ടെന്നീസ് കോര്‍ട്ടില്‍ നിന്നും കന്യാമഠത്തിലേക്ക്…

ടെന്നീസ് കോര്‍ട്ടില്‍ നിന്നും കന്യാമഠത്തിലേക്ക്…

tennis 1ആന്‍ഡ്രിയ ജാഗര്‍ എന്നത് ഒരുകാലത്ത് ടെന്നിസ് കോര്‍ട്ടുകള്‍ കീഴടക്കിയ വിസ്മയത്തിന്റെ പേരാണ്. കളിക്കളങ്ങളില്‍ ആരാധകരെ ത്രസിപ്പിക്കുന്ന സ്മാഷുകളുതിര്‍ത്ത ആ കൗമാരക്കാരി രാജ്യത്തിന്റെ അഭിമാനവും ആവേശവുമായി. വളരെ ചെറുപ്പത്തില്‍ത്തന്നെ ടെന്നിസില്‍ ലോകരണ്ടാം നമ്പര്‍ സ്ഥാനം എന്ന സ്വപ്‌നതുല്യമായ നേട്ടം. സമകാലീനരായിരുന്ന ക്രിസ് എവേര്‍ട്ട്, ബില്ലി ജീന്‍ തുടങ്ങിയ പ്രശസ്തതാരങ്ങളെ വരെ പരാജയപ്പെടുത്തി യു.എസ്സിനു വേണ്ടി ഒട്ടേറെ കിരീടനേട്ടങ്ങള്‍ സ്വന്തമാക്കിയ ആന്‍ഡ്രിയ ഇന്ന് 42-ാം വയസ്സില്‍ ജീവിതത്തിന്റെ പുതിയ കോര്‍ട്ടില്‍ പുത്തന്‍ റാക്കറ്റുമേന്തി നില്‍ക്കുമ്പോള്‍ കളിക്കളത്തിലെ മിന്നുംവിജയങ്ങള്‍ക്കു പോലും നല്‍കാന്‍ സാധിക്കാത്ത അനുഭൂതിയാണ് നുകരുന്നത്. ഒരുപക്ഷേ ആരാധകര്‍ ഒരിക്കലും പ്രതീക്ഷിച്ചിരിക്കാനിടയില്ലാത്ത ഒരു വേഷം. ടെന്നിസ് താരമായിരുന്ന ആന്‍ഡ്രിയ ഇന്ന് സിസ്റ്റര്‍ ആന്‍ഡ്രിയ ആണ്. ഒരു കായികതാരത്തിനു ലഭിക്കുന്ന ഗ്ലാമര്‍ പരിവേഷത്തിനുമപ്പുറം ആന്‍ഡ്രിയ ജാഗറിന് ഈ തിരുവസ്ത്രം സംതൃപ്തി നല്‍കുന്നുണ്ട്.
മാതാപിതാക്കള്‍ ടെന്നിസ് കളിക്കുന്നതു കണ്ടാണ് ആന്‍ഡ്രിയ വളര്‍ന്നത്. കാണി എന്ന സ്ഥാനത്ത് എന്നും തുടരാന്‍ അവള്‍ക്ക് ഇഷ്ടമായിരുന്നില്ല. 9-ാം വയസ്സില്‍ കുഞ്ഞുകയ്യില്‍ റാക്കറ്റുമേന്തി കളിക്കാനിറങ്ങുമ്പോള്‍ അവളറിഞ്ഞിരുന്നില്ല താന്‍ കീഴടക്കാന്‍ പോകുന്ന അനേകം കളിക്കളങ്ങളെക്കുറിച്ചും സ്വന്തമാക്കാന്‍ പോകുന്ന കിരീടനേട്ടങ്ങളെക്കുറിച്ചും. 