തെരുവില്‍ ഇടറിപ്പോയ ഒരു സ്ത്രീയുടെ ഉയിര്‍പ്പിന്റെ കഥ

തെരുവില്‍ ഇടറിപ്പോയ ഒരു സ്ത്രീയുടെ ഉയിര്‍പ്പിന്റെ കഥ

എല്ലാ രാത്രികളും ബെര്‍നാഡെറ്റെയുടെ മനസ്സില്‍ ഭീതി വിതയ്ക്കുന്നു. വെളിച്ചം അണയുമ്പോള്‍, പകല്‍ ഇരുളാകുമ്പോള്‍ അറിയാതെ ഉള്ളിലേക്ക് അരിച്ചെത്തുന്ന ഭീതിയുടെ ഉറുമ്പുകള്‍.

ഒമ്പതാം വയസ് മുതല്‍ തുടങ്ങിയതാണ് അവള്‍ രാത്രികളെ പേടിക്കാന്‍. അതിന് കാരണമുണ്ട്. അവള്‍ വല്യപ്പാ എന്ന് വിളിക്കുന്ന പ്രായം ചെന്ന മനുഷ്യന്‍ രാത്രിയാകുമ്പോള്‍ അവളെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകും. എല്ലാ രാത്രിയിലും ആ ഒമ്പതുവയസുകാരി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. പിന്നെ നിര്‍ബന്ധിതമായി ലൈംഗികപ്രവൃത്തികള്‍ക്ക് വിധേയയായി.

എന്താണ് ചെയ്യുന്നതെന്നോ ശരിയെന്താണെന്നോ തെറ്റ് എന്താണെന്നോ അറിഞ്ഞുകൂടാത്ത നിഷ്‌ക്കളങ്കമായ പ്രായത്തിലായിരുന്നു ഈ ലൈംഗികാതിക്രമങ്ങള്‍ക്കെല്ലാം അവള്‍ വിധേയയായത്. ബെര്‍നാഡെറ്റെയുടെ അമ്മ വീട്ടുജോലിക്കാരിയായിരുന്നു. പല പുരുഷന്മാരില്‍ നിന്നായി അവര്‍ക്ക് ആറ് മക്കളുണ്ടായിരുന്നു. അതിലൊരാളായിരുന്നു ബെര്‍നാഡെറ്റ.

അമ്മയുടെ പുതിയ ഭര്‍ത്താവാണ് അവളുടെ ജീവിതത്തിലെ ആദ്യത്തെ ഇരുണ്ടരാത്രി സമ്മാനിച്ചത്. തനിക്ക് സംഭവിച്ചത് എന്താണെന്ന് ആരോടെങ്കിലും തുറന്നുപറയാന്‍ പോലും അവള്‍ക്ക് കഴിയുമായിരുന്നില്ല. ആരും അവളെ വിശ്വസിച്ചില്ല. അമ്മയെപോലെ മകളും. അതായിരുന്നു അയല്‍ക്കാരുടെ നിന്ദ.

രണ്ടുവര്‍ഷത്തോളം അവള്‍ രണ്ടാനച്ഛന്റെ പീഡനങ്ങള്‍ക്ക് വിധേയായി.
പഠിക്കാന്‍ സമര്‍ത്ഥയായിരുന്നു അവള്‍.പക്ഷേ അവള്‍ തുടര്‍ന്ന് പഠിക്കുന്ന കാര്യം ആരും പ്രോത്സാഹിപ്പിച്ചില്ല.

പെണ്‍കുട്ടികള്‍ക്കെന്തിനാണ് വിദ്യാഭ്യാസം? അതായിരുന്നു എല്ലാവരുടെയും ചോദ്യം.

വീട് ഭാരമായപ്പോള്‍ അവള്‍ ഒരു നാള്‍ വീടുവിട്ടിറങ്ങി. നഗരത്തില്‍ ചെന്ന് ഒരു ജോലി കണ്ടെത്തുകയായിരുന്നു ഉദ്ദേശ്യം. പക്ഷേ ഒരു വേശ്യയുടെ കയ്യിലാണ് അവള്‍ ചെന്നുപെട്ടത്. അവളാവട്ടെ ബെര്‍നാഡെറ്റയെ ഒരു വേശ്യാലയത്തില്‍ എത്തിച്ചു.

ഒരിടത്തെ ചൂഷണവും പീഡനവും സഹിക്കാനാവാതെ ഇറങ്ങിത്തിരിച്ചവള്‍ എത്തിച്ചേര്‍ന്നത് അതിനെക്കാള്‍ ഭയങ്കരമായ അന്തരീക്ഷത്തില്‍…പതിനഞ്ചാം വയസില്‍ ബെര്‍നാഡെറ്റെ വേശ്യയായി സ്വയം രൂപാന്തരപ്പെട്ടു. അല്ലെങ്കില്‍ അങ്ങനെ ആവേണ്ടിവന്നു അവള്‍ക്ക്.

