തിരുവോസ്തിയുടെ അഞ്ച് അത്ഭുതങ്ങള്‍

തിരുവോസ്തിയുടെ അഞ്ച് അത്ഭുതങ്ങള്‍

eucharistic-miracles-700x438വിശുദ്ധ കുര്‍ബാനയില്‍ ഈശോ സത്യമായും എഴുന്നള്ളി വരുന്നുവെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. സഭയുടെ ചരിത്രത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്ന ധാരാളം അത്ഭുതങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇത്തരം അത്ഭുതങ്ങള്‍ സഭ സത്യമാണ് എന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും സഭയ്ക്ക് അത്ഭുതങ്ങളുടെ വിശ്വസ്തതയെക്കുറിച്ച് ഉറപ്പു പറയാന്‍ കഴിയില്ല.
ഇന്നും ചെന്നു കാണാന്‍ സാധിക്കുന്ന ചില ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ നമുക്കു ചുറ്റും സാക്ഷ്യത്തിനായ് അവശേഷിക്കുന്നു. അവയിലെ അഞ്ചു അത്ഭുതങ്ങള്‍ ഇതാ.

1. ലാന്‍സിയാനോയിലെ അത്ഭുതം- 8ാം നൂറ്റാണ്ട്
ഇറ്റലിയിലെ ലാന്‍സിയാനോയിലെ ദേവാലയം. അവിടെ വിശുദ്ധ കുര്‍ബാന നടന്നു കൊണ്ടിരിക്കുകയാണ്. വിശുദ്ധ ബലിയര്‍പ്പിക്കുന്ന വൈദികന്‍ ദൈവത്തിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് സംശയം. കുര്‍ബ്ബാനയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമെത്തി. വൈദികന്‍ അപ്പവും വീഞ്ഞുമെടുത്ത് ‘ഇതെന്റെ ശരീരമാകുന്നു ഇതെന്റെ രക്തമാകുന്നു’ എന്നു പറഞ്ഞതും അപ്പവും വീഞ്ഞും മാംസകഷ്ണവും രക്തവുമായി മാറി. വാര്‍ത്താ നിലാവു പോലെ നാടെങ്ങും പടര്‍ന്നു.
ആര്‍ച്ച്ബിഷപ്പ് സംഭവത്തെക്കുറിച്ചന്വേഷിക്കുവാന്‍ നിര്‍ദ്ദേശിച്ചു. സഭ ലാന്‍സിയാനോയില്‍ നടന്ന അത്ഭുതം അംഗീകരിക്കുകയും ചെയ്തു. മാംസക്കഷ്ണം ഇന്നും കാത്തു സൂക്ഷിക്കപ്പെടുന്നുണ്ട്. 1971ല്‍ അനാട്ടമി പ്രൊഫസറായ ഒഡാര്‍ഡോ ലിനോളി അത്ഭുതത്തെക്കുറിച്ച് നടത്തിയ ശാസ്ത്ര പരിശോദനയില്‍ മാംസക്കഷ്ണം ഹൃദയഭാഗത്തു നിന്നുള്ളതാണെന്നും രക്തം കേടുവരാതെ സൂക്ഷിക്കുവാനുള്ള പൊടികള്‍ ഒന്നും ചേര്‍ക്കാതെ പുതിയതാണെന്നും കണ്ടെത്തി.

2. ബൊള്‍സീനയിലെ അത്ഭുതം – 13ാം നൂറ്റാണ്ട്

ഇറ്റലിയിലെ ഒര്‍വിയെറ്റോയില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ ഓസ്തി തിരുരക്തവും തിരുശരീരവുമായി രൂപാന്തരപ്പെടുമെന്ന് സംശയിച്ചുകൊണ്ട് ബലിയര്‍പ്പിക്കുകയാണ് ഒരു വൈദികന്‍. ബലി മദ്ധ്യേ അപ്പമെടുത്ത് വിഭജിക്കവേ അതില്‍ നിന്നും രക്തം വാര്‍ന്ന് സങ്കീഞ്ഞെയില്‍ വീഴുവാന്‍ തുടങ്ങി. ഭയന്നു പോയ വൈദികന്‍ അടുത്ത പട്ടണം സന്ദര്‍ശിക്കാനായി വന്ന മാര്‍പാപ്പയുടെ അടുത്ത് പോയി തന്റെ വിശ്വാസരാഹിത്യത്തെ ഏറ്റു പറഞ്ഞു. സങ്കീഞ്ഞെ ഇപ്പോഴും ഒര്‍വിയെറ്റോയില്‍ പ്രദര്‍ശപ്പിക്കുന്നു.

