അചഞ്ച മായ വിശ്വാസത്താൽ ബലപ്പെടുത്തേണമേ…!

 

എ എസ് റീഡ്‌.

You must be logged in to post a comment Login