13 വയസ്സുമുതല്‍ കോളേജ് ടൂര്‍ണ്ണമെന്റുകളിലെ സ്ഥിരസാന്നിദ്ധ്യമായി. ആ വിജയങ്ങള്‍ മുന്നോട്ടുള്ള കുതിപ്പിന് ചാലകശക്തിയുമായി. അധികം വൈകാതെ തന്നെ അന്താരാഷ്ട്രമത്സരങ്ങളില്‍ കളിച്ചുതുടങ്ങി. പരിശീലകവേഷമണിഞ്ഞ അച്ഛന്‍ പക്ഷേ, മകള്‍ക്ക് ഒരു പിതാവിന്റെ സ്‌നേഹലാളനകള്‍ നല്‍കാന്‍ മറന്നു. മത്സരങ്ങള്‍ തോല്‍ക്കുമ്പോള്‍ സാന്ത്വനിപ്പിക്കുന്ന അദ്ദേഹത്തിലെ സ്‌നേഹനിധിയായ പിതാവിനെയല്ല, മറിച്ച് ശകാരിക്കുകയും അടിക്കുകയും ചെയ്യുന്ന കാര്‍ക്കശ്യക്കാരനായ പരിശീലകനെയാണ് അവള്‍ ഏറെ അടുത്തറിഞ്ഞത്.
ഒരു കായികതാരത്തിനു വേണ്ട മാത്സര്യബുദ്ധി തനിക്കുണ്ടായിരുന്നില്ലെന്ന് ആന്‍ഡ്രിയ ഓര്‍ക്കുന്നു. 14-ാം വയസ്സില്‍ വിമ്പിള്‍ഡണില്‍ വെന്‍ഡി റ്റേണ്‍ബുള്ളിനെ പരാജയപ്പെടുത്തിയ ആന്‍ഡ്രിയയെ എതിരാളിക്കുണ്ടായ പരാജയമാണ് വേദനിപ്പിച്ചത്. നിരാശ മാറ്റാന്‍ ലോക്കര്‍റൂമില്‍ വെച്ച് ഒരു ബോട്ടില്‍ വൈന്‍ അകത്താക്കിയ വെന്‍ഡിയെ അതിനു പ്രേരിപ്പിച്ചത് താനാണ് എന്ന തോന്നല്‍ ആന്‍ഡ്രിയയ്ക്കുണ്ടാവുകയും ഇത് അവളെ അസ്വസ്ഥയാക്കുകയും ചെയ്തു. പിന്നീടുള്ള മത്സരങ്ങളില്‍ ആന്‍ഡ്രിയ വെന്‍ഡിക്കു മുന്നില്‍ ബോധപൂര്‍വ്വം തന്നെ തോറ്റുകൊടുക്കുകയായിരുന്നു.
tennis 21983 ലെ വിമ്പിള്‍ഡണ്‍ സെമിഫൈനലില്‍ വിന്‍ഡിയെ പരാജയപ്പെടുത്തിയ ബില്ലി ജീനിനെ അട്ടിമറിവിജയത്തിലൂടെ ആന്‍ഡ്രിയ പരാജയപ്പെടുത്തി. കാരണം വിന്‍ഡിയെ തോല്‍പ്പിക്കുന്നവരെ പരാജയപ്പെടുത്തുക എന്നത് ആന്‍ഡ്രിയയുടെ ലക്ഷ്യമായിരുന്നു. എന്നാല്‍ മാര്‍ട്ടീന നവരത്തിലോവയുമായിട്ടുള്ള ഫൈനലില്‍ ആ ആവേശമൊന്നും കണ്ടില്ല. ഫെനലില്‍ ജയിക്കണമെന്ന ആഗ്രഹത്തിന്റെ നേരിയ ലാഞ്ചന പോലും ആന്‍ഡ്രിയയില്‍ ഉണ്ടായിരുന്നില്ല. കാരണം തലേ ദിവസം അച്ഛനുമായി വഴക്കുണ്ടാക്കിയ അവള്‍ ടാക്‌സി വിളിക്കാനായി അടുത്ത റൂമില്‍ താമസിച്ചിരുന്ന മാര്‍ട്ടീനയുടെ അടുത്തേക്കാണ് പോയത്. അവരുടെ പരിശീലകനാണ് ആന്‍ഡ്രിയയെ സഹായിച്ചത്. താന്‍ മാര്‍ട്ടീനയുടെ പരിശീലനം തടസ്സപ്പെടുത്തി എന്ന തോന്നല്‍ പിന്നീട് ആന്‍ഡ്രിയയ്ക്കുണ്ടായി. ഇത് പിറ്റേ ദിവസത്തെ കളിയിലുടനീളം നിഴലിക്കുകയും ചെയ്തു.
