തേജസിന്റേത് അടിസ്ഥാനമില്ലാത്ത നുണക്കഥകള്‍; ചാമിക്ക് ലക്ഷങ്ങള്‍ മുടക്കി നിയമസഹായം നല്‍കിയെന്ന് പറയുന്നവര്‍ തെളിവ് നല്‍കട്ടെ: ‘ആകാശപ്പറവകള്‍ക്കും’ പറയാനുണ്ട്

തേജസിന്റേത് അടിസ്ഥാനമില്ലാത്ത നുണക്കഥകള്‍; ചാമിക്ക് ലക്ഷങ്ങള്‍ മുടക്കി നിയമസഹായം നല്‍കിയെന്ന് പറയുന്നവര്‍ തെളിവ് നല്‍കട്ടെ: ‘ആകാശപ്പറവകള്‍ക്കും’ പറയാനുണ്ട്

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ തൂക്കു കയറില്‍ നിന്നും രക്ഷിച്ചത് ആരാണ്? ഒരു തെരുവ് തെണ്ടിയായ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാന്‍ അഡ്വ. ആളൂരിന് ലക്ഷങ്ങള്‍ നല്‍കിയോ? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് സ്വന്തം അന്വേഷിച്ച് കണ്ടെത്തിയ ഉത്തരവുമായി പോപ്പുലര്‍ ഫ്രണ്ടിന്റെ തേജസ് ദിനപത്രവും ഒരു വിഭാഗം സംഘപരിവാര്‍ പ്രവര്‍ത്തകരും ഏതാനും ദിവസങ്ങളായി രംഗത്തുണ്ട്. ഗോവിന്ദച്ചാമിക്ക് വേണ്ടി ലക്ഷങ്ങള്‍ ഫീസ് നല്‍കിയ വക്കീലിനെ വച്ചത് ചാര്‍ലി തോമസ് എന്ന പേരില്‍ മതം മാറിയ ഗോവിന്ദച്ചാമിക്ക് വേണ്ടിയാണെന്നായിരുന്നു ആരോപണങ്ങള്‍.

ഇക്കാര്യത്തിന് കൂട്ടു നിന്നത് ആകാശപ്പറവകള്‍ എന്ന സംഘടനയാണെന്ന ആരോപണമായിരുന്നു കഴിഞ്ഞ ദിവസം തേജസ് ഉന്നയിച്ചത്.
കോയമ്പത്തൂരില്‍ വച്ച് ആകാശപ്പറവകള്‍ എന്ന ക്രിസ്ത്യന്‍ മിഷിണറി സംഘടനയിലൂടെ ഗോവിന്ദച്ചാമി മതം മാറിയിരുന്നുവെന്നും ഈ പേര് മറച്ചുവച്ചാണ് ചാമിക്ക് വേണ്ടി ലക്ഷങ്ങള്‍ മുടക്കി വക്കീലിനെ ഏര്‍പ്പാടാക്കിയതെല്ലാം ഫാ. ജോര്‍ജ് കുറ്റിക്കല്‍ അച്ചന്റെ നേതൃത്വത്തിലുള്ള സംഘടനയാണെന്നാണ് സംഘപരിവാറുകാരും തീവ്രഇസ്ലാമികവാദികളുടെ തേജസ് പത്രവും ഒരേ സ്വരത്തില്‍ ആരോപിച്ചത്. തേജസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അക്കമിട്ട മറുപടിയുമായി ആകാശപ്പറവകള്‍ രംഗത്തെത്തി.

