തിരി അണയാറായ്.. ( സെലിന്റെ കഥ; മാര്‍ട്ടിന്റെയും 13)

ഏറെ പ്രതീക്ഷയോടെയാണ് സെലിനും മക്കളും ലൂര്‍ദ്ദിലേക്ക് യാത്രയായത് എങ്കിലും ആ യാത്ര അവരുടെ എല്ലാ സന്തോഷങ്ങളും അപഹരിച്ചു എന്നതാണ് സത്യം. ട്രെയിന്‍ ചൊരുക്കം മക്കളെ പിടികൂടി. മാത്രവുമല്ല പ്രിയപ്പെട്ടതായി മേരിയും പൗളിനും കരുതിയിരുന്ന കൊന്ത ആ യാത്രയ്ക്കിടയില്‍ അവര്‍ക്ക് എങ്ങനെയോ നഷ്ടമാവുകയും ചെയ്തു. സെലിനാവട്ടെ കഴുത്തിന് ചെറിയൊരു പരിക്കും പറ്റി.. ഇതൊക്കെയും സഹിക്കാമായിരുന്നു. പക്ഷേ സെലിന് രോഗസൗഖ്യം ലഭിച്ചില്ല എന്നതായിരുന്നു ഏറെ ഖേദകരം. അത്ഭുത നീരുറവയും സെലിന്റെ അസുഖത്തെ ഭേദപ്പെടുത്തിയില്ല. ഇനി ഒരു അത്ഭുതവും തന്നെ കാത്തുനില്ക്കുന്നില്ല എന്ന് സെലിന് മനസ്സിലായി..ഇതാണ് ദൈവഹിതം..പ്രാര്‍ത്ഥനയുടെ കുറവായിരുന്നു തന്റെ രോഗം സുഖപ്പെടുന്നതിന് കാരണമായിരുന്നതെങ്കില്‍ ഇതിനകം അസുഖം ഭേദപ്പെടുമായിരുന്നുവല്ലോ.അപ്പോള്‍ പ്രാര്‍ത്ഥിക്കാത്തതിന്റെ പേരിലല്ല.. ചികിത്സിക്കാത്തതുകൊണ്ടാണ് അസുഖം ഭേദമാകാത്തത് എന്നും പറയാനാവില്ല.. ചികിത്സിക്കാന്‍ സന്നദ്ധമായിരുന്നിട്ടും ചികിത്സയുടെ പരിമിതി അതിന് വിഘാതമായി നില്ക്കുകയാണല്ലോ.. അപ്പോള്‍ അതും അല്ല..ഇതാണ് ദൈവഹിതം..ഇനി സന്തോഷത്തോടെ മരിക്കുക മാത്രമേ നിവൃത്തിയുള്ളൂ.ദൈവം അത്തരമൊരു ത്യാഗമാണ് തന്നില്‍ നിന്ന് ആവശ്യപ്പെടുന്നത്.

പരിപൂര്‍ണ്ണമായ ദൈവഹിതത്തിന് കീഴടങ്ങാന്‍ സന്നദ്ധത കാട്ടിയപ്പോള്‍ മനസ്സില്‍ വല്ലാത്തൊരു ശാന്തത പരക്കുന്നത് സെലിന്‍ അറിഞ്ഞു. തിരികെ വണ്ടിയിറങ്ങിയപ്പോള്‍ മാര്‍ട്ടിനും മക്കളും അവിടെ കാത്തുനിന്നിരുന്നു. രോഗസൗഖ്യം പ്രാപിച്ച ഭാര്യയെയാണ് അയാള്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും അത് സംഭവിക്കാതെ വന്നപ്പോള്‍ മാര്‍ട്ടിന്‍ നിരാശപ്പെട്ടില്ല. ദൈവഹിതത്തിന് പൂര്‍ണ്ണമായും വിധേയപ്പെടാന്‍ മാര്‍ട്ടിനും തയ്യാറായിക്കഴിഞ്ഞിരുന്നു. വെല്‍ക്കം ബായ്ക്ക് മൈ ഡിയര്‍ .സെലിനെ ആശ്ലേഷിച്ചുകൊണ്ട് മാര്‍ട്ടിന്‍ ആശംസിച്ചു. ഇനി നമുക്ക് ഒരിടത്തേക്കും പോകണ്ട.. ഇനിയുള്ള കാലം എപ്പോഴും ഒരുമിച്ച് തന്നെ. മാര്‍ട്ടിന്‍ പറഞ്ഞു. അത് അക്ഷരംപ്രതി നടപ്പില്‍ വരുത്താനും ശ്രമിച്ചു.