1984ല്‍ യു.എസ് ഓപ്പണില്‍ തോളെല്ലിന് സാരമായി പരിക്കേറ്റ ആന്‍ഡ്രിയ 1987 ല്‍ ടെന്നിസ് കോര്‍ട്ടിനോട് എന്നെന്നേക്കുമായി വിട പറഞ്ഞു. പക്ഷേ, അതൊരനുഗ്രഹമായാണ് അവള്‍ കണ്ടത്. കരിയറില്‍ എത്തിപ്പിടിക്കാവുന്ന ഉയര്‍ന്ന നേട്ടങ്ങളോ മറ്റു സുഖസൗകര്യങ്ങളോ അവളുടെ സ്വപ്‌നങ്ങളിലുണ്ടായിരുന്നില്ല. അതിനോടകം തന്നെ ആശുപത്രികള്‍ കേന്ദ്രമാക്കി ആന്‍ഡ്രിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. തന്റെ സമ്പാദ്യങ്ങളത്രയും പാവപ്പെട്ട കുട്ടികള്‍ക്കായി ആന്‍ഡ്രിയ നല്‍കി. അവര്‍ക്കുവേണ്ടി ഒരു സന്നദ്ധസംഘടനയും രൂപീകരിച്ചു.
തീക്ഷ്ണമായ വിശ്വാസത്തിനുടമയായിരിക്കുമ്പോഴും അമ്മ മടിയിലിരുത്തി കുരിശു വരപ്പിച്ച സന്ധ്യകളുടേയോ ബൈബിള്‍ കഥകള്‍ കേട്ടുവളര്‍ന്ന ബാല്യത്തിന്റെയോ കഥകള്‍ ആന്‍ഡ്രിയയ്ക്കു പറയാനില്ല. അച്ഛനോ അമ്മയോ ഒരിക്കലെങ്കിലും പള്ളിയില്‍ പോകുന്നത് അവള്‍ കണ്ടിട്ടില്ല. വീട്ടില്‍ ഒരു ബൈബിള്‍ പോലുമുണ്ടായിരുന്നില്ല. പക്ഷേ ദൈവം തന്നില്‍ വിശ്വാസത്തിന്റെ വിത്തുകള്‍ പാകിയിരുന്നെന്ന് ആന്‍ഡ്രിയ പറയുന്നു. ആരും പറയാതെ തന്നെ അവള്‍ പ്രാര്‍ത്ഥിക്കാന്‍ പഠിച്ചു. ദൈവവുമായി വേര്‍പിരിയാനാകാത്തവണ്ണം ദൃഢവും അത്രമേല്‍ ആഴമേറിയതുമായ ഒരു സുഹൃത്ബന്ധം അവള്‍ സ്ഥാപിച്ചു.
കളിജീവിതത്തിനോട് വിടപറഞ്ഞതിനു ശേഷം 2006 ലാണ് ആന്‍ഡ്രിയ ഡൊമിനിക്കന്‍ സന്യാസസഭയില്‍ ചേരുന്നത്. ‘ഇതാണ് എന്റെ വിളി. മറ്റുള്ളവരുടെ ദു:ഖം മനസ്സിലാക്കാനുള്ള സവിശേഷമായ അനുഗ്രഹം ദൈവത്താല്‍ നല്‍കപ്പെട്ടതാണ്. അതു കൊണ്ടായിരിക്കാം ടെന്നീസ് കോര്‍ട്ടുകളില്‍ എനിക്ക് സ്വാര്‍ത്ഥയാകാന്‍ കഴിയാതെ പോയത്’, തിരുവസ്ത്രം നല്‍കുന്ന ആത്മനിര്‍വൃതിയില്‍ നിറഞ്ഞ് സിസ്റ്റര്‍ ആന്‍ഡ്രിയ ജാഗര്‍ പറയുമ്പോള്‍ ആ വാക്കുകളില്‍ നിറയുന്നത് കളിക്കളങ്ങളില്‍ ആരാധകരുടെ നിറഞ്ഞ കരഘോഷങ്ങള്‍ക്കും നല്‍കാനാകാത്ത സന്തോഷം.

 

അനൂപ.

You must be logged in to post a comment Login