തലയിലെൻ സ്വന്തം ശവമഞ്ചമേന്തി…..

തലയിലെൻ സ്വന്തം ശവമഞ്ചമേന്തി…..

ഈയിടെ ഒരു വൈദിക ശ്രേഷ്ഠൻ വിശുദ്ധ കുർബ്ബാന മധ്യേ നായിനിലെ വിധവയുടെ മകനെ യേശു ഉയിർപ്പിച്ച സംഭവത്തെ വ്യഖ്യാനിച്ച രീതി വളരെ രസകരമായി തോന്നി. ഇന്നത്തെ ആധുനിക ലോകത്തിന്റെ വളർച്ചയുമായി  ബന്ധപ്പെടുത്തിയാണ്‌ അദ്ദേഹം അതിനെ വ്യഖ്യാനിച്ചത്. ആ ജനക്കൂട്ടത്തിന്റെ പ്രയാണം മുന്നോട്ടാണ്. പക്ഷേ അതിന്റെ പിറകിൽ ഒരു ശവമഞ്ചമാണ്. ഒരു യുവാവിന്റെ ശവമഞ്ചം. ഒരു അമ്മയുടെ ദീനരോദനം നമ്മൾക്കു കേൾക്കാം. ‘ആരുണ്ട് ഇനി എനിക്ക്?’ എന്ന അവളുടെ തേങ്ങലുണ്ട് അവിടെ.

നമ്മുടെ ആധുനിക സമൂഹത്തിന് ഇതിലൂടെ ഒരുപാട് ചിന്തിക്കാനുള്ള പഴുതുകളുണ്ട്. ആകാശത്തേക്ക് ഉയർന്നു പോകുന്ന അംബരചുംബികളായ കെട്ടിടങ്ങൾ , ആധുനിക ടെക്നോളജിയിലൂടെ രാജ്യങ്ങൾ തമ്മിൽ അകലം കുറഞ്ഞ അവസ്ഥ. ഇന്നത്തെ ലോകത്തിന്റെ പ്രയാണം ഇങ്ങനെ പല വഴിയിലൂടെ മുന്നോട്ട് പോവുകയാണ്. എന്നാൽ ആത്മാവു മരിച്ച മനുഷ്യരെ വഹിച്ചുകൊണ്ടാണ് ഈ ആധുനിക ലോകം മുമ്പോട്ടു കുതിക്കുന്നത്. നായിനിൽ ഒരു ശവമഞ്ചമായിരുന്നെങ്കിൽ ഇന്ന് ആത്മാവില്ലാത്ത ശരീരത്തെ പേറി നടക്കുന്ന വലിയൊരു ജനക്കൂട്ടമാണെന്നു മാത്രം.

ജോലി കിട്ടാൻ വേണ്ടിയുള്ള പഠനങ്ങൾ. ജോലിക്കു വേണ്ടിയുള്ള ജീവിതം. സമ്പത്തിനു വേണ്ടിയുള്ള നെട്ടോട്ടം. ഭാര്യക്കും ഭർത്താവിനും ജോലി. ഇതിനിടയിൽ പരസ്പരം ഒന്നു നോക്കാനോ സ്നേഹിക്കാനോ സമയമില്ലാതെ, കുഞ്ഞിന് അമ്മിഞ്ഞപ്പാലു പോലും കൊടുക്കാനാകാതെ ഓടിപ്പാഞ്ഞു കിതച്ചു നിൽക്കുന്ന ജീവിതങ്ങൾ. അവസാനം എന്തു നേടി എന്ന ചോദ്യം മാത്രം ബാക്കി. ആധുനിക സമൂഹത്തിന് ജീവിതം ശരിക്കും ആസ്വദിക്കാനാകുന്നുണ്ടോ? നിത്യജീവിതം മിഥ്യയാണെന്ന് കരുതി ജീവിതം അഭിനയിച്ചു തീർക്കുന്ന ഭൂരിഭാഗം പേരെയും ഒരുപോലെ വിളിക്കാം -തലയിൽ സ്വന്തം ശവമഞ്ചമേറ്റി നടക്കുന്നവർ.

ആത്മാവു മരിച്ച മക്കളെ ഓർത്തു വിലപിക്കുന്ന നിരവധി അമ്മമാരുണ്ടിവിടെ.

നായിനിലെ വിധവയുടെ ഉപമയിലേക്കു തിരിച്ചു പോയാൽ അവരുടെ വിലാപം സന്തോഷമാക്കി മാറ്റിയ ഒരു വ്യക്തിയുണ്ട്. അതു യേശുക്രിസ്തുവാണ്. മരിച്ചവനെ ഉയിർപ്പിച്ച ക്രിസ്തു. ശവമഞ്ചം പേറിയ ഈ ജീവിതയാത്രയിൽ നാമെന്നാണ് അവനെ കണ്ടുമുട്ടുക – അവനെപ്പോഴാണ് നമ്മെ ഉയിർപ്പിക്കുക.

ജെറി വടൂക്കര

You must be logged in to post a comment Login