തൊണ്ണൂറാം വയസില്‍ ഇന്ത്യന്‍ പൗരത്വം

തൊണ്ണൂറാം വയസില്‍ ഇന്ത്യന്‍ പൗരത്വം

1444620401അറുപത്തിയെട്ട് വര്‍ഷത്തെ ദീര്‍ഘപ്രണയമായിരുന്നു സ്‌പെയന്‍കാരനായ ഫാ. ഗ്വിസി ഫ്രെഡെറിക് സോപെനായ്ക്ക് ഇന്ത്യയോട്. അത്രയും വര്‍ഷത്തെ ആഗ്രഹവുമായിരുന്നു ഇന്ത്യന്‍ പൗരത്വം സ്വന്തമാക്കണമെന്നും. ഒടുവില്‍ ആ ആഗ്രഹം സഫലമായി.നിയമപരമായ എല്ലാ ഔപചാരികതകളും പാലിച്ചുകൊണ്ടുതന്നെ.

കഴിഞ്ഞ ദിവസം ബാന്ദ്രയിലുള്ള കളക്ടറുടെ ഓഫീസില്‍ വച്ച് ഫാ. ഗ്വിസി ആ പ്രതിജ്ഞ ഏറ്റു ചൊല്ലി, ഹൃദയത്തില്‍ തട്ടിയ ദേശസ്‌നേഹത്തോടെ.. ഇന്ത്യ എന്റെ രാജ്യമാണ്.. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരിസഹോദരന്മാരാണ്… തൊണ്ണൂറു വയസിന്റെ തികവില്‍ നിന്ന് ഫാ. ഗ്വിസി ആ പ്രതിജ്ഞ ചൊല്ലുന്നതിന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അഭ്യുദയാക്ഷാംക്ഷികളും സാക്ഷ്യം വഹിച്ചു.

ഇരുപത്തിരണ്ടാം വയസിലാണ് ഒരു മിഷനറിയായി ഗ്വിസി ഭാരതമണ്ണില്‍ കാലുകുത്തിയത്. മുംബൈയിലെ താനെ, നാഷിക്, റെയ്ഗാഡ് എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ച് ദരിദ്രര്‍ക്കുവേണ്ടിയായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. ദൈവസ്‌നേഹത്തിന്റെ സന്ദേശം നല്കുക മാത്രമല്ല ഗവണ്‍മെന്റ് ദരിദ്രര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിരവധിയായ പദ്ധതികളെക്കുറിച്ച് അവര്‍ക്ക് അവബോധം ഉണ്ടാക്കിക്കൊടുക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. മതമോ ജാതിയോ നോക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍.

ജനങ്ങളുമായി ഇടപെടുന്നതിന് ഭാഷയുടെ പരിമിതി മനസ്സിലാക്കിക്കൊണ്ട് തന്നെ ഹിന്ദിയും മറാത്തിയും അദ്ദേഹം പഠിക്കുകയും ആ ഭാഷകളില്‍ ജനങ്ങളുമായി നിര്‍ബാധം ആശയവിനിമയം നടത്തുകയും ചെയ്തു. 1986 ല്‍ ഹിന്ദി എലിമെന്ററി പരീക്ഷ എഴുതുകയും പിന്നീട് സെന്റ് സേവേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫിലോസഫി പാസാകുകയും ചെയ്തു.

1990 ല്‍ ഉണ്ടായ റോഡ് ആക്‌സിഡന്റിനെ തുടര്‍ന്ന് ഇടതുകാല്‍ നഷ്ടമായെങ്കിലും അത് പോലും വകവയ്ക്കാതെയായിരുന്നു അദ്ദേഹത്തിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍.

എനിക്കൊരു ആഗ്രഹമേ ഉള്ളൂ, ഇന്ത്യന്‍ പൗരനായി ഈ മണ്ണില്‍ കിടന്ന് മരിക്കുക..ഞാന്‍ സ്‌നേഹിക്കുകയും എന്നെ സ്‌നേഹിക്കുകയും ചെയ്തവരുടെ ഇടയില്‍ സംസ്‌കരിക്കപ്പെടുക.. ഫാ. ഗ്വിസി പറയുന്നു.

You must be logged in to post a comment Login