തൊഴിലാളികളെ ചൂഷണം ചെയ്യുന്നതും മനുഷ്യക്കടത്ത് തന്നെയെന്ന് മാര്‍പാപ്പ

തൊഴിലാളികളെ ചൂഷണം ചെയ്യുന്നതും മനുഷ്യക്കടത്ത് തന്നെയെന്ന് മാര്‍പാപ്പ

തങ്ങള്‍ക്കു വേണ്ടി ജോലി ചെയ്യുന്നവരെ ചൂഷണം ചെയ്ത് ധനം സ്വരുക്കൂട്ടുന്നവര്‍ക്കെതിരെ ഫ്രാന്‍സിസ് പാപ്പാ ആഞ്ഞടിച്ചു. പാവങ്ങളെ അടിച്ചമര്‍ത്തുന്ന ധനികര്‍ക്കു നേരെയും പാപ്പായുടെ ശബ്ദമുയര്‍ന്നു.

‘ഇന്ന് നടമാടുന്ന ഈ നാടകത്തെ കുറിച്ച് നാം ചിന്തിക്കണം. വ്യഭിചാരവും ബാലവേലയും മാത്രമാണ് മനുഷ്യക്കടത്ത് എന്നു കരുതരുത്. മനുഷ്യനെ ചൂഷണം ചെയ്യുന്നതും മനുഷ്യക്കടത്തിന്റെ മറ്റൊരു വകഭേദം തന്നെയാണ്.’ പാപ്പാ പറഞ്ഞു.

‘ഞാന്‍ നിങ്ങള്‍ക്ക് ഇത്ര രൂപ തരാം. അവധി തരില്ല, ആരോഗ്യപരിരക്ഷ തരില്ല, എല്ലാ രഹസ്യമായി… പക്ഷേ, ഞാന്‍ പണമുണ്ടാക്കും!’ എന്ന് ഇന്നത്തെ തൊഴില്‍ദാതാവ് പറയുന്നു. ഇത് മനുഷ്യക്കടത്തു തന്നെയാണെന്ന് പാപ്പാ പറഞ്ഞു.

ധനം അതില്‍ തന്നെ നല്ലതാണ്. ബൈബിളില്‍ തന്നെ ജോബും തോബിയാസുമടങ്ങുന്ന നീതിമാന്മാര്‍ ധനികരായിരുന്നു. എന്നാല്‍ ധനം ആപേക്ഷികനന്മയാണ്. പരമനന്മയല്ല. സോളമന്‍ ചോദിക്കുന്നത് ജ്ഞാനത്തിന് വേണ്ടിയാണ്, ധനത്തിനു വേണ്ടിയല്ല എന്നോര്‍മിക്കുക, പാപ്പാ പറഞ്ഞു. ധനം നല്ലതു തന്നെ. എന്നാല്‍ നാം ദൈവത്തിനു സേവനം ചെയ്യാന്‍ തുടങ്ങുമ്പോള്‍ ധനം രണ്ടാം സ്ഥാനത്തേക്ക് മാറുന്നു.

സമൃദ്ധിയുടെ ദൈവശാസ്ത്രത്തെ വിമര്‍ശിച്ച പാപ്പാ അതിന്റെ കാരണവും വിശദീകരിച്ചു. ‘ദൈവം നിങ്ങള്‍ക്ക് ധനം നല്‍കുകയാണെന്നതിന്റെ അര്‍ത്ഥം നിങ്ങള്‍ നീതിമാനാണ്് എന്ന് സമൃദ്ധിയുടെ ദൈവശാസ്ത്രം പറയുന്നു.’ ഇത് തെറ്റായ കാഴ്ചപ്പാടാണെന്ന് പാപ്പാ പറഞ്ഞു.

വലപ്പോഴും മാത്രം ലഭിക്കുന്ന തൊഴില്‍ ചെയ്യേണ്ടി വരുന്നവരെ കുറിച്ചും പാപ്പാ ചര്‍ച്ച ചെയ്തു. അവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നില്ല, ഇന്‍ഷുറന്‍സ് ഇല്ല. അവരെ ചുഷണം ചെയ്യുന്ന തൊഴില്‍ ദാതാക്കള്‍ ചോര കുടിക്കുന്ന അട്ടകളെ പോലെയാണ്. തൊഴിലാളികളെ അടിമകളാക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.
ദിവസവും 11 മണിക്കൂര്‍ ജോലി മാസം 730 ഡോളറിന് ചെയ്യേണ്ടി വന്ന ഒരു സ്ത്രീയുടെ കഥ പാപ്പാ പറഞ്ഞു. എല്ലാ നടപടിയും രഹസ്യമായിട്ടാണ്. അവള്‍ അത് സ്വീകരിക്കാന്‍ മടിച്ചപ്പോള്‍ തൊഴില്‍ദാതാവ് പറഞ്ഞു: നിന്റെ പിറകിലെ ക്യൂ നോക്ക്. വേണ്ടെങ്കില്‍ പോയ്‌ക്കോ. വേറെ ആളുകള്‍ കാത്തു നില്‍ക്കുന്നു.

സമ്പത്ത് കൊണ്ട് സ്വയം വീര്‍പ്പിക്കുന്ന തൊഴില്‍ ദാതാക്കള്‍ അടിമവ്യവസ്ഥ തന്നെയാണ് ഇന്നും നടത്തുന്നത്. നമ്മുടെ നഗരങ്ങളില്‍ ഇന്നും അത് നില നില്‍ക