തേജസ് പത്രവും സംഘപരിവാര്‍ അണികളും നടത്തുന്നത് തികച്ചും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നാണ് സംഘടനയുടെ സ്ഥാപകനായ ഫാ. ജോര്‍ജ്ജ് കുറ്റിക്കലച്ചന്‍ പറഞ്ഞു. ഇവര്‍ ഉന്നയിക്കുന്നതെല്ലാം യാതൊരു അടിസ്ഥാനവുമില്ലാത്ത നുണക്കഥകളാണ്. സൗമ്യ വധിക്കപ്പെട്ട വേളയില്‍ ആ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മറ്റെല്ലാവരെയും പോലെ സന്നദ്ധ പ്രവര്‍ത്തനവുമായി ഞങ്ങളുടെ സഭയിലെ വൈദികരും അടക്കമുള്ളവര്‍ രംഗത്തുണ്ടായിരുന്നു. അന്ന് ഷൊര്‍ണ്ണൂരില്‍ ആകാശപ്പറവകളുടെ നേതൃത്വത്തില്‍ ഒരു ശാന്തിയാത്ര നടത്തുകയുമുണ്ടായി. സൗമ്യയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനായി ആ വീട്ടിലും പോയിരുന്നു. ഈ സമയത്താണ് ഗോവിന്ദച്ചാമിക്ക് വേണ്ടിയാണ് രംഗത്തെത്തിയതെന്ന വിധത്തില്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണം ഉണ്ടായത്. ഇങ്ങനെയൊരു ആരോപണം ഉണ്ടായ ശേഷം വിവാദങ്ങള്‍ ഒഴിവാക്കാന്‍ പിന്നീട് അവിടേക്ക് പോയിട്ടില്ലെന്നും കുറ്റിക്കലച്ചന്‍ വ്യക്തമാക്കി.

അനാഥരായവര്‍ക്കും തെരുവില്‍ അലഞ്ഞു തിരിയുന്നവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആകാശപ്പറവകള്‍. തെരുവോരങ്ങളില്‍ നിന്നും നിരവധി കുഞ്ഞുങ്ങളെ പുനരധിവസിപ്പിച്ച് വിദ്യാഭ്യാസം നല്‍കാന്‍ സാധിച്ചിട്ടുണ്ട്. ഇങ്ങനെ തെരുവിലുള്ളവരെ സഹായിക്കുന്നു എന്ന ഒറ്റക്കാരണം കണ്ടെത്തിയാണ് ഗോവിന്ദച്ചാമിക്ക് വേണ്ടി രംഗത്തെത്തിയെന്ന വിധത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഇത് തീര്‍ത്തും അടിസ്ഥാന രഹിതമാണ്. ഗോവിന്ദച്ചാമിക്ക വേണ്ടി നിയമസഹായം നല്‍കിയെന്നാണ് മറ്റൊരു ആരോപണം. എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നതെന്നും ആകാശപ്പറവകള്‍ ചോദിക്കുന്നു. എന്ത് തെളിവാണ് ഇങ്ങനെ എഴുതുന്നവരുടെ പക്കലുള്ളത്? അതു പോട്ടെ എന്താണ് ഈ വാര്‍ത്തകളുടെ സോഴ്‌സ്? അതൊന്നും വ്യക്തമാക്കാന്‍ സാധിക്കുമോ?

സൗമ്യ സംഭവം നടന്ന വേളയില്‍ ‘ദിവ്യകാരുണ്യ ചിരിറ്റബിള്‍ ട്രസ്റ്റ്’ എന്ന പേരില്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ‘സ്വര്‍ഗ ദ്വാര്‍ ആശ്രമ്’ സ്ഥാപകന്‍ ഫാ.ജോര്‍ജ് കുറ്റൂര്‍ എഡിറ്റര്‍ ആയിട്ടുള്ള് പുസ്തകത്തില്‍ എഴുതിയ എഡിറ്റോറിയലിന്റെ പേരിലായിരുന്നു ഇക്കൂട്ടര്‍ തങ്ങളെ പ്രതിക്കൂട്ടിലാകാകിയത്. ‘ഗോവിന്ദച്ചാമിയെ നാം കഠിനമായി വെറുത്തതുകൊണ്ടോ അവനെതിരെ കൊലവിളി ഉയര്‍ത്തിയതുകൊണ്ടോ വലിയ പ്രയോജനമില്ല’. നാമെല്ലാവരിലും അറിഞ്ഞോ അറിയാതെയൊ ഒരു ഗോവിന്ദച്ചാമി ഒളിഞ്ഞും മറഞ്ഞും കിടക്കുന്നില്ലേ? എന്ന് പരാമര്‍ശിച്ചിരുന്നു. എല്ലാവരിലും ഒരു ഗോവിന്ദച്ചാമിയുണ്ടെന്ന കാര്യ പറയാന്‍ വേണ്ടിയാണ് എഴുതിയത്. എന്നാല്‍, ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് വളച്ചൊടിച്ചാണ അന്ന് മാദ്ധ്യമവും തേജസും വാര്‍ത്തയെഴുതിയത്. സംഭവത്തെ അപലപിച്ചു കൊണ്ടെഴുതിയ കാര്യം എങ്ങനെ ഗോവിന്ദച്ചാമിയെ അനുകൂലിക്കുന്നതാകുമെന്നാണ് കുറ്റിക്കലച്ചന്‍ ചോദിക്കുന്നത്.

