തിരുക്കച്ച വ്യാജമാണെന്നു തെളിയിക്കാന്‍ പരീക്ഷണസംഘത്തില്‍ ചേര്‍ന്നു, പിന്നീട് സംഭവിച്ചത്…

യുക്തിവാദത്തില്‍ നിന്നും ഭക്തിമാര്‍ഗ്ഗത്തിലേക്കുള്ള പരിണാമമാണ് 37 വര്‍ഷം കൊണ്ട് ബാരി ഷ്വോര്‍റ്റസ എന്ന ശാസ്ത്രജ്ഞനില്‍ സംഭവിച്ചത്. ശാസ്ത്രവും അതിന്റെ യുക്തികളും എല്ലായ്‌പ്പോഴും ശരിയാകണമെന്നില്ല എന്നതിന് നിരന്തരം സാക്ഷ്യം നല്‍കുകയാണ് ബാരി ഷ്വോര്‍റ്റസ് ഇപ്പോള്‍. ആ കഥയറിയാന്‍ യേശുവിന്റെ തിരുക്കച്ച സൂക്ഷിച്ചിരിക്കുന്ന ഇറ്റലിയിലെ ടുറിനിലേക്ക്…

രണ്ടായിരത്തിലേറെ വര്‍ഷം പഴക്കമുള്ള യേശുവിന്റെ തിരുക്കച്ച വ്യാജമാണെന്നു തെളിയിക്കാനാണ് ബാരി ഷ്വോര്‍റ്റസ് പരീക്ഷണ സംഘത്തില്‍ ചേര്‍ന്നത്. തിരുക്കച്ചയില്‍ പതിഞ്ഞിരിക്കുന്ന രൂപം ക്രിസ്തുവിന്റേതു തന്നെയാണോ എന്നറിയാനുള്ള എസ്.റ്റി.ആര്‍.യു.പി എന്ന പദ്ധതിയിലെ അംഗമായിരുന്നു അദ്ദേഹം. നിരീശ്വരവാദികളും ക്രിസ്ത്യാനികളുമെല്ലാം സംഘത്തിലുണ്ടായിരുന്നു. ബാരി ഷ്വോര്‍റ്റസും കടുത്ത നിരീശ്വരവാദിയായിരുന്നു.

ഒട്ടും താത്പര്യമില്ലാതെയാണ് ബാരി സംഘത്തില്‍ ചേര്‍ന്നത്. അതിനു ശേഷം തിരുക്കച്ച വ്യാജമാണെന്നു തെളിയിക്കുകയായിരുന്നു ബാരിയുടെ ലക്ഷ്യം. നീണ്ട 37 വര്‍ഷങ്ങള്‍.. അന്വേഷണങ്ങള്‍ക്കൊടുവില്‍ ബാരി നിരീശ്വരവാദം ഉപേക്ഷിച്ചു. തിരുക്കച്ച വെറും തട്ടിപ്പാണെന്ന് വാദിച്ചിരുന്ന ബാരി ഒടുവില്‍ ഇത് സത്യമാണെന്ന് സാക്ഷ്യപ്പെടുത്തി.

ആദ്യത്തെ 17 വര്‍ഷവും തിരുക്കച്ചയെ ശക്തമായി എതിര്‍ക്കുകയാണ് ബാരി ചെയ്തത്. എന്നാല്‍ ദീര്‍ഘനാളത്തെ പരീക്ഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയും ഇത് പെയിന്റിങ്ങോ മറ്റേതെങ്കിലും രീതിയിലുള്ള മനുഷ്യസൃഷ്ടിയോ അല്ലെന്ന് ബാരിക്കും സംഘത്തിനും ബോധ്യമായി.ഈ വിഷയത്തില്‍ പുറത്തുവരുന്ന തെറ്റായ മാദ്ധ്യവാര്‍ത്തകളെത്തുടര്‍ന്ന് തിരുക്കച്ചയെക്കുറിച്ച് ആളുകള്‍ക്കുള്ള തെറ്റിദ്ധാരണ നീക്കാന്‍ പുതിയൊരു വെബ്‌സൈറ്റും തുടങ്ങി ബാരി ഷ്വോര്‍റ്റസ്. വെബ്‌സൈറ്റിനെ ഒരു ദൈവീകപദ്ധതിയായാണ് ബാരി കാണുന്നത്.

‘ദൈവം എന്തിനാണ് അവിടെയായിരിക്കുവാന്‍ എന്നെ തിരഞ്ഞെടുത്തതെന്ന് എനിക്കറിഞ്ഞുകൂടാ; ആ സമയത്ത് വിശുദ്ധ കച്ചയുടെ വിഷയത്തില്‍ എനിക്ക് യാതൊരുവിധ വൈകാരിക അടുപ്പമോ താത്പര്യമോ ഉണ്ടായിരുന്നില്ല. പക്ഷേ, ജീവിതാനുഭവം എന്നെ പഠിപ്പിച്ചു. ഒരവിശ്വാസിക്കു വലിയ ദൈവാനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അവനെക്കാള്‍ വലിയ സാക്ഷി ആരുണ്ട്’, ബാരി ഷ്വോര്‍റ്റസ് ചോദിക്കുന്നു.

You must be logged in to post a comment Login