മീന്‍ പിടുത്തം മാര്‍ട്ടിന്റെ ഇഷ്ടവിനോദങ്ങളിലൊന്നായിരുന്നു. ഒഴിവുസമയം ചൂണ്ടയില്‍ ഇരയെ കൊളുത്തി അയാള്‍ തടാകക്കരയിലേക്കോ നദീതീരത്തേക്കോ പോകുമായിരുന്നു. സെലിന് തീരെ വയ്യാതായതോടെ മാര്‍ട്ടിന്‍ പൂര്‍ണ്ണമായും ആ പതിവ് ഉപേക്ഷിച്ചു. സെലിനെ പിരിഞ്ഞ് ഒരുനിമിഷം പോലും കഴിയാന്‍ മാര്‍ട്ടിന്‍ സന്നദ്ധമായിരുന്നില്ല. എപ്പോഴും ഏതുനേരവും സെലിന്റെ അടുത്ത്തന്നെ.. മക്കളെക്കുറിച്ചുള്ള സെലിന്റെ ചിന്തകള്‍ ഇങ്ങനെയാണ് ഒരു കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കുഞ്ഞുങ്ങള്‍ രണ്ടുപേരെയും കുറിച്ച് എനിക്ക് യാതൊരു ഉത്കണ്ഠയുമില്ല. രണ്ടും വളരെ നല്ലതാണ്. അവരുടെ സ്വഭാവപ്രകൃതം തന്നെ അത്യന്തം ഉല്‍ക്കൃഷ്ടമാണ്. തീര്‍ച്ചയായും അവര്‍ ഉത്തമനില പ്രാപിക്കും. സെലിന്‍ നിസ്സാരമായ ഒരു കുറ്റംപോലും മനസ്സറിഞ്ഞുകൊണ്ട് ചെയ്കയില്ല. കുഞ്ഞും അതുപോലെ സുശീലയാണ്. സര്‍വ്വസമ്പത്തും ലഭിക്കുമെന്നാല്‍ത്തന്നെയും അവള്‍ ഒരു നുണ പറയുകയില്ല. മറ്റ് മക്കള്‍ ആരിലും കണ്ടിട്ടില്ലാത്ത ഒരു ചൈതന്യവിശേഷം അന്നേ തെരേസയില്‍ കാണുവാന്‍ സെലിന്‍ എന്ന അമ്മയ്ക്ക് കഴിഞ്ഞു എന്നതാണ് അത്ഭുതം.

ദിനംപ്രതി സെലിന്റെ അസുഖം മൂര്‍ച്ഛിച്ചു. എങ്കിലും വിശുദ്ധ കുര്‍ബാനയിലുള്ള പങ്കാളിത്തത്തിന് സെലിന്‍ അപ്പോഴും മുടക്കം വരുത്തിയില്ല. മരിക്കുന്നതിന് മുമ്പുള്ള ആദ്യ വെള്ളിയാഴ്ചയും സെലിന്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തുവിശുദ്ധ കുര്‍ബാന സ്വീകരിച്ചു..
സ്വര്‍ഗ്ഗത്തിന്റെ മിന്നലൊളി ഇടയ്ക്കിടെ പ്രകാശിക്കുന്നതുപോലെ സെലിന് തോന്നി..ഇനി അധികം ദിവസങ്ങളില്ല.. സെലിന്‍ മനസ്സിലാക്കി. ഭൂമി വെറും ഇടത്താവളം..സ്വര്‍ഗ്ഗം നിത്യഗേഹം.. സെലിന്‍ മുകളിലേക്ക് നോക്കികിടന്നു. കിന്നരിച്ചിറകു വീശി മാലാഖമാര്‍ കടന്നുവരുന്നുണ്ടോ?( തുടരും)

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login