തിരുവചനം ഉപയോഗിച്ച് സാത്താനെ നേരിടുക

തിരുവചനം ഉപയോഗിച്ച് സാത്താനെ നേരിടുക

എക്ടപെക്: തിരുവചനം കൊണ്ടായിരിക്കണം സാത്താനെ നേരിടേണ്ടതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മെക്‌സിക്കോയിലെ എക്ടപെകില്‍ ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

സുവിശേഷത്തില്‍ നി്ന്നുള്ള വാക്കുകളെ നാം വീണ്ടും അനുസ്മരിക്കുകയാണെങ്കില്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് ക്രിസ്തു സാത്താനോട് പ്രതികരിക്കുന്നത് അവന്റെ വാക്കുകള്‍ കൊണ്ടല്ല ദൈവത്തിന്റെ വാക്കുകള്‍ കൊണ്ടാണ്, തിരുവചനങ്ങള്‍ ഉപയോഗിച്ചാണ് എന്നാണ്. ഈ ചിന്ത നമ്മുടെ തലച്ചോറിലേക്ക് കൊണ്ടുവരണം.

സാത്താനുമായുള്ള സംവാദം അസാധ്യമാണ്. കാരണം എല്ലായ്‌പ്പോഴും അവനായിരിക്കും വിജയിക്കുക. എന്നാല്‍ ദൈവവചനത്തിന് അവനെ തോല്പിക്കാനുള്ള ശക്തിയുണ്ട്.. ഇന്നത്തെ ലോകത്തില്‍ ക്രൈസ്തവര്‍ അഭിമുഖീകരിക്കുന്ന മൂന്ന് പ്രലോഭനങ്ങള്‍ ധനം, അഹങ്കാരം, പൊങ്ങച്ചം എന്നിവയാണ്.

ഇവ സുവിശേഷത്തിന്റെ പുതുമയെ നശിപ്പിക്കുന്നു. മാര്‍പാപ്പ പറഞ്ഞു. കൊടും തണുപ്പിലും മൂന്നുലക്ഷത്തോളം ആളുകളാണ് ദിവ്യബലിയില്‍ പങ്കെടുത്തത്.

നമ്മള്‍ ക്രിസ്തുവിനെയാണ് തിരഞ്ഞെടുക്കേണ്ടത്, തിന്മയെയല്ല. നമുക്ക് അവിടുത്തെ കാലടികളെയാണ് പിന്തുടരേണ്ടത്. എന്നാല്‍ നമുക്കറിയാം അതത്ര എളുപ്പമല്ലെന്ന്. ഈ നോമ്പുകാലം മാനസാന്തരത്തിലേക്കാണ് സഭ നമ്മെ ക്ഷണിക്കുന്നത്. അവിടുന്ന് നമുക്ക് വേണ്ടി കാത്തിരിക്കുന്നു. നമ്മുടെ ഹൃദയത്തിന്റെ മുറിവുകള്‍ സൗഖ്യപ്പെടുത്തുവാനും കണ്ണീര് തുടയ്ക്കുവാനും. അവനാണ് ദൈവം..

അവിടുത്തെ നാമമാണ് കരുണ. അവിടുത്തെ നാമമമാണ് നമ്മുടെ ധനം..അവിടുത്തെ നാമമാണ് നമ്മെ പ്രശസ്തരാക്കുന്നത്..അവിടുത്തെ നാമമാണ് നമ്മുടെ ശക്തി. കര്‍ത്താവേ അങ്ങാണ് എന്റെ ദൈവം.ഞാന്‍ അങ്ങയില്‍ ശരണപ്പെടുന്നു.

മാര്‍പാപ്പ സങ്കീര്‍ത്തന വചനം ആവര്‍ത്തിച്ചുപറയാന്‍ വിശ്വാസികളോട് ആവശ്യപ്പെട്ടു.

You must be logged in to post a comment Login