ഡോ.കലാം നന്മയുള്ള ദര്‍ശനങ്ങള്‍ നല്‍കിയ മഹത്‌വ്യക്തിത്വം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

ഡോ.കലാം നന്മയുള്ള ദര്‍ശനങ്ങള്‍ നല്‍കിയ മഹത്‌വ്യക്തിത്വം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

apjകൊച്ചി: വിദ്യാര്‍ഥികള്‍ക്കും രാജ്യത്തിനാകെയും ദീര്‍ഘവീക്ഷണത്തോടെ നന്മയുള്ള ദര്‍ശനങ്ങള്‍ നല്‍കിയ മഹദ്‌വ്യക്തിത്വമായിരുന്നു മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റേതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി അനുസ്‌മരിച്ചു. ആധുനിക ഭാരതത്തിലെ ഉന്നതവിദ്യാഭ്യാസ വിചക്ഷണനായിരുന്ന അദ്ദേഹം എല്ലാവരോടും സൗഹൃദവും സ്‌നേഹവും പുലര്‍ത്തുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചു. രാഷ്ട്രപതിസ്ഥാനത്തു നിന്നു വിരമിച്ച ശേഷവും തന്റെ അനുപമായ വിജ്ഞാന സമ്പത്ത്‌ രാജ്യത്തെ ചിന്തിക്കുന്ന സമൂഹത്തിനും പുതുതലമുറയ്‌ക്കും പങ്കുവച്ചു നല്‍കുന്നതിന്‌ അദ്ദേഹം ഉത്സാഹം പ്രകടിപ്പിച്ചു. തന്റെ അറിവും അനുഭവങ്ങളും പകര്‍ന്നുനല്‍കുന്ന വേദിയില്‍ നിന്നാണ്‌ ഡോ. കലാം മരണത്തിലേക്കു യാത്രയായതെന്നതു പ്രത്യേകം സ്‌മരണീയമാണ്‌.
ശാസ്‌ത്ര സാങ്കേതികരംഗത്തും ഉന്നത വിദ്യാഭ്യാസമേഖലയിലും രാജ്യം കൈവരിച്ച നേട്ടങ്ങളില്‍ പലതിലും അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശനങ്ങളുണ്ട്‌. മതേതര രാഷ്ട്രമായ ഭാരതത്തില്‍ എല്ലാ മതങ്ങളോടും മതനേതാക്കളോടും സ്‌നേഹവും സൗഹാര്‍ദവും രൂപപ്പെടുത്തുന്നതിലും വളര്‍ത്തുന്നതിലും അദ്ദേഹം താത്‌പര്യം പുലര്‍ത്തി. ഡോ. കലാമിന്റെ വിയോഗം രാജ്യത്തിനും ലോകത്തിനാകെയും തീരാനഷ്ടമാണ്‌. അദ്ദേഹത്തിന്റെ ധീരമായ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ഥിക്കുന്നതായും കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

You must be logged in to post a comment Login