തട്ടിക്കൊണ്ടുപോകപ്പെട്ട മെത്രാന്‍ ദളിതനായതുകൊണ്ടാണോ സഭ നിശ്ശബ്ദത പാലിക്കുന്നത്?

തട്ടിക്കൊണ്ടുപോകപ്പെട്ട മെത്രാന്‍ ദളിതനായതുകൊണ്ടാണോ സഭ നിശ്ശബ്ദത പാലിക്കുന്നത്?

ഹെദ്രാബാദ്: ബിഷപ് പ്രസാദ് ഗല്ലേലയെ തട്ടിക്കൊണ്ടുപോയ കേസില്‍ സഭ നിശ്ശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് ദളിത് കത്തോലിക്കാ നേതാവ് ഫാ. ബോസ്‌ക്കോ എസ്.ജെ. ഇത് സംബന്ധിച്ച് അദ്ദേഹം കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് ബാവയ്ക്ക് അയച്ച കത്തിലാണ് ഈ ചോദ്യം ഉന്നയിച്ചിരിക്കുന്നത്.

ബിഷപ് പ്രസാദ് ദളിത് സമൂഹത്തില്‍ നിന്നുള്ള വ്യക്തിയാണ്. പ്രതികളായ വൈദികര്‍ ഉന്നതകുലജാതിയായ റെഡി വംശത്തില്‍ നിന്നുള്ളവരും. പ്രാര്‍ത്ഥന, പ്രസ്താവന, വാഗ്ദാനം ഇതെല്ലാം സഭയുടെ ഉന്നതങ്ങളില്‍ നിന്നുള്ളവരുടെ വെറും വാക്കുകള്‍ മാത്രമാണോ എന്നാണ് ഫാ. ബോസ്‌ക്കോ ഉയര്‍ത്തുന്ന ചോദ്യം. എന്തുകൊണ്ട് സഭാധികാരികള്‍ ഭയക്കുകയും തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ മടിക്കുകയും ചെയ്യുന്നത്. അവര്‍ക്ക് ജാതിവ്യവസ്ഥയെ ഭയമാണോ?. ദളിതരെ മാത്രമല്ല ദളിതന്‍ മെത്രാനാണെങ്കില്‍ അദ്ദേഹത്തെ പോലും ഉപദ്രവിച്ചാല്‍ ഇവര്‍ക്ക് പരിഗണനയൊന്നുമില്ലെന്നോ..ചോദ്യങ്ങള്‍ ഇങ്ങനെ നീണ്ടുപോകുന്നു.

നാഷനല്‍ കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സിന്റെ ഉപദേശകനും ആന്ധ്രാപ്രദേശ്- തെലങ്കാന മേഖലകളിലെ ഫോറം ഓഫ് റിലീജിയസ് ഫോര്‍ ജസ്റ്റീസ് ആന്റ് പീസിന്റെ കണ്‍വീനറുമാണ് ഫാ. ബോസ്‌ക്കോ എസ്.ജെ. മെയ് പതിനാറിന് സംഭവത്തില്‍ പ്രതിഷേധിച്ചും ബിഷപ് പ്രസാദ് ഗല്ലേലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും ഇദ്ദേഹം സംഘടിപ്പിച്ച റാലിയില്‍ ആയിരത്തിയഞ്ഞൂറോളം പേര്‍ പങ്കെടുത്തിരുന്നു. പത്തു വൈദികരും എട്ട് കന്യാസ്ത്രീകളും അതില്‍ പങ്കെടുത്തിരുന്നു.

2015 ല്‍ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയപ്പോള്‍ സഭയുടെ നേതൃത്വത്തില്‍ പ്രതിഷേധറാലികളും മെഴുകുതിരി പ്രദക്ഷിണങ്ങളും പത്രപ്രസ്താവനകളും നടത്തിയിരുന്നതും ഫാ. ബോസ്‌ക്കോ ഓര്‍മ്മിച്ചു. എന്നാല്‍ അത്തരത്തിലുള്ള ഇടപെടല്‍ സഭയുടെ ഭാഗത്തുനിന്നും ഇതുവരെയും ഉണ്ടായിട്ടില്ല. കര്‍ദിനാള്‍ ക്ലിമീസിന്റെ ദളിതരോടുള്ള വ്യക്തിപരമായ അനുകമ്പയെയും പരിഗണനയെയും ഫാ. ബോസ്‌ക്കോ പ്രശംസിക്കുകയും ചെയ്തു.

You must be logged in to post a comment Login