തെരുവില്‍ നിന്നും സ്വപ്‌നനേട്ടത്തിലേക്ക്

തെരുവില്‍ നിന്നും സ്വപ്‌നനേട്ടത്തിലേക്ക്

homelss boyവര്‍ഷങ്ങള്‍ക്കു മുന്‍പ് സെന്റ് സേവ്യേഴ്‌സ് യൂണിവേഴ്‌സിറ്റിയുടെ മതിലിനു പുറത്തു കൂടി നടക്കുമ്പോള്‍ അവിടെ ചേര്‍ന്നു പഠിക്കുക എന്നത് റസ്റ്റി ക്വിന്റാനോയെ സംബന്ധിച്ചിടത്തോളം ഒരു വിദൂര സ്വപ്‌നമായിരുന്നു. എന്നാല്‍ ഇന്ന് അതേ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡെവലപ്‌മെന്റ് കമ്മ്യൂണിക്കേഷനില്‍ ഡിപ്ലോമ നേടി പുറത്തു വരുമ്പോള്‍ തന്റെ സ്വപ്‌നം സാഫല്യമായതിന്റെ സന്തോഷത്തിലാണ് ഈ ഇരുപത്തിയഞ്ചു വയസുകാരന്‍. എന്നാല്‍ ഈ നേട്ടത്തിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. സംഭവ ബഹുലമായ ഒരു ഭൂതകാലം റസ്റ്റിക്കുണ്ട്.

കലുഷിതമായ കുടുംബാന്തരീക്ഷത്തില്‍ നിന്നും രക്ഷ നേടി റസ്റ്റിയും ചേട്ടന്‍ റൊഡോള്‍ഫോയും വീടു വിട്ടിറങ്ങി. തെരുവായിരുന്നു അവരുടെ അഭയകേന്ദ്രം. യൂണിവേഴ്‌സിറ്റി ഗേറ്റിനു മുന്നില്‍ രാപ്പകല്‍ ഭിക്ഷ യാചിച്ച് അവര്‍ അന്നന്നത്തെ അന്നത്തിനുള്ള പണം കണ്ടെത്തി. എന്നാല്‍ മയക്കുമരുന്നു വിറ്റതിനെ തുടര്‍ന്ന് റൊഡോള്‍ഫോ പോലീസ് പിടിയിലാവുകയും പിന്നീട് നാലു വര്‍ഷം തെരുവില്‍ ഒറ്റക്കായ റസ്റ്റി ഇതിനിടെ സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കുകയും ചെയ്തു. റസ്റ്റിയെ ദത്തെടുക്കാന്‍ ഒരു കുടുംബം മുന്നോട്ടു വന്നു. എന്നാല്‍ രോഗബാധിതനായ റസ്റ്റി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും അവിടെ വെച്ച് ജയില്‍ മോചിതനായ റൊഡോള്‍ഫോയെ കണ്ടു മുട്ടുകയും ചെയ്തു. ജ്യേഷ്ഠനോടൊപ്പം പോകേണ്ടി വന്ന റസ്റ്റിയുടെ ജീവിതം വീണ്ടും കലങ്ങി മറിഞ്ഞു. ഇരുവരും മോഷണം, മയക്കുമരുന്ന് വില്‍പന തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ തുടങ്ങി. അറസ്റ്റിലായ റസ്റ്റിയെ പോലീസ് കുറ്റവാളികളായ കുട്ടികളെ പാര്‍പ്പിക്കുന്ന പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റി. അവിടെനിന്നും പുറത്തു കടന്നെങ്കിലും കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചതിനാല്‍ തുടരെത്തുടരെ ജയിലിലായി.
പതിനേഴാം വയസില്‍ ആരോരുമില്ലാത്തവനായി റസ്റ്റി വീണ്ടും തെരുവിലെത്തി. ഒരിക്കല്‍ റയാന്‍ കാസിനോ എന്നൊരാള്‍ നടത്തിയ എക്‌സിബിഷനാണ് അവന്റെ ജീവിതം മാറ്റി മറിച്ചത്. അവിടെ കണ്ട പെയിന്റിങ്ങുകളും ശില്പങ്ങളും അവന്റെ ജീവിതം മാറ്റിമറിച്ചു. എക്‌സിബിഷന്‍ കണ്ട റസ്റ്റി റയാന്‍ കാസിനോയെ കണ്ട് സംസാരിച്ചു. പിന്നീട് പല തവണ അവര്‍ തമ്മില്‍ കണ്ടുമുട്ടുകയും ഊഷ്മളമായ ഒരു ബന്ധം ഇരുവര്‍ക്കുമിടയില്‍ ഉടലെടുക്കുകയും ചെയ്തു. റയാന്‍ കാസിനോ റസ്റ്റിയെ തന്നോടൊപ്പം കൂട്ടി. ക്രമേണ തെരുവുകളില്‍ സംഗീതോപകരണങ്ങള്‍ വായിച്ചും നൃത്തരൂപങ്ങള്‍ അവതരിപ്പിച്ചും അവന്‍ ശ്രദ്ധേയനാകാന്‍ തുടങ്ങി. തെരുവില്‍ അലയുന്ന കുട്ടികളുടെ കലാസിദ്ധികള്‍ കണ്ടെത്താന്‍ ‘ദേരി ഹൂസി’ എന്ന സംഘടന സ്ഥാപിക്കാന്‍ റയാനോടൊപ്പം പ്രധാന പങ്കു വഹിക്കുകയും ചെയ്തു.

അപ്പോഴും യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു പഠിക്കുക എന്ന സ്വപ്‌നം റസ്റ്റി കൈവിട്ടിരുന്നില്ല. ഒടുവില്‍ അതു സഫലമാകുക തന്നെ ചെയ്തു. റസ്റ്റിയുടെ സത്യസന്ധമായ ഉത്തരങ്ങള്‍ ഇന്റര്‍വ്യൂ ബോര്‍ഡിനെ ആകര്‍ഷിച്ചു. പഠനത്തിന് ആവശ്യമായ പണം കണ്ടെത്താന്‍ അവന്‍ രാപ്പകല്‍ ജോലി ചെയ്തു. ‘ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിക്കുക എളുപ്പമല്ല. നിരവധി കയറ്റിറക്കങ്ങള്‍ ഉണ്ടാകും. വിജയത്തിലെത്തും വരെ തളരാതെ പോരാടുക’, ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖത്തോടെ റസ്റ്റി പറയുന്നു..

You must be logged in to post a comment Login