തൊണ്ണൂറാം വയസില്‍ സ്പാനീഷ് പുരോഹിതന്‍ ഇന്ത്യന്‍ പൗരനായി

തൊണ്ണൂറാം വയസില്‍ സ്പാനീഷ് പുരോഹിതന്‍ ഇന്ത്യന്‍ പൗരനായി

മുംബൈ: എനിക്കിപ്പോള്‍ സന്തോഷമായി. എന്റെ ശവകുടീരം ഇന്ത്യയില്‍ തന്നെയാവുമല്ലോ. ഭാരത് മാതാ കീ ജയ്.

ഇത് ഇന്ത്യയില്‍ അറുപത് വര്‍ഷക്കാലമായി ജീവിക്കുന്ന സ്പാനീഷ് വൈദികനായ ഫാ. ഗ്വിസി ഫ്രെഡറിക് സോപേനയുടെ വാക്കുകള്‍. 38 വര്‍ഷം നീണ്ട നിയമയുദ്ധത്തിന് ശേഷം ഇന്ത്യന്‍ പൗരനായി അംഗീകരിക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് ഈ ഈശോസഭാ വൈദികന്‍.

ഇന്ത്യയെ പോലെ മറ്റൊരു രാജ്യത്തിലും ഞാന്‍ ജീവിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ല.അച്ചന്‍ പറയുന്നു.

1947 ല്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ അച്ചന് വെറും 22 വയസായിരുന്നു പ്രായം. ദരിദ്രര്‍ക്കും അഗതികള്‍ക്കും ഇടയിലായിരുന്നു പ്രവര്‍ത്തനം മുഴുവനും. മുംബൈ, താനെ, നാസിക്ക് ജില്ലകളായിരുന്നു കൂടുതലായും പ്രവര്‍ത്തനമണ്ഡലങ്ങള്‍. ദൈവസ്‌നേഹം പ്രചരിപ്പിക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്ന് അച്ചന്‍ പറയുന്നു.

1990 ല്‍ ഉണ്ടായ ഒരു ബൈക്ക് അപകടത്തെ തുടര്‍ന്ന് അച്ചന് ഇടതുകാല്‍ നഷ്ടമായി. പൗരത്വം നേടാനുള്ള തീവ്രശ്രമത്തില്‍ 1986 ല്‍ അദ്ദേഹം ഹിന്ദി എലമെന്ററി പരീക്ഷ എഴുതുകയും പിന്നീട് മുംബൈ സെന്റ് സേവേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കുകയും ചെയ്തു.

മുംബൈ കളക്ട്രേറ്റ് ഓഫീസില്‍ നിന്നാണ് പൗരത്വം നല്കിക്കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് അച്ചന് കിട്ടിയത്. ഇത് യഥാര്‍ത്ഥത്തില്‍ അപൂര്‍വ്വമായ ഒരു കേസാണ് എന്ന് കളക്ടര്‍ ശേഖര്‍ ചാനെ പറഞ്ഞു.

You must be logged in to post a comment Login