തടവുപുള്ളിക്ക് ഫ്രാന്‍സിസ് പാപ്പയുടെ കത്ത്

തടവുപുള്ളിക്ക് ഫ്രാന്‍സിസ് പാപ്പയുടെ കത്ത്

ലോസ് ഏഞ്ചല്‍സ്: ജുവനൈല്‍ ഹോമില്‍ നിന്നും ഫ്രാന്‍സിസ് പാപ്പക്ക് കത്തെഴുതുമ്പോള്‍ കാര്‍ലോസ് അഡ്രിയാന്‍ വാക്വെസ് എന്ന ടീനേജുകാരന്‍ തിരികെ മറുപടിയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. കണക്കുകൂട്ടലുകളും കരുതലുകളും തെറ്റി. കാര്‍ലോസിനെ തേടി ജുവനൈല്‍ ഹോമിലേക്ക് മാര്‍പാപ്പയുടെ കത്തെത്തി. സ്‌നേഹവും വാത്സല്യവും തുളുമ്പുന്ന കത്ത്…

‘പ്രിയപ്പെട്ട കാര്‍ലോസ്’ എന്ന് അഭിസംബോധന ചെയ്താണ് മാര്‍പാപ്പയുടെ കത്തിന്റെ തുടക്കം. ‘ഞാന്‍ നിനക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്, നിന്നെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. നിന്റെ പ്രാര്‍ത്ഥനയില്‍ എന്നെയും ഓര്‍മ്മിക്കുക. കാരണം, എനിക്കു നിന്റെ പ്രാര്‍ത്ഥന ഏറെ ആവശ്യമുണ്ട്’, മാര്‍പാപ്പയുടെ കത്തില്‍ പറയുന്നു. കരുണയുടെ വര്‍ഷത്തില്‍ ലോസ് ഏഞ്ചല്‍സിലെ ജയിലില്‍ തുറക്കുന്ന കരുണയുടെ വാതിലിലൂടെ അകത്തു പ്രവേശിക്കണമെന്നും കരുണയുടെ വര്‍ഷം ഫലപ്രദമായ രീതിയില്‍ പ്രയോജനപ്പെടുത്തണമെന്നും ഫ്രാന്‍സിസ് പാപ്പ ഉപദേശിച്ചു.

മാര്‍പാപ്പ തനിക്കു മറുപടിയയച്ചെന്നു വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു കാര്‍ലോസിന്റെ പ്രതികരണം. ‘അഴികള്‍ക്കുള്ളിലായിരിക്കുന്ന ഒരാള്‍ക്ക് അദ്ദേഹം കത്തെഴുതുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. സമൂഹം എന്നോടു ക്ഷമിച്ചില്ലെങ്കിലും ദൈവം ക്ഷമിക്കുമെന്ന് എനിക്കറിയാം. ഫ്രാന്‍സിസ് പാപ്പയുടെ കത്ത് ദൈവത്തില്‍ നിന്നുള്ള സന്ദേശമായാണ് ഞാന്‍ കാണുന്നത്. ദൈവത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണെന്ന് എനിക്കു ബോധ്യമായി.

കൊലപാതകക്കുറ്റത്തിന് 16-ാമത്തെ വയസ്സിലാണ് കാര്‍ലോസ് ജുവനൈല്‍ ഹോമില്‍ തടവിലാക്കപ്പെട്ടത്. അവിടെ വെച്ചാണ് മാനസാന്തരപ്പെട്ടതും. ഫ്രാന്‍സിസ് പാപ്പയെക്കുറിച്ചുള്ള പുസ്തകങ്ങളും ലേഖനങ്ങളും ജുവനൈല്‍ ഹോമില്‍ വെച്ച് കാര്‍ലോസ് വായിച്ചു. അങ്ങനെയാണ് അദ്ദേഹത്തിന് കത്തെഴുതണമെന്ന് തോന്നിയതും. സമൂഹം തന്നെ അകറ്റി നിര്‍ത്തിയാലും ഫീനിക്‌സ് പക്ഷിയെപ്പോലെ താന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് കാര്‍ലോസ് ഫ്രാന്‍സിസ് പാപ്പക്കയച്ച കത്തില്‍ പറഞ്ഞിരുന്നു.

You must be logged in to post a comment Login