ഡാനിയേലു: അഭിസാരികയുടെ വീട്ടില്‍ മരിച്ച വിശുദ്ധന്‍

ഡാനിയേലു: അഭിസാരികയുടെ വീട്ടില്‍ മരിച്ച വിശുദ്ധന്‍

jean-cardinal

ജനസമ്മതനും വിശുദ്ധിക്കും കാരുണ്യത്തിനും പേരു കേട്ടവനുമായ ഒരു കര്‍ദിനാള്‍ ഒരു അഭിസാരികയുടെ വീട്ടില്‍ മരിക്കേണ്ടി വന്നതിനേക്കാള്‍ ദൗര്‍ഭാഗ്യകരമായി എന്തുണ്ട്? അദ്ദേഹത്തെ ഒന്നു പിന്തുണയ്ക്കുവാനോ നീതീകരിക്കുവാനോ സഹസന്ന്യാസികള്‍ പോലും മുന്നോട്ടു വരാന്‍ തയ്യാറാവാതെ അപമാനിതനായി, ദുഷ്‌പേരുകാരനായി, പ്രിത്തോറിയത്തിലെ ക്രിസ്തുവിനെ പോലെ കര്‍ദിനാള്‍ ഡാനിയേലൂ കടന്നു പോയി.

പില്‍ക്കാലത്ത് ബെനഡിക്ട് പാപ്പായായി മാറിയ ജോസഫ് റാറ്റ്‌സിംഗറിനൊപ്പം രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ നിര്‍ണായക ശക്തിയായിരുന്ന റിസോഴ്‌സ്‌മെന്റ് ഗ്രൂപ്പിലെ അംഗമായിരുന്നു, കര്‍ദിനാള്‍ ഡാനിയേലു. സഭയുടെ പാരമ്പര്യത്തെ പിന്തുണച്ചവരുടെ കൂട്ടം. 1940 കളില്‍ സഭാപിതാക്കന്മാരുടെ പഠനഗ്രന്ഥ പരമ്പര പ്രസിദ്ധീകരിച്ചു കൊണ്ട് സഭാപിതാക്കന്മാര്‍ക്ക ആധുനിക ലോകത്ത് വലിയ സ്വീകാര്യത നല്‍കിയവരില്‍ പ്രമുഖന്‍ ഡാന്‍യേലു ആയിരുന്നു.

സഭയിലേക്ക് സ്വാതന്ത്ര്യത്തിന്റെ പുതിയ കാറ്റു വീശിയ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ചില ദൂഷ്യഫലങ്ങളുമുണ്ടായി. പലരും സന്ന്യാസ ജീവിതം ഉപേക്ഷിച്ചു. വ്രതങ്ങള്‍ ഉപേക്ഷിച്ചുള്ള ജീവിതം ആരംഭിച്ചു. ഈശോ സഭക്കാരനായിരുന്ന ഡാനിയേലുവിന്റെ സുപ്പീരയര്‍ പോലും പൗരോഹിത്യം ഉപേക്ഷിച്ച് ഭ്രൂണഹത്യ നിയമപരമാക്കാന്‍ വേണ്ടി തുടര്‍ന്നുള്ള ജീവിതം ഉപയോഗിച്ചു.

മനം നൊന്ത് കര്‍ദിനാള്‍ ഡാനിയേലു 1972 ല്‍ വത്തിക്കാന്‍ റേഡിയോയിലൂടെ പ്രഘോഷിച്ചു: ‘ ഇത് കൗണ്‍സിലിന്റെ തെറ്റായ വ്യാഖ്യാനമാണ്…. മതേതര വല്‍ക്കരണം, സ്വാതന്ത്ര്യത്തെ തെറ്റായി മനസ്സിലാക്കിയിരിക്കുന്നു..’

1968 ലാണ് ഡാനിയേലു കര്‍ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തപ്പെട്ടത്. പലതവണ നിരസച്ചതിനു ശേഷമാണ് ഈ പദവി അദ്ദേഹം സ്വീകരിച്ചത്. എനിക്കൊപ്പം സഹനങ്ങളേറ്റെടുക്കാന്‍ ഞാന്‍ അങ്ങയെ ക്ഷണിക്കുന്നു എന്നു പറഞ്ഞു കൊണ്ടാണ് പോള്‍ ആറാമന്‍ ഡാനിയേലുവിനെ കര്‍ദിനാളാകാന്‍ ക്ഷണിച്ചത്. ആ ക്ഷണം നിരസിക്കാന്‍ അദ്ദേഹത്തിന് ആയില്ല.

