തൃശൂര്‍ നഗരത്തില്‍ ഇനി ദരിദ്രര്‍ വിശന്നിരിക്കില്ല, ആക്ട്സിന്റെ സ്‌നേഹപ്പൊതി നിങ്ങളെ ഊട്ടും

തൃശൂര്‍ നഗരത്തില്‍ ഇനി ദരിദ്രര്‍ വിശന്നിരിക്കില്ല, ആക്ട്സിന്റെ സ്‌നേഹപ്പൊതി നിങ്ങളെ ഊട്ടും

തൃശൂര്‍: പാവപ്പെട്ടവര്‍ക്ക് വിശപ്പടക്കാന്‍ ഉച്ചഭക്ഷണം നല്‍കുന്ന ബൃഹദ് പദ്ധതിക്ക് ആക്ട്‌സ് തുടക്കം കുറിച്ചു. സ്‌നേഹപ്പൊതിയെന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

നഗരത്തിലെ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ വീട്ടില്‍ നിന്നു കൊണ്ടുവരുന്ന ഉച്ചഭക്ഷണപ്പൊതികളാണ് ആക്ട്‌സ് പ്രവര്‍ത്തകര്‍ ശേഖരിച്ച് വിശക്കുന്നവര്‍ക്കു വിതരണം ചെയ്യുന്നത്. സ്വരാജ് റൗണ്ടില്‍ പഴയ ജില്ലാ ആശുപത്രിക്കു മുമ്പിലാണ് ഭക്ഷണവിതരണം .

സ്‌നേഹപ്പൊതികളുടെ വിതരണോദ്ഘാടനം സാമൂഹ്യപ്രവര്‍ത്തകനായ തെരുവോരം മുരുകന്‍ നിര്‍വഹിച്ചു. അരണാട്ടുകര ഇന്‍ഫന്റ് ജീസസ് കോണ്‍വന്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ശേഖരിച്ചുകൊണ്ടുവന്ന 60ഓളം ഭക്ഷണപ്പൊതികള്‍ തെരുവോരം മുരുകനു കൈമാറി. അധ്യാപകരായ സിസ്റ്റര്‍ ഇസബെല്‍, സിസ്റ്റര്‍ ആന്‍ ജെയിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥിനികളെത്തിയത്.

ആക്ട്‌സ് ജനറല്‍ സെക്രട്ടറിയും കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ ഫാ. ഡേവിസ് ചിറമ്മല്‍ ആമുഖ പ്രഭാഷണം നടത്തി.

You must be logged in to post a comment Login