ഡി കാപ്രിയോയും ഫ്രാന്‍സിസ് പാപ്പായും തമ്മിലെന്ത്?

ഡി കാപ്രിയോയും ഫ്രാന്‍സിസ് പാപ്പായും തമ്മിലെന്ത്?

88 ാം ഓസ്‌കര്‍ നിശയില്‍ റെവനന്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ലിയോണാര്‍ഡോ ഡി കാപ്രിയോ വേദിയില്‍ നടത്തിയ പ്രസംഗം കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ആശങ്ക വെളിപ്പെടുത്തുന്നതായിരുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തില്‍ നിന്നുമാണ് റെവ്‌നന്റിന്റെ പിറവി. കാലാവസ്ഥാ വ്യതിയാനം യാഥാര്‍ത്ഥ്യമാണ്. അത് ഇപ്പോള്‍ തന്നെ നിലവില്‍ വന്നിരിക്കുന്നു… ജീവജാലങ്ങളെ ആകമാനം ബാധിക്കുന്ന ആഗോളതാപനത്തിന്റെ തീവ്രതയ്ക്ക് റെവ്‌നന്റിന്റെ ചിത്രീകരണവും പാത്രമായി എന്നും താരം കൂട്ടിച്ചേര്‍ത്തു. ലോകനേതാക്കളുടെ പിന്തുണ ആഗോളതാപനത്തിനെതിരായി ഡി കാപ്രിയോ അഭ്യര്‍ത്ഥിച്ചു.

ഇക്കഴിഞ്ഞ ജനുവരിയില്‍ ഡികാപ്രിയോ ഫ്രാന്‍സിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പരിസ്ഥിതി നേരിടുന്ന പ്രശ്‌നവും വെല്ലുവിളിയും തന്നെയായിരുന്നു, പ്രധാന ചര്‍ച്ചാവിഷയം. ഭൂമിയെ സംരക്ഷിക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ചാക്രിക ലേഖനം എഴുതിയ ഫ്രാന്‍സിസ് പാപ്പാ പരിസ്ഥിതിയുടെ പാപ്പാ എന്നും വാഴ്ത്തപ്പെടുന്നു. ആഗോള താപനത്തിനെതിരെ അണിചേരാന്‍ പാപ്പാ അതില്‍ ഏവരെയും ആഹ്വാനം ചെയ്യുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

ഭൂമിയെ സംരക്ഷിക്കുന്ന കാര്യത്തില്‍ സമാനചിന്താഗതിക്കാരനായ പാപ്പായ്ക്ക് ഡികാപ്രിയോ സമ്മാനിച്ചത് 15 ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഡച്ച് കലാകാരനായ ഹിയറോണിമസ് ബോഷിന്റെ പെയിന്റിംഗുകളെ ആസ്പദമാക്കിയുള്ള ഒരു പുസ്തകമാണ്. ഏദന്‍ തോട്ടത്തിന്റെ ചിത്രം അടങ്ങിയ പുസ്തകത്തിന്റെ ശരിയായ അര്‍ത്ഥം താന്‍ മനസ്സിലാക്കി തുടങ്ങുകയാണെന്ന് ഹോളിവുഡ് താരം പാപ്പയോട് പറഞ്ഞിരുന്നു. ഭൂമിയിലെ ആനന്ദങ്ങളുടെ പൂങ്കാവനം എന്ന ഹിയറോണിമസിന്റെ പ്രസിദ്ധ വാക്യം പുസ്തകത്തിന്റെ ആദ്യ പുറത്തില്‍ രേഖപ്പെടുത്തിയിരുന്നത് ഡി കാപ്രിയോ പാപ്പായുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.

ഒരു ജപമാലയും ലൗദാത്തോ സീയുടെയും സുവിശേഷത്തിന്റെ ആനന്ദത്തിന്റെയും ലെതര്‍ ചട്ടയുള്ള പ്രതിയുമാണ് പ്രകൃതി സ്‌നേഹിയായ നടന് പാപ്പാ സമ്മാനിച്ചത്. പ്രാര്‍ത്ഥനയില്‍ തന്നെയും കൂടി ഓര്‍ക്കണമെന്ന് ഡി കാപ്രിയോട് അഭ്യര്‍ത്ഥിക്കാനും പാപ്പ മനസ്സു കാണിച്ചതും ശ്രദ്ധേയമായി.

 

ഫ്രേസര്‍

You must be logged in to post a comment Login