പോള്‍ ആറാമനെ പിന്തുണച്ചവരുടെ എണ്ണം വളരെ കുറവായിരുന്നു. ഹൂമാനേ വീത്തേയില്‍ മാറ്റമില്ലാത്ത സഭാപഠനങ്ങള്‍ക്കു വേണ്ടി നിലകൊണ്ടതിനു പാപ്പാ കടുത്ത വിമര്‍ശനങ്ങള്‍ക്കു പാത്രമായി.

ഡാനിയേലു കത്തോലിക്കാ സഭയെ അതിരറ്റു സ്‌നേഹിച്ചിരുന്നു. സഭയുടെ കുറവുകള്‍ അദ്ദേഹം മനസ്സിലാക്കിയിരുന്നു. അതോര്‍ത്ത് അദ്ദേഹം വേദനിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ മനസ്സില്‍ കയ്പു കലര്‍ന്നിരുന്നില്ല. കര്‍ദിനാള്‍ എഴുതി: ‘ ജനങ്ങളോടു തോന്നുന്ന സഹതാപമല്ല, എന്നെ സഭയിലേക്ക് ആകര്‍ഷിക്കുന്നത്, ഈ ്മനുഷ്യരിലൂടെ നല്‍കപ്പെട്ടിരിക്കുന്ന യേശു ക്രിസ്തുവിന്റെ സത്യമാണ്. യേശുവില്‍ നിന്ന് അവളെ വേറിട്ടു കാണാന്‍ കഴിയാത്തതു കൊണ്ടാണ് ഞാന്‍ സഭയെ സ്‌നേഹിക്കുന്നത്.’

1972 ല്‍ കര്‍ദിനാള്‍ ഒരു അഭിസാരികയുടെ വീട്ടില്‍ മരിച്ചു കിടക്കുന്നതായി കാണപ്പെട്ടു. അദ്ദേഹത്തിന്റെ പക്കല്‍ വളരെയധികം പണവും കാണപ്പെട്ടു. എന്താവും ഫലം എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇത് അക്കാലത്ത് മാധ്യമങ്ങളില്‍ ഇടര്‍ച്ചയുടെ തലക്കെട്ടായി. എന്നാല്‍ കാര്‍മേഘങ്ങള്‍ വൈകാതെ മായുക തന്നെ ചെയ്തു. അന്വേഷണങ്ങളില്‍ സത്യം വെളിപ്പെട്ടു. പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെടവരുടെയും വീടുകളിലേക്ക് സഹായഹസ്തവുമായി എത്തുക അദ്ദേഹത്തിന്റെ പതിവായിരുന്നു. അങ്ങനെ അവസാനം എത്തിയത് ഭര്‍ത്താവ് ജയിലിലായതിനാല്‍ നിയമപരമായ സഹായം അത്യാവശ്യമായിരുന്ന ഒരു വിധവയുടെ വീട്ടിലായിരുന്നു. ധനസഹായവുമായെത്തിയ പുരോഹിതന്‍ അവിടെ എത്തിയപ്പോള്‍ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു എന്ന് ആ സ്ത്രീ ഏറ്റുപറഞ്ഞു. അവിശുദ്ധമായ യാതൊന്നും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞു. എങ്കിലും അദ്ദേഹത്തിന്റെ നിരപരാധിത്വം വിശ്വസിക്കാനോ അത് പരസ്യമാക്കാനോ സഹപ്രവര്‍ത്തകര്‍ തയ്യാറായില്ല.

എന്നാല്‍ ഇന്ന് സത്യം പ്രഭാതം പോലെ വ്യക്തമായിരിക്കുന്നു. കര്‍ദിനാള്‍ ഡാനിയേലുവിന്റെ ഓര്‍മകള്‍ക്കു മേല്‍ ബഹുമാനാദരവുകള്‍ നിറയുന്നു. ഇരുണ്ട രാത്രിയിലൂടെ അദ്ദേഹം കടന്നു പോയി, സ്വന്തം ഗുരുവിനെ പോലെ. എന്നാല്‍ പ്രഭാതം ഇതാ വന്നു ചേര്‍ന്നിരിക്കുന്നു. ദൈവം തന്റെ ദാസനെ നീതീകരിക്കുന്ന കാലം!.

One Response to "ഡാനിയേലു: അഭിസാരികയുടെ വീട്ടില്‍ മരിച്ച വിശുദ്ധന്‍"

  1. Jo   April 11, 2015 at 3:59 pm

    He is a real saint, rep of Jesus on earth, we need more and more Danielus now

You must be logged in to post a comment Login