അഡ്വ. ആളൂര്‍ എന്ന മുംബൈ ഹൈക്കോടതിയിലെ അഭിഭാഷകനെ നിയോഗിച്ചത് ആകാശപ്പറവകള്‍ ആണെന്നായിരുന്നു തേജസ് ഉന്നയിച്ച മറ്റൊരു ആരോപണം. ഈ ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കി. ഇത് തീര്‍ത്തും തെറ്റാണ്. അങ്ങനെ ലക്ഷങ്ങള്‍ മുടക്കി നിയമസഹായം നല്‍കിയെന്ന് പറയുന്നവര്‍ അത് തെളിയിക്കെട്ടെ. ആളൂരിനെ കുറിച്ച് അറിയുന്നത് പത്രങ്ങള്‍ വായിച്ചാണെന്നും കുറ്റിക്കലച്ചന്‍ വ്യക്തമാക്കുന്നു. അന്നന്ന് കഴിഞ്ഞു കൂടാനുള്ള വക മാത്രമേ ഈ സംഘടനയ്ക്കുള്ളൂ. അടുത്തിടെ ഡല്‍ഹിയിലെ ചിരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ വേണ്ടത്ര പണം കണ്ടെത്താന്‍ വിഷമിക്കുന്ന അവസ്ഥയാണുള്ളതെന്ന്. ഇങ്ങനെയുള്ളപ്പോള്‍ ഗോവിന്ദച്ചാമിയെ പോലൊരാള്‍ക്ക് വേണ്ടി ലക്ഷങ്ങള്‍ മുടക്കിയെന്ന ആരോപണം എങ്ങനെ വിശ്വസനീയമാകും?

വന്‍തോതില്‍ വിദേശഫണ്ട് പറ്റുന്ന ആഗോള സംഘടനയൊന്നുമല്ല ആകാശപ്പറവകളെന്നും കുറ്റിക്കലച്ചന്‍ വ്യക്തമാക്കി. വിദേശ ക്രിസ്ത്യന്‍ മിഷിണറി സംഘടനകള്‍ ഞങ്ങള്‍ക്ക് ഫണ്ട് നല്കാറില്ല. സഹായം നല്‍കുന്നത് വിദേശത്തെ പ്രവാസികള്‍ അടക്കമുള്ളവരാണ്. കല്യാണ വീടുകളില്‍ നിന്നും മറ്റുമാണ് പലപ്പോഴും ആകാശപ്പറവകളിലെ അന്തേവാസികള്‍ക്ക് ഭക്ഷണം എത്തിക്കുന്നത്. യാചകര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയെന്ന നിലയില്‍ വലിയൊരു ദൗത്യമാണ് തങ്ങള്‍ ഏറ്റെടുത്തിരിക്കുന്നതെന്നും അച്ചന്‍ വ്യക്തമാക്കുന്നു.

മതം മാറ്റുന്ന സംഘടനയല്ല ആകാശപ്പറവകളെന്നും അച്ചന്‍ പറഞ്ഞു. മതം നോക്കാതെയാണ് തെരുവില്‍ നിന്നും ദത്തെടുത്തവരെ ആ സംഘടന പരിപാലിക്കുന്നത്. ഇങ്ങനെയുള്ളവര്‍ മരിക്കുമ്പോള്‍ പലപ്പോഴും ഏത് മതാചാര പ്രകാരം അടക്കണം എന്നത് പോലും വിവാദ വിഷയമായി മാറാറുണ്ട്. ഈ സാഹചര്യത്തില്‍ കേരളം മുഴുവന്‍ ചര്‍ച്ച ചെയ്ത കൊലപാതക കേസിലേക്ക് അനാവശ്യമായി ആകാശപ്പറവകളെ വലിച്ചിഴച്ചത്. കുപ്രചരണങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ അന്ന് തന്നെ ഈ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയതാണ്. ഇപ്പോള്‍ വീണ്ടും അടിസ്ഥാനമില്ലാത്ത പ്രചരണം നടത്തുന്നതു കൊണ്ടാണ് പ്രതികരിക്കുന്നതെന്നും ഫാദര്‍. ജോര്‍ജജ് കുറ്റിക്കല്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ അടിസ്ഥാനമില്ലാത്ത വാര്‍ത്തള്‍ നല്‍കിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് സംഘടനയുടെ ഇപ്പോഴത്തെ നടത്തിപ്പുകാര്‍.

