ടെഹ്‌റാനിലെ ഉടഞ്ഞ കണ്ണാടികള്‍

ടെഹ്‌റാനിലെ ഉടഞ്ഞ കണ്ണാടികള്‍

ടെഹ്‌റാനിലെ രാജകൊട്ടാരത്തിലാണ് ലോകത്തില്‍ വച്ച് ഏറ്റവും മനോഹരമായ മൊസൈക് കലാരൂപങ്ങളുള്ളത്. സീലിങ്ങുകളും ഭിത്തികളും വര്‍ണവൈവിധ്യമാര്‍ന്ന പ്രതിബിംബങ്ങള്‍ കൊണ്ട് വജ്രം പോലെ തിളങ്ങി നില്‍ക്കുന്നു.

അതിന് പിന്നില്‍ കൗതുകകരമായ ഒരു കഥയുണ്ട്. കൊട്ടാരം വിഭാവനം ചെയ്ത വാസ്തുശില്‍പി യഥാര്‍ത്ഥത്തില്‍ പദ്ധതിയിട്ടിരുന്നത് കൂറ്റന്‍ കണ്ണാടികള്‍ പതിപ്പിച്ച ഭിത്തികള്‍ നിര്‍മിക്കാനാണ്. എന്നാല്‍ പാരീസില്‍ നിന്ന് കപ്പല്‍ മാര്‍ഗ്ഗം കൊണ്ടു വന്ന കണ്ണാടികള്‍ മുഴുവന്‍ പൊട്ടിയ നിലയിലാണ് ടെഹ്‌റാനിലെത്തിയത്. കോണ്‍ട്രാക്ടര്‍ അവയെല്ലാം തൂത്തുവാരി ദൂരെക്കളഞ്ഞിട്ട’് വാസ്തുശില്‍പിയോട് സംഭവങ്ങള്‍ വിവരിച്ചു.

എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് വാസ്തുശില്പി പൊട്ടിയ കഷണങ്ങളെല്ലാം ശേഖരിക്കാന്‍ ആജ്ഞാപിച്ചു. അവയെല്ലാം വീണ്ടും പൊടിച്ച് ചെറുകഷണങ്ങളാക്കി ഭിത്തിയില്‍ പതിപ്പിക്കാന്‍ ഏര്‍പ്പാട് ചെയ്തു. നൂറുനൂറായിരം കണ്ണാടിക്കഷണങ്ങള്‍ ചേര്‍ന്ന് വര്‍ണപ്രപഞ്ചത്തെ പ്രതിബിംബിക്കുന്ന അതിസുന്ദരമായ മൊസൈക് ചാരുതയായി മാറി.

ഗോതമ്പു മണികള്‍ നിലത്തു വീണ് അഴിയുമ്പോഴാണ് അത് ഫലം പുറപ്പെടുവിക്കുന്നതെ് പറഞ്ഞ ഒരാളുടെ ചരിത്രമാണ് കാലത്തെ പ്രകാശിപ്പിക്കുന്നത്. ഉടഞ്ഞ കഷണങ്ങളെ ദൂരെയെറിയാത്ത ദൈവത്തെ കുറിച്ച് പഠിപ്പിക്കാന്‍ വന്നത് കൊണ്ടാണ് അവിടുന്ന് മറ്റെല്ലാവരില്‍ നിന്നും വ്യത്യസ്തനായിരിക്കുന്നത്. പുകഞ്ഞ തിരി കെടുത്തുകയും വളഞ്ഞ ഞാങ്ങണ ഒടിക്കുകയും ചെയ്യാത്ത പ്രത്യാശയുടെ തത്വശാസ്ത്രം പഠിപ്പിച്ചയാള്‍ ഇന്നും വേറിട്ടു നില്‍ക്കുന്നു.

വളപ്പൊട്ടുകളില്‍ നിന്നാണ് വര്‍ണപ്രപഞ്ചമായ കാലിഡോസ്‌കോപ്പിന്റെ പിറവി. ഉടഞ്ഞുപോയതൊന്നും ഇനി കൊള്ളില്ലെന്ന് പറയരുത്! അസ്ഥികള്‍ പൂക്കു താഴ്‌വരകളുടെ ചിത്രം വരച്ചിട്ട ദൈവം ഉടലുടഞ്ഞു പോയ കാല്‍വരികള്‍ക്കപ്പുറത്തേക്ക് വളര്‍്ന്ന നില്‍ക്കുമ്പോള്‍ മുഴങ്ങുന്നത് പ്രത്യാശയുടെ സങ്കീര്‍ത്തനമാണ്. ജീവിതവും സ്വപ്‌നങ്ങളും ഉടഞ്ഞുപോയവര്‍ക്കും വര്‍ണപ്രപഞ്ചം ഉണ്ടെന്ന സന്ദേശം.

ഉടഞ്ഞ കണ്ണാടിപ്പൊട്ടുകള്‍ക്ക് വര്‍ണവിസ്മയമാകാമെന്ന കാഴ്ചപ്പാടിന്റെ പേരാണ് ദര്‍ശനം. ആ ദര്‍ശനത്തെ പിന്‍ചെല്ലുക…
ഫ്രേസര്‍

You must be logged in to post a comment Login