‘ഡാഷ്യുവിലെ മാലാഖക്ക്‌’ രക്തസാക്ഷിത്വ പദവി

വത്തിക്കാന്‍: നാസി പീഡനകാലത്ത് രക്തസാക്ഷിത്വം വരിച്ച ഫാദര്‍ ഏയ്ഞ്ചല്‍മാര്‍ അണ്‍സെയ്തിക്കിനെ ഫ്രാന്‍സിസ് പാപ്പ രക്തസാക്ഷിയായി പ്രഖ്യാപിച്ചു. ചെക്ക് റിപ്പബ്ലിക്കില്‍ ജനിച്ച അദ്ദേഹം ഓസ്‌ട്രേലിയയിലും ജര്‍മ്മനിയിലും വൈദികനായി സേവനം ചെയ്തിരുന്നു. യഹൂദര്‍ക്കെതിരെയുള്ള നാസികളുടെ കിരാതമായ പീഡനങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന്റെ പേരിലാണ് അദ്ദേഹത്തെ നാസി പട്ടാളം അറസ്റ്റ് ചെയ്തത്. ‘ലോകത്തിലെ ഏറ്റവും വലിയ സന്യാസമന്ദിരം’ എന്ന വിളിപ്പേരുള്ള ഡാഷ്യു കോണ്‍സണ്‍േട്രഷന്‍ ക്യാമ്പില്‍ വെച്ചാണ് ഫാദര്‍ അണ്‍സെയ്തിക്ക് ശിക്ഷിക്കപ്പെട്ടത്. ‘ഡാഷ്യുവിലെ മാലാഖ’ എന്നും ഫാദര്‍ ഏയ്ഞ്ചല്‍മാര്‍ അണ്‍സെയ്തിക്ക് അറിയപ്പെടുന്നു.

2700 വൈദികരെ തടവുകാരായി പാര്‍പ്പിച്ചിരുന്ന കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പായിരുന്നു ഡാഷ്യു കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ്. ഇക്കാരണം കൊണ്ടാണ്  ‘ലോകത്തിലെ ഏറ്റവും വലിയ സന്യാസമന്ദിരം’ എന്ന പേര് ഡാഷ്യു കോണ്‍സണ്‍േട്രഷന്‍ ക്യാമ്പിന് ലഭിച്ചത്.

1911 ല്‍ ചെക്ക് റിപ്പബ്ലിക്കിലാണ് ഫാദര്‍ ഏയ്ഞ്ചല്‍മാര്‍ അണ്‍സെയ്തിക്കിന്റെ ജനനം. 18-ാമത്തെ വയസ്സില്‍ മരിയന്‍ഹില്‍ മിഷനറി സൊസൈറ്റിയില്‍ ചേര്‍ന്നു. 30-ാമത്തെ വയസ്സിലാണ് ഫാദര്‍ അണ്‍സെയ്തിക്കിനെ നാസികള്‍ തടവിലാക്കുന്നത്. തടവിലായിരുന്നപ്പോള്‍ കൂടെയുണ്ടായിരുന്നവരുമായി ആശയവിനിമയം നടത്താന്‍ അദ്ദേഹം റഷ്യന്‍ ഭാഷ സ്വായത്തമാക്കി. റഷ്യയില്‍ നിന്നും നിരവധി പേര്‍ ആ സമയത്ത് അവിടെ തടവുകാരായി ഉണ്ടായിരുന്നു. എല്ലാവരും അദ്ദേഹത്തെ ഒരു വിശുദ്ധനായാണ് കണക്കാക്കിയിരുന്നത്.

തടവുകാര്‍ക്ക് ടൈഫോയ്ഡ് പിടിപെട്ടപ്പോള്‍ ഫാദര്‍ അണ്‍സെയ്തിക്കിന്റെ നേതൃത്വത്തിലാണ് രോഗികളെ ശുശ്രൂഷിച്ചിരുന്നത്. തുടര്‍ന്ന് അദ്ദേഹത്തിനും ടൈഫോയ്ഡ് പിടിപെട്ടു. അത് മരണത്തിലേക്കു നയിച്ചു. 1945 ഏപ്രില്‍ 29 നാണ് അദ്ദേഹം മരിക്കുന്നത്. 2009 ജൂലൈ 3 ന് ബനഡിക്ട് പതിനാറാമന്‍ പാപ്പ ഫാദര്‍ അണ്‍സെയ്തിക്കിനെ ധന്യനായി പ്രഖ്യാപിച്ചു.

You must be logged in to post a comment Login