അണിഞ്ഞൊരുങ്ങി പുരുഷന്മാരെ ആകര്‍ഷിക്കാനായി നില്ക്കുന്ന സ്ത്രീകള്‍ക്കിടയില്‍ പാതിവിടര്‍ന്ന പൂവായി അവളും.. തന്നെ ഒരു പുരുഷനും കൊണ്ടുപോകരുതേയെന്നായിരുന്നു അപ്പോഴെല്ലാം അവളുടെ പ്രാര്‍ത്ഥന. പക്ഷേ എല്ലാതവണയും അവള്‍ തിരഞ്ഞെടുക്കപ്പെട്ടു. അപ്പോഴെല്ലാം അവള്‍ സ്ത്രീയായി പിറന്ന നിമിഷത്തെ ശപിച്ചു..സൗന്ദര്യം ലഭിച്ചതോര്‍ത്ത് ദു:ഖിച്ചു.

ഒരു മാസത്തിന് ശേഷം അവള്‍ അവിടെ നിന്ന് രക്ഷപ്പെട്ടു. പിന്നെ പള്ളികള്‍ക്ക് സമീപം കിടന്നുറങ്ങിയും ഭിക്ഷയാചിച്ചും അവള്‍ കഴിഞ്ഞുകൂടി. അത്തരമെന്നോ ഒരു ദിനത്തില്‍ അവളുടെ നാട്ടുകാരന്‍ അവളെ കണ്ടെത്തുകയും അമ്മയുടെ അടുക്കലെത്തിക്കുകയും ചെയ്തു. ബെര്‍നാഡെറ്റ സന്തോഷിച്ചു, തനിക്ക് നഷ്ടമായ സ്‌നേഹത്തിന്റെ പൂക്കാലം തിരികെ ലഭിക്കുകയാണല്ലോ എന്നോര്‍ത്ത്.

പക്ഷേ അമ്മ നിസ്സാരമായി അവളെ തള്ളിക്കളഞ്ഞു. പതിനെട്ടാം വയസില്‍ അവള്‍ ഒരു പുരുഷനെ കണ്ടുമുട്ടി.അയാള്‍ അവളുടെ കഥ കേട്ടു. ഒടുവില്‍ അവളെ വിവാഹം ചെയ്യാമെന്ന് സമ്മതിച്ചു. താനൊരു ഭാഗ്യവതിയാണെന്ന് അവള്‍ക്ക് ആദ്യമായി തോന്നി. അധികം വൈകാതെ അവള്‍ക്കൊരു കാര്യം മനസ്സിലായി.

മുറിക്കുള്ളില്‍ അവളെ അടച്ചുപൂട്ടിയിടുന്ന സ്വഭാവക്കാരനായിരുന്നു ഭര്‍ത്താവ്. ഒരു പുരുഷനും അവളെ കാണാന്‍ അയാള്‍ അനുവദിച്ചില്ല. ഭീകരരാത്രികള്‍ അവളുടെ ജീവിതത്തില്‍ ആവര്‍ത്തിക്കപ്പെട്ടു.

യഥാര്‍ത്ഥസ്‌നേഹമെന്ന ഒന്ന് ഇല്ലെന്ന് അവള്‍ക്ക് മനസ്സിലായി. ഒരു ദിവസം ഒരു പ്രഭാഷണം അവള്‍ കേട്ടു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടന്നുകൊണ്ടിരിക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ളതായിരുന്നു അത്.

താന്‍ നേരിട്ടതുപോലെയുള്ള അനുഭവങ്ങളെക്കുറിച്ചായിരുന്നു അവള്‍ കേട്ടതത്രയും. ആ സ്ത്രീകളുമായി സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ അവള്‍ക്കാഗ്രഹം തോന്നി. ഒടുവില്‍ 49 ാം വയസില്‍ അവള്‍ ഭര്‍ത്താവില്‍ നിന്ന് മോചനം നേടി ഈ സംഘടനയുമായി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു.

എന്റെ അനുഭവം ഇനിയൊരു സ്ത്രീക്കും ഉണ്ടാകരുത്. അതുമാത്രമാണ് ഇപ്പോള്‍ ബെര്‍നാഡെറ്റെയുടെ ആഗ്രഹവും പ്രാര്‍ത്ഥനയും.അതിന് വേണ്ടിയാണ് അവരുടെ പ്രവര്‍ത്തനവും.

ഫിലിപ്പൈന്‍സില്‍ നിന്ന് ലോകവനിതാദിനത്തോട് അനുബന്ധിച്ചാണ് ബെര്‍നാഡെറ്റെയുടെ അനുഭവം റിപ്പോര്‍ട്ട് ചെയ്തത്. ഫിലിപ്പൈന്‍സിലെ സെന്റര്‍ ഫോര്‍ വിമന്‍സ് റിസോഴ്‌സിന്റെ കണക്കുകള്‍ അനുസരിച്ച് ഓരോ 53 മിനിറ്റിലും ഇവിടെ ഒരു സ്ത്രീയോ പെണ്‍കുട്ടിയോ ബലാത്സംഗം ചെയ്യപ്പെടുന്നു. പത്തില്‍ ഏഴും കുട്ടികളാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്. ഇതില്‍ പ്രതികളാകുന്നത് മിക്കപ്പോഴും കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആയിരിക്കും.

കത്തോലിക്കര്‍ക്ക് മുന്‍തൂക്കമുളള ഫിലിപ്പൈന്‍സില്‍ അഞ്ചു ലക്ഷം ലൈംഗികതൊഴിലാളികള്‍ ഉണ്ട് എന്നാണ് ഏകദേശകണക്ക്. വേശ്യാവൃത്തിയെ കുറ്റകരമായാണ് ഫിലിപ്പൈന്‍സ് കാണുന്നത്.

You must be logged in to post a comment Login