ടൈറ്റാനിക് നായകന്‍ ഫ്രാന്‍സിസ് പാപ്പയെ കാണാനെത്തി

വത്തിക്കാന്‍: അങ്ങനെ ടൈറ്റാനിക്കിലെ ജാക്ക് ഫ്രാന്‍സിസ് പാപ്പയെ കാണാനെത്തി. താരജാഡകളോടെയല്ല,എളിമയുള്ള മനുഷ്യനായി, സിനിമക്കപ്പുറമുള്ള യഥാര്‍ത്ഥ ജീവിത പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍.. ഇന്നലെയാണ് വിഖ്യാത ഹോളിവുഡ് നടന്‍ ലിയനാര്‍ഡോ ഡി കാപ്രിയോ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചത്. കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടുനിന്നു.

പാപ്പയെ കണ്ടയുടന്‍ ഡി കാപ്രിയോ അദ്ദേഹത്തിന്റെ കരങ്ങളില്‍ ചുംബിച്ചു. ‘അങ്ങയുമായുള്ള ഈ സ്വകാര്യ കൂടിക്കാഴ്ചക്ക് അവസരം നല്‍കിയതിന് നന്ദി പറയുന്നു’ എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ പറഞ്ഞുകൊണ്ടായിരുന്നു സംഭാഷണങ്ങളുടെ തുടക്കം. പിന്നീട് സംസാരം ഇംഗ്ലീഷിലേക്കു വഴിമാറി. 15-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഡച്ച് ചിത്രകാരന്‍ ഹെയ്‌റോണിമസ് ബോസ്‌കിന്റെ ചിത്രങ്ങളടങ്ങിയ പുസ്തകമാണ് അദ്ദേഹം ഫ്രാന്‍സിസ് പാപ്പക്ക് സമ്മാനമായി നല്‍കിയത്. മാര്‍പാപ്പയുടെ ഏറ്റവും പുതിയ ചാക്രികലേഖനമായ ലൗദാത്തോ സിയുടെ രണ്ടു കോപ്പികള്‍ ഡി കാപ്രിയോക്കും സ്‌നേഹോപഹാരമായി ലഭിച്ചു.

ചെറുപ്പത്തില്‍ ഈ പ്രപഞ്ചത്തെക്കുറിച്ചും അതിന്റെ വിസ്മയങ്ങളെക്കുറിച്ചും തനിക്ക് കാര്യമായ അറിവുകളൊന്നും തന്നെ ഇല്ലായിരുന്നുവെന്നും ഭൂമിയെന്നാല്‍ ഒരു ഉപഗ്രഹം മാത്രമായിരുന്നുവെന്നും ഡി കാപ്രിയോ പറഞ്ഞു. എന്നാല്‍ ഇന്ന് മികച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ ഡി കാപ്രിയോയും മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാവിഷയം പരിസ്ഥിതിയായിരുന്നു. കോര്‍പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പരിസ്ഥിതിയെ ബലികഴിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു പഠിക്കാന്‍ ചേര്‍ന്ന ഈ വര്‍ഷത്തെ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള അവാര്‍ഡ് നേടിയതും ഡി കാപ്രിയോ ആണ്.

മടങ്ങും മുന്‍പ് ഡി കാപ്രിയോ ഫൗണ്ടേഷനില്‍ നിന്നും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഭാവനയായി മാര്‍പാപ്പക്ക് ചെക്ക് നല്‍കാനും അദ്ദേഹം മറന്നില്ല. വത്തിക്കാന് ഇഷ്ടമുള്ള രീതിയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഈ തുക ഉപയോഗിക്കാമെന്ന് ഡി കാപ്രിയോ പറഞ്ഞു.

You must be logged in to post a comment Login