തെറ്റും സ്വയംനീതീകരണവും

തെറ്റും സ്വയംനീതീകരണവും

കരുണയുടെ വഴിയേ-9

“അത്തിവൃക്ഷത്തിന്റെ പത്രമാമുടയാട
ലജ്ജ മാ്റ്റാത്തതുമെന്തേ?”

എന്നു കവി ചോദിക്കുന്നു. തെറ്റ് ചെയ്യുന്ന പാപിയെ ദൈവം സ്വീകരിക്കുകയില്ല എന്ന തെറ്റിദ്ധാരണയില്‍ നിന്നാണ് സ്വയം നീതീകരണം ഉണ്ടാകുന്നത്. ആദവും ഹവ്വായും അത്തി ഇലകള്‍ തുന്നിച്ചേര്‍ത്തു വസ്ത്രമുടുത്തു എന്നതു സ്വയം നീതീകരണത്തെ സൂചിപ്പിക്കുന്നു. ദൈവം ആടിനെക്കൊന്നു തോലുകൊണ്ട് ഈ ഉടയാട അണിയിച്ചു എന്നതു ദിവ്യകുഞ്ഞാടായ ദൈവപുത്രന്റെ രക്തചൊരിച്ചിലിലൂടെ ദൈവം മനുഷ്യനെ നീതീകരിച്ച സംഭവത്തിന്റെ മുന്‍സൂചനയാണ്. കുരിശില്‍കിടന്നുകൊണ്ട് ഈശോ പറഞ്ഞത്, പിതാവേ തങ്ങള്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല എന്നാണല്ലോ.

പാപിയെ ദൈവം ശിക്ഷിക്കും എന്നു കരുതുന്നവര്‍ക്കു രണ്ടു പോംവഴിയേ അവശേഷിക്കുന്നുള്ളു. ഒന്ന്, ഞാന്‍ ഈ അകൃത്യം ചെയ്തിട്ടില്ല എന്നു പറഞ്ഞു കുറ്റം നിഷേധിക്കുക. തൊണ്ണൂറ്റിയഞ്ച് ശതമാനം ആളുകളും അങ്ങനെയാണ് ചെയ്യാറ്. അതിനു മറ്റൊരു കാരണം രാജ്യത്തിന്റെ നിയമവ്യവസ്ഥയും എല്ലാ വ്യവസ്ഥാപിത സങ്കേതങ്ങളും തെറ്റു ചെയ്യുന്നവരെ ശിക്ഷിക്കണം എന്ന നിലപാടിലാണ് എന്നതാണ്. അതു ലോകരാജ്യത്തിന്റെ വ്യവസ്ഥയാണ്.

എന്നാല്‍, അഞ്ചോ പത്തോ ശതമാനം പേര്‍ തെറ്റിനു കാരണം തങ്ങള്‍ അല്ലെന്നും സാഹചര്യങ്ങളോ കൂടെയുള്ളവരോ ഒക്കെയാണ് ഇതിനു കാരണക്കാര്‍ എന്നുമുള്ള നിലപാടിലാണ്.

ഇവിടുത്തെ ആദത്തെ ശ്രദ്ധിക്കുക. താന്‍ ചെയ്ത തെറ്റിന്റെ ഉത്തരവാദിത്വം ഹവ്വായുടെ ചുമലില്‍ കെട്ടിവച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഹവ്വാ പാമ്പിന്റെ മേലാണു കുറ്റം ചാര്‍ത്തുന്നത്. ചെയ്യരുതാത്തതു ചെയ്യാന്‍ മറ്റൊരാള്‍ പ്രേരണ നല്‍കിയാല്‍ അതിനു വഴങ്ങാതിരിക്കാനുള്ള ആര്‍ജവം കാണിക്കുന്നതാണു സ്വാതന്ത്ര്യത്തിന്റെ ശരിയായ വിനിയോഗം.
ക്രിസ്തുവിന്റെ മരണത്തിലൂടെ ദൈവം ക്ഷമിച്ചു എന്നറിയുന്നവര്‍ക്കു സ്വയം നീതീകരിക്കേണ്ട കാര്യമില്ലല്ലോ

 

ഫാദര്‍ മൈക്കിള്‍ പനച്ചിക്കല്‍

You must be logged in to post a comment Login