തിരുവോസ്തി നിര്‍മ്മിക്കുന്ന കൊലപാതകികള്‍

പ്രിസന്‍ ചാപ്ലയന്‍ മുതല്‍ കര്‍ദിനാള്‍ വരെ വിശുദ്ധ ബലിക്കിടയില്‍ തിരുവോസ്തി എടുത്ത് വാഴ്ത്തി വിഭജിക്കുമ്പോള്‍ ക്രിസ്റ്റിയാനോയുടെയും ഗ്വിസെപ്പെയുടെയും സിറോ ജെ അമോറയുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകും. എന്ത് യോഗ്യതയാണ് ഇതിന് മാത്രം തങ്ങള്‍ക്കുള്ളതെന്ന ചിന്തയും അനുതാപവും അവരുടെ ഹൃദയങ്ങളെ മഥിക്കും. കാരണം ഇവര്‍ നിര്‍മ്മിച്ച തിരുവോസ്തിയാണ് കാര്‍മ്മികന്‍ കൂദാശ ചെയ്യുന്നത്. ഒരു കാലത്ത് രക്തം പുരണ്ട കൈകളായിരുന്നു ഇവരുടേത്.. ഇപ്പോഴിതാ ആ കൈകളില്‍ നിന്ന് ദിവ്യകാരുണ്യം പിറവിയെടുക്കുന്നു.

ക്രിസ്റ്റ്യാനോ വാലെന്‍ഷ്യോയാണ് ഈ മൂന്നുപേരില്‍ ഏറെ ചെറുപ്പം. 23 വര്‍ഷത്തെ തടവാണ് ക്രിസ്റ്റിയാനോയ്ക്ക് ലഭിച്ചിരിക്കുന്നത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിക്കഴിയുമ്പോള്‍ വിവാഹം കഴിക്കണം. കുട്ടികളുണ്ടാകണം.കുടുംബം ഉണ്ടാകണം.. ഏറെ സ്വപ്‌നങ്ങളുണ്ട് ക്രിസ്റ്റിയാനോയ്ക്ക്. ഞങ്ങള്‍ ചെയ്തതിനെല്ലാം ദൈവം പൊറുതിതന്നുവെന്നാണ് വിശ്വസിക്കുന്നത്. ക്രിസ്റ്റ്യാനോ പറഞ്ഞു.

ഓരോ പ്രഭാതത്തിലും ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവേ, ഒരു നന്മ നിറഞ്ഞ മറിയമേയും ചൊല്ലിയതിന് ശേഷമാണ് ഓസ്തിനിര്‍മ്മാണം ആരംഭിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. പ്രാര്‍ത്ഥന തങ്ങള്‍ക്ക് വലിയൊരു അനുഭവമാണ് സമ്മാനിക്കുന്നത്..അത് വളരെ ഹൃദയസ്പര്‍ശിയാണ്. ഞങ്ങള്‍ ചെയ്തതുപോലെ നിങ്ങള്‍ ചെയ്യരുതെന്ന് യുവജനങ്ങള്‍ക്ക് ഞങ്ങള്‍ സന്ദേശം അയ്ക്കാറുണ്ട്. ഡി അമോറ പറഞ്ഞു.

തങ്ങള്‍ നിര്‍മ്മിക്കുന്ന ഓസ്തി ദിവ്യകാരുണ്യമായി മറ്റുള്ളവര്‍ സ്വീകരിക്കുന്നത് വളരെ മനോഹരമായ കാര്യമാണെന്നും ഇവര്‍ വിശ്വസിക്കുന്നു. ഓരോ തവണയും ഓസ്തി നിര്‍മ്മിക്കുമ്പോള്‍ ഈശോയോട് പ്രാര്‍ത്ഥിക്കും, ഈശോയേ ക്ഷമിക്കണേയെന്ന്. അതുപോലെ തങ്ങള്‍ ജീവനെടുത്തവരുടെ ബന്ധുക്കളോട് വ്യക്തിപരമായി മാപ്പ് ചോദിക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു.

മിലാനിലെ ജയിലിലാണ് മൂന്നുപേരും.

You must be logged in to post a comment Login