അതേസമയം ഗോവിന്ദച്ചാമി തൂക്കുമരത്തില്‍നിന്നു രക്ഷപ്പെട്ടതിന്റെ ഉപകാര സ്മരണയ്ക്കായി നാളെ ആകാശപ്പറവകള്‍ എന്ന ക്രിസ്ത്യന്‍ മിഷനറി സംഘടന ശാഖകളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തുമെന്ന വിധത്തില്‍ ഇന്നും തേജസം വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ രണ്ടായിരത്തോളം വരുന്ന ശാഖകളിലാണ് പ്രാര്‍ത്ഥനകള്‍ നടക്കുമെന്നാണ് പത്രവാര്‍ത്തയില്‍ പറയുന്നത്. വിധി അനുകൂലമാവുന്നതിനുവേണ്ടി കഴിഞ്ഞ ഞായറാഴ്ചയും ശാഖകളില്‍ പ്രാര്‍ത്ഥനകള്‍ നടന്നിരുന്നിരുന്നുവെന്നുമാണ് ആരോപണം.

ആകാശപ്പറവകള്‍ എന്താണ്? എങ്ങനെ പ്രവര്‍ത്തിക്കുന്നു?

വീടുകളില്ലാത്തവര്‍.. ബന്ധുക്കളില്ലാത്തവര്‍..സുഹൃത്തുക്കളില്ലാത്തവര്‍.. റേഷന്‍കാര്‍ഡുകളോ തിരഞ്ഞെടുപ്പുകാര്‍ഡുകളോ ഇല്ലാത്തവര്‍..വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ലാത്തവര്‍..ഇങ്ങനെ ആര്‍ക്കു വേണ്ടാത്തവര്‍ക്ക് വേണ്ടിയാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെയുള്ള വരാണ് ആകാശപ്പറവകളിലെ അന്തേവാസികള്‍. യാചകരെ പുനരധിവസിപ്പിക്കുന്നതിലാണ് ഏറെ സ്തുത്യര്‍ഹമായ സേവനമാണ് ഈ സംഘടന പലപ്പോഴും കാഴ്ച്ചവെക്കുന്നത്. ദിവ്യകാരുണ്യ മിഷനറി സമൂഹത്തിന് കീഴിലാണ് ആകാശപ്പറവകളുടെ പ്രവര്‍ത്തനം.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1983 ല്‍ ഹെയ്ത്തിയില്‍ വച്ചായിരുന്നു ജോണ്‍ പോള്‍ ആഹ്വാനം നടത്തിയത്. പുതിയ രീതിയിലും പുതിയ ഭാവത്തിലും സുവിശേഷവല്‍ക്കരണം നടത്തുക. ആ ആഹ്വാനത്തിന്റെ പിന്നാലെയാണ് ഫാദര്‍. ജോര്‍ജ്ജ് കുറ്റിക്കലച്ചന്റെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ആകാശപ്പറവകള്‍ തുടങ്ങിയത്.

1994 ല്‍ മദര്‍ തെരേസ തൃശൂരിനടുത്തുള്ള ചെന്നായ്പ്പാറയില്‍ ആകാശപ്പറവകളുടെ ആദ്യ ഭവനം ഉദ്ഘാടനം ചെയ്തു. രാജസ്ഥാനിലെ ഭാരത്പ്പൂര്‍ പക്ഷി സങ്കേതം സന്ദര്‍ശിച്ചതാണ് തന്റെ ശുശ്രൂഷയ്ക്ക് ആകാശപ്പറവകള്‍ എന്ന് പേരിടാന്‍ കാരണമായതെന്ന് അച്ചന്‍ പറയുന്നു. സൈബീരിയയില്‍ നിന്ന് ദേശാടനത്തിനെത്തുന്ന പക്ഷികളെക്കുറിച്ച് കേന്ദ്രത്തില്‍ കൃത്യമായ ഫയല്‍സൂക്ഷിക്കുന്നുണ്ടായിരുന്നു. അവയുടെ പേരും വിവരങ്ങളും അടങ്ങുന്ന ഫയല്‍. കാലാവധിക്ക് ശേഷം കിളികള്‍ മാതൃരാജ്യത്തിലേക്ക് മടങ്ങിപ്പോകുന്നതിന് മുമ്പയി ആ രാജ്യത്തിലേക്ക് അവ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇപ്രകാരം ചേക്കേറുകയും മടങ്ങിപ്പോകുകയും ചെയ്യുന്ന പക്ഷികള്‍ പോലെതന്നെയല്ലേ തെരുവുജീവിതങ്ങളും? അത്തരമൊരു ചിന്തയാണ് ആകാശപ്പറവകളിലേക്ക് വെളിച്ചം വീശിയത്. ഫ്രണ്ട്‌സ് ഓഫ് ദ ബേര്‍ഡ്‌സ് ഓഫ് ദ എയര്‍ എന്ന സമൂഹം രൂപപ്പെട്ടത് ഇങ്ങനെയായിരുന്നു.

ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ആകാശപ്പറവകളുടെ പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ മാത്രമായി 26 സ്ഥാപനങ്ങളുണ്ട്. ഡല്‍ഹി, ജമ്മുകാശ്മീര്‍,പഞ്ചാബ് എന്നിവിടങ്ങളിലായി വേറെയും. ദിവ്യകാരുണ്യത്തിന് മുമ്ബിലുള്ള പ്രാര്‍ത്ഥനയാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശക്തി നല്കുന്നതെന്ന് അച്ചന്‍ പറയുന്നു. സമൂഹം ഉപേക്ഷിച്ചവരെ സംരക്ഷിക്കുന്നതിന് കുറ്റിക്കലച്ചന്റെ നേതൃത്വത്തില്‍ ആകാശപ്പറവകളുടെ പ്രസ്ഥാനം തുടങ്ങിയിട്ട് 24 വര്‍ഷം കഴിയുന്നു.

ആദ്യ ആശ്രമം തൃശൂര്‍ ചെന്നായ്പാറയിലാണ് തുടങ്ങിയത്. ഡല്‍ഹി, ജമ്മുകാശ്മീര്‍, പഞ്ചാബ്, ബീഹാര്‍, ബംഗാള്‍, ഒഡീഷ, ആന്ധ്രപ്രദേശ്, തെലുങ്കാന, ബാംഗ്ലൂര്‍, ചെന്നൈ, കേരളം തുടങ്ങി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി 120ഓളം സ്ഥാപനങ്ങള്‍ കുറ്റിക്കലച്ചന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ മാത്രം 26 സ്ഥാപനങ്ങള്‍. ജോര്‍ജ് കുറ്റിക്കലച്ചന്‍ എം.സി.ബി.എസ് സഭാംഗമായിട്ട് 38 വര്‍ഷമാകുന്നു. ആലപ്പുഴ പുക്കാട് പരേതരായ കുറ്റിക്കല്‍ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും ഏഴുമക്കളില്‍ രണ്ടാമനാണ് അദ്ദേഹം. താന്‍ തുടങ്ങിയ സ്ഥാപനം നല്ലരീതിയില്‍ പ്രവര്‍ത്തിക്കണമെന്നാണ് വാര്‍ദ്ധക്യത്തിന്റെ അവശതയില്‍ കഴിയുന്ന കുറ്റിക്കലച്ചന്റെ ആഗ്രഹം. അതിനിടയില്‍ അനാവശ്യ ആരോപണങ്ങള്‍ ഉയരിമ്പോഴും പൊറുക്കുക എന്ന ദൈവസന്ദേശത്തെയാണ് ഇവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ഭിക്ഷാടകരെ പുനരധിവസിപ്പിക്കുന്ന ആകാശ പറവകള്‍ക്കെതിരെ യാതൊരു അടിസ്ഥാനവുമില്ലാതെ ‘മാധ്യമ ധര്‍മ്മം’ വരെയറിയാത്ത വര്‍ഗീയ വിഷം ചീറ്റുന്ന തേജസിന്റെ റിപ്പോര്‍ട്ടറിന്റെ പിന്നിലും ഗോവിന്ദ സ്വാമിക്ക് വേണ്ടി വാദിച്ച ഭിക്ഷാടന മാഫിയയോ ഭീകരപ്രവര്‍ത്തകരോ ഉണ്ടോയെന്ന് സംശയിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ വേണ്ട അന്വേഷണം നടത്തട്ടെ.

You must be logged in to post a comment Login