തലക്കേറ്റ ആഘാതം

തലക്കേറ്റ ആഘാതം

ചിന്താമൃതം 2

 

handഅന്ന് രാവിലെ ഓഫീസിൽ പോകാനായി കാറിലേക്ക് കയറുമ്പോൾ തല കാറിന്റെ വാതിലിന് മുകൾ ഭാഗത്ത് ശക്തമായി ഇടിച്ചു. ആഘാതത്തിൽ കണ്ണിലൂടെ തീക്കാറ്റ് ഇറങ്ങി വന്നു, അതി ശക്തമായ വേദന. ഒരു മണിക്കൂറോളം സംസാരിക്കാൻ പോലും സാധിച്ചില്ല. തലക്കേറ്റ ശക്തമായ ആഘാതത്തിനൊപ്പം,ഉലഞ്ഞ മനസ്സുമായി അന്നത്തെ ഓഫീസ് ജീവിതം കടന്നുപോയി.

വൈകുന്നേരം പതിവുപോലെ ഷാർജ്ജ മിഖായേൽ മാലാഖയുടെ ദേവാലയത്തിന്റെ അൾത്താരയ്ക്ക് മുൻപിൽ പ്രാർത്ഥനയ്ക്കായി മുട്ടുകുത്തി. അപ്പോഴും തല നന്നായി വേദനിക്കുന്നുണ്ടായിരുന്നു. പണ്ട് ഗുരു പഠിപ്പിച്ചതോർത്തു,”തലവേദന വരുമ്പോൾ തല തന്ന ദൈവത്തിനു നന്ദി പറയണം” എന്ന്. പക്ഷെ അതിനു ശ്രമിച്ചിട്ടും സാധിച്ചില്ല മറിച്ച് വേദനയും സങ്കടവും ദേഷ്യവും ഒക്കെ നിറഞ്ഞ മനസ്സോടെ ഈശോയോട് കുറെ പരാതികൾ പറഞ്ഞു. കലങ്ങിയ മനസ്സും നിറഞ്ഞ കണ്ണുകളും കൂപ്പിയ കരങ്ങളുമായി അങ്ങനെ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ചെറു പുഞ്ചിരിയോടെ ഈശോ മുൻപിൽ വന്നു നിൽകുന്നതായി തോന്നി. അവൻ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ്. പക്ഷെ അപ്പോഴും എനിക്ക് ദേഷ്യവും സങ്കടവും .

അവസാനം നസറായാൻ എന്നോട് പറഞ്ഞു “നീ എന്റെ കൈകളിലേക്ക് നോക്കിക്കേ,എന്റെ വലത് കൈയ്യിലേക്ക്”. ഞാൻ ആത്മഗതമെന്നോണം പറഞ്ഞു, “നിന്റെ ആണിപ്പടുകൾ കാണിക്കാനല്ലേ?, ഇത് ഞാൻ കുറെ കണ്ടതാ”. ഇത് മനസ്സിലാക്കിയ നസറായൻ പറഞ്ഞു, “അല്ല മോനെ, ആണിപ്പടുകൾ അല്ല ഇത്, നീ ഒന്ന് നോക്കൂ.”

മെല്ലെ ഞാൻ കണ്ണുകൾ തുറന്നു നോക്കുമ്പോൾ അവന്റെ വലതു കൈപ്പത്തിയിൽ നിന്നും രക്ത തുള്ളികൾ ഇറ്റിറ്റു വീഴുന്നു. ഞാൻ അവന്റെ കൈകളിലേക്ക് സൂക്ഷിച്ചു നോക്കി , ദുഖത്തോടെ ചോദിച്ചു, വിണ്ടും ആ പടയാളികൾ നിന്റെ കൈകളിൽ ആണിയടിച്ചോ?. നസറായൻ ഒന്ന് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു, ഇത് ചെയ്തത് പടയാളികൾ അല്ല, രാവിലെ നിന്റെ തല ഇടിച്ചപ്പോൾ നിന്നെ രക്ഷിക്കാൻ തലയ്ക്കു മുകളിൽ എന്റെ കൈ വച്ചു തടഞ്ഞതാ സാരമില്ല നിന്റെ തലയോട് പിളർത്താതിരിക്കാൻ എന്റെ കൈപ്പത്തി മുറിഞ്ഞു. നസറായന്റെ കൈകളിലേക്ക് ഞാൻ സൂക്ഷിച്ചു നോക്കി. എന്റെ കണ്ണിൽ നിന്നും കണ്ണീർ ചാലുകൾ പുറപ്പെട്ടു. എനിക്കായ് വീണ്ടും മുറിവേൽക്കപ്പെട്ടവൻ . അവന്റെ മുറിഞ്ഞ കൈപ്പത്തി എന്റെ തലയിലേക്ക് ഞാൻ എടുത്തു വച്ചു . അവന്റെ മുറിവിൽ നിന്ന് ഇറ്റിറ്റു വീണ തിരുച്ചോരത്തുള്ളികളാൽ എന്റെ തലയും, ശരീരവും, മനസ്സും ആത്മാവും സുഖപ്പെട്ടു.

“നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേൽപ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്ഷതമേൽപ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്കു രക്ഷ നൽകി; അവന്റെ ക്ഷതങ്ങളാൽ നാം സൌഖ്യം പ്രാപിച്ചു”.(ഏശയ്യ 53:5 )

 

 

ജോ കാവാലം.

You must be logged in to post a comment Login