ടൂറിനിലെ തിരുക്കച്ച: സത്യമെന്ത്?

ടൂറിനിലെ തിരുക്കച്ച: സത്യമെന്ത്?

യേശുക്രിസ്തുവിന്റെ തിരുക്കച്ച സൂക്ഷിച്ചിരിക്കുന്ന ടുറിനിലെ ദേവാലയം പ്രശസ്തമായ ഒരു തീര്‍ത്ഥാടനകേന്ദ്രമാണ്. ചിലര്‍ക്ക് ഇതൊരു വിശുദ്ധസ്ഥലമായിരിക്കുമ്പോള്‍ തന്നെ മറ്റു ചിലര്‍ക്ക് ഇത് വെറുമൊരു നുണക്കഥ മാത്രമാണ്. തിരുക്കച്ചയില്‍ കാണുന്ന ചിത്രത്തെക്കുറിച്ചും അതിന്റെ കാലപ്പഴക്കം സംബന്ധിച്ചും നിരവധി വാദപ്രതിവാദങ്ങള്‍ നിലവിലുണ്ട്. തിരുമുറിവുകളേറ്റ, താടിയുള്ള ആ മുഖം യേശുക്രിസ്തുവിന്റേതു തന്നെയെന്ന് വിശ്വാസികള്‍ ഇപ്പോളും കരുതിപ്പോരുന്നു.

എന്നാല്‍ ഇതിന്റെ വിശ്വാസ്യതയെ സംബന്ധിച്ച് നിരവധി പഠനങ്ങളും അഭിപ്രായങ്ങളും ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. അവയില്‍ ചിലത്:

1. ഇതൊരു പെയിന്റിങ്ങാണ്:

തിരുക്കച്ചയില്‍ കാണുന്ന ചിത്രം ഒരു പെയിന്റിങ്ങാണ് എന്നാണ് ചിലരുടെ വാദം. എന്നാല്‍ ഈ വാദത്തെ സാധൂകരിക്കുന്ന തെളിവുകള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ചിത്രത്തിനായി ഏതെങ്കിലും കളറുകളുപയോഗിച്ചതായി തെളിഞ്ഞിട്ടില്ല. മാത്രമല്ല, നഗ്നനേത്രങ്ങള്‍ കൊണ്ടു കാണാന്‍ ഏറെ ബുദ്ധിമുട്ടുള്ളതാണ് ചിത്രം. 1898 ല്‍ ഇറ്റാലിയന്‍ ഫോട്ടോഗ്രഫറായ സെക്കന്‍ഡോ പിയയുടെ ക്യാമറയില്‍ പതിഞ്ഞ ചിത്രത്തിന്റെ നെഗറ്റീവില്‍ നിന്നാണ് ഇതിനെപ്പറ്റി ലോകമറിയുന്നത്. എന്നാല്‍ ഇതൊരു കലാകാരന്റെ സൃഷ്ടി അല്ലെന്നാണ് ചിത്രം പരിശോധിച്ച ഒരു വിഭാഗം ഗവേഷണസംഘം പറയുന്നത്. ഡിഎന്‍എ സാമ്പിളുകള്‍ തങ്ങള്‍ക്കു ലഭിച്ചതായും രക്തക്കറ പതിഞ്ഞ ചിത്രത്തിലെ രക്തഗ്രൂപ്പ് AB ആണെന്നും ഇവര്‍ പറയുന്നു.

2.ചിത്രം സ്വാഭാവികമായ രാസപരിണാമത്തിന്റെ ഫലമായി ഉണ്ടായതാണ്:

ലിനന്‍ തുണിയില്‍ പതിഞ്ഞിരിക്കുന്ന ചിത്രം സ്വാഭാവികമായ രാസപരിണാമത്തിന്റെ ഫലമായുണ്ടായതാണെന്ന് ചിലര്‍ വാദിക്കുന്നു. മരിച്ചയാളുടെ ശരീരത്തിലുണ്ടായേക്കാവുന്ന നിര്‍ജ്ജലീകരണം ഇത്തരത്തില്‍ സംഭവിക്കാനിടയാക്കിയേക്കാമെന്ന് ന്യൂ മെക്‌സിക്കോയിലെ ലോസ് അല്‍മോസ് നാഷണല്‍ ലബോറട്ടറിയില്‍ ജോലി ചെയ്യുന്ന റെയ്മണ്ട് റോജേഴ്‌സ് പറയുന്നു. അമോണിയ പോലുള്ള രാസപദാര്‍ത്ഥങ്ങളുടെ പ്രവര്‍ത്തനഫലമായും മരിച്ചയാളുടെ മുഖമോ ദേഹമോ പതിയുന്ന ഇത്തരം അവസ്ഥകളുണ്ടാവാമെന്നും ഇത്തരം പഠനങ്ങള്‍ പറയുന്നു.

3. ഇതൊരു ഫോട്ടോഗ്രാഫ് മാത്രമാണ്:

സെക്കന്‍ഡോ പിയോയുടെ ക്യാമറയില്‍ പതിഞ്ഞത് ഒരു ഇരുണ്ട ചിത്രമാണ്. ഇതില്‍ സില്‍വര്‍ നൈട്രേറ്റിന്റെ സാന്നിദ്ധ്യമുണ്ടെന്നും അതിനാല്‍ തന്നെ ഇതൊരു ഫോട്ടോഗ്രാഫ് ആകാനുമാണ് സാദ്ധ്യത എന്നാണ് സൗത്ത് ആഫ്രിക്കന്‍ ചരിത്രകാരനായ നിക്കോളാസ് അലന്‍ പറയുന്നത്. പ്രകാശം സില്‍വര്‍ നൈട്രേറ്റിനെ ഇരുണ്ട നിറത്തിലുള്ളതാക്കി എന്നും അദ്ദേഹം വാദിക്കുന്നു.

4. അപൂര്‍വ്വമായ ഒരു തരം ഊര്‍ജ്ജപ്രവാഹത്തിന്റെ ഫലമായുണ്ടായ പ്രതിഭാസമാണിത്:

ക്രിസ്തുവിന്റെ ശരീരത്തില്‍ നിന്നുണ്ടായ അപൂര്‍വ്വമായ ഒരു തരം ഊര്‍ജ്ജപ്രവാഹത്തിന്റെ ഫലമാണിതെന്ന് ചിലര്‍ വാദിക്കുന്നു. ഏതെങ്കിലും കൃത്രിമപദാര്‍ത്ഥങ്ങളുപയോഗിച്ച് ഇത്തരത്തില്‍ ഊര്‍ജ്ജം നിര്‍മ്മിക്കാനാകുമോ എന്നതിനെക്കുറിച്ചുള്ള പഠനങ്ങളും നടന്നു വരികയാണ്.

പല കഥകളും നിലവിലുണ്ടെങ്കിലും തിരുക്കച്ച യേശുവിനെ ശരീരത്തെ പൊതിഞ്ഞിരുന്ന കച്ച തന്നെയാണ് ഇതെന്ന വിശ്വാസമാണ് നിലപാട് തന്നെയാണ് സഭയുടേത്. ടുറിനിലേക്കുള്ള തീര്‍ത്ഥാടനപ്രവാഹം അനുസ്യൂതം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

You must be logged in to post a comment Login