തിരുക്കച്ചയെ കുറിച്ച് പുതിയ ഡോക്യൂമെന്ററി

തിരുക്കച്ചയെ കുറിച്ച് പുതിയ ഡോക്യൂമെന്ററി

faceപരിശുദ്ധമായ തിരുക്കച്ച എല്ലാവരും കാണുന്നുണ്ടെങ്കിലും മനുഷ്യ നേതൃങ്ങള്‍ക്ക് ദര്‍ശിക്കാന്‍ സാധിക്കാത്ത ചില കാര്യങ്ങള്‍ അതിലുണ്ട്. എന്നാല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുന്‍പ് അഞ്ജാതമായിരുന്ന തിരുക്കച്ചയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ വെളിച്ചത്തു കൊണ്ടുവരികയാണ്. ‘തിരുക്കച്ച: ഒരു രഹസ്യത്തിന്റെ ചരിത്രം’ എന്ന പേരില്‍ പുറത്തിറങ്ങുന്ന ഇറ്റാലിയന്‍ ഡോക്യുമെന്ററിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
നിറങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്തും സിനിമയ്ക്കുവേണ്ടി ഉപയോഗിക്കുന്ന ക്യാമറകള്‍ക്കൊണ്ടും വളരെ പണിപ്പെട്ടാണ് ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്. തിരുക്കച്ചയെ സംബന്ധിച്ചുള്ള 50 മിനിറ്റ് ദൈര്‍ഘ്യമുള്ള സംവാദമാണ് ഡോക്യുമെന്ററി.
‘തിരുക്കച്ചയുടെ വിശ്വാസ്യതയെക്കുറിച്ച് എതിര്‍ത്തും അനുകൂലിച്ചും ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. യേശുവിന്റെ ശരീരം പൊതിയുവാന്‍ ഉപയോഗിച്ചിരുന്ന തുണി എന്നു വിശ്വസിക്കുന്ന തിരുക്കച്ചയ്ക്കു പിന്നിലെ ചരിത്രത്തെക്കുറിച്ചും ഡോക്യുമെന്ററിയില്‍ പ്രതിപാധിക്കുന്നു’ എന്ന് വത്തിക്കാന്‍ ടെലിവിഷന്‍ സെന്ററിന്റെ ഡയറക്ടറായ മോണ്‍. ഡാറിയോ വിഗാനോ പറഞ്ഞു.

നൂറ്റാണ്ടുകള്‍ക്കു മുന്‍പേ തിരുക്കച്ചയുടെ പേരില്‍ മനുഷ്യര്‍ ചോദ്യ ശരങ്ങള്‍ ഉയര്‍ത്തിയിരുന്നു. കാണികള്‍ക്കു മുന്‍പില്‍ തിരുക്കച്ചയുടെ ചുരുള്‍ നിവര്‍ത്താനാണ് ഡോക്യുമെന്ററി ശ്രമിച്ചിരിക്കുന്നത്, ഡോക്യുമെന്ററിയുടെ രചയിതാവായ ആന്‍ഡ്രിയ ടോര്‍ണിയേലി പറഞ്ഞു.
1898ല്‍ സെക്കന്‍ഡോ പിയാ എന്ന ഫോട്ടോഗ്രാഫര്‍ എടുത്ത ചിത്രത്തിലേക്കും ഡോക്യുമെന്ററി വിരല്‍ചൂണ്ടുന്നു. അദ്ദേഹത്തിന്റെ ചിത്രത്തിലെ നെഗറ്റീവില്‍ യേശുവിനോട് രൂപസാദൃശ്യമുള്ള ഒരാളുടെ രൂപമാണ് പതിഞ്ഞിരിക്കുന്നത്. ഇത് സംവാദങ്ങളുടെ ആക്കം കൂട്ടി, ടോര്‍ണിയേളി പറഞ്ഞു.
ജൂണ്‍ 24 വരെയാണ് പൊതുവായുള്ള തിരുക്കച്ചയുടെ പ്രദര്‍ശനം. 21ാം തീയ്യതിയാണ് പാപ്പ ടൂറിന്‍ സന്ദര്‍ശിക്കുക. നൂറ്റാണ്ടുകളായി വിശ്വാസികളെയും അവിശ്വാസികളെയും ഒരു പോലെ ആകര്‍ഷിക്കുന്ന തിരുക്കച്ചയ്ക്കു മുന്‍പില്‍ പാപ്പ പ്രാര്‍ത്ഥന നടത്തും..

You must be logged in to post a comment Login