3. സിയന്നായിലെ ഓസ്തി- 8ാം നൂറ്റാണ്ട്
1730, ഓഗസ്റ്റ് 14, സിയന്നയിലെ കത്തോലിക്കര്‍ യേശുവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ആഘോഷിക്കുന്ന വേളയില്‍ സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ കള്ളമാര്‍ കയറി. നൂറുകണക്കിന് ആശീര്‍വദിച്ച ഓസ്തികളടങ്ങുന്ന സ്വര്‍ണ്ണ കുസ്‌തോതി അവര്‍ മോഷ്ടിച്ചു കൊണ്ടു പോയി. രണ്ടു ദിവസം കഴിഞ്ഞ് മോഷ്ടിച്ച ഓസ്തികള്‍ അടുത്തുള്ള ദേവാലയത്തിലെ കാണിക്കകള്‍ അര്‍പ്പിക്കുന്ന പെട്ടിയില്‍ കണ്ടെത്തി. വൈദികര്‍ ചിലന്തി വലകള്‍ നിറഞ്ഞ് പൊടി പിടിച്ച ഓസ്തികള്‍ വീണ്ടും കൂദാശയിലൂടെ ആശീര്‍വദിച്ചു. അഴുക്കുള്ളതിനാല്‍ അവര്‍ അത് ഉപയോഗിക്കാതെ മാറ്റി വയ്ക്കാന്‍ തീരുമാനിച്ചു. അത് തന്നെ പൊടിഞ്ഞു പോകമല്ലോ എന്നവര്‍ കരുതി. എന്നാല്‍ ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും അത് ഇന്നും പൊടിഞ്ഞു പോകാതെ സെന്റ് ഫ്രാന്‍സീസ് ബസിലിക്കയില്‍ സൂക്ഷിക്കുന്നു.

4. ഇന്ത്യയിലെ ചിരട്ടക്കോണം എന്ന സ്ഥലത്തെ അത്ഭുതം- 21ാം നൂറ്റാണ്ടില്‍
ചിരട്ടക്കോണത്തിലെ പരിശുദ്ധ അമ്മയുടെ ദേവാലയത്തില്‍ പരിശുദ്ധ കുര്‍ബ്ബാന എഴുന്നള്ളിച്ചു വച്ചുള്ള ആരാധനാ മദ്ധ്യേ ഓസ്തിയില്‍ രണ്ടു ചുവന്ന രക്ത തുള്ളികള്‍ പ്രത്യക്ഷപ്പെട്ടു. എന്തു ചെയ്യണമെന്നറിയാതിരുന്ന വൈദികന്‍ ഓസ്തി തിരിച്ച് അരുളിക്കയില്‍ വച്ചു.
കുറച്ചു ദിവസം കഴിഞ്ഞ് ഓസ്തിയില്‍ എന്തു സംഭവിച്ചു എന്നു തിരക്കിയ വൈദികന് ഓസ്തിയില്‍ യേശുവിന്റെ മുഖത്തിന്റെ രൂപം തെളിഞ്ഞു വന്നു. അദ്ദേഹം ഒരു ഫോട്ടോഗ്രാഫറെ വിളിച്ച് അത്ഭുതത്തിന്റെ ചിത്രം എടുപ്പിച്ചു.

5. സാന്റാറമ്മിലെ ദിവ്യകാരുണ്യ അത്ഭുതം- 13ാം നൂറ്റാണ്ട്
പോര്‍ച്ചുഗീസിലെ സാന്റാറം എന്ന പ്രദേശത്ത് സ്വന്തം ഭര്‍ത്താവ് ഭാര്യയെ അവിശ്വസ്ത എന്നാരോപിച്ചതിന്റെ വിഷമത്തില്‍ കഴിയുകയായിരുന്നു ഒരു സ്ത്രീ. അവള്‍ തന്റെ പ്രശ്‌നം ഒരു മന്ത്രവാദിനിയുമായി പങ്കു വച്ചു. പ്രശ്‌നത്തിന് പരിഹാരമായി ആശീര്‍വദിച്ച തിരുവോസ്തി കൊണ്ടുവരണമെന്ന് മന്ത്രവാദിനി പറഞ്ഞു.
ഇതേ തുടര്‍ന്ന്, പിറ്റേന്ന് സെന്റ് സ്റ്റീഫന്‍ ദേവാലയത്തില്‍ അവര്‍ വിശുദ്ധ ബലിയ്ക്കായി ചെന്നു. അവിടുന്ന് നാവില്‍ കുര്‍ബ്ബാന സ്വീകരിച്ച അവള്‍ അതെടുത്ത് മൂടുപടത്തില്‍ പൊതിഞ്ഞ് പള്ളിയുടെ വാതിലിലേക്ക് നടന്നു. തിരുവോസ്തിയില്‍ നിന്നും അപ്പോള്‍ രക്തം വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു.
വീട്ടിലെത്തിയ ഉടന്‍ അവര്‍ രക്തമൊലിക്കുന്ന തിരുവോസ്തിയെടുത്ത് ഒരു പെട്ടിയില്‍ സൂക്ഷിച്ചു. അന്ന് രാത്രി പെട്ടിയില്‍ നിന്നും ഒരു ദിവ്യ പ്രകാശം പുറത്തേക്ക് നിപതിച്ചു. താന്‍ ചെയ്ത തെറ്റിനേക്കുറിച്ചോര്‍ത്ത് മന:സ്തപിച്ച സ്ത്രീ പിറ്റേന്ന് കുബസാര മദ്ധ്യേ തന്റെ പാപങ്ങള്‍ ഏറ്റു പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സ്ത്യമാണ് എന്ന് ബോധ്യപ്പെട്ടതിനാല്‍ ദേവാലയ വൃത്തങ്ങള്‍ ആ ദേവാലയത്തിന് ദിവ്യാത്ഭുതത്തിന്റെ ദേവാലയം എന്നു പേരിട്ടു. രക്തമൊലിക്കുന്ന തിരുവോസ്തി ഇന്നും സൂക്ഷിക്കപ്പെടുന്നു.

 

നീതു മെറിന്‍.

You must be logged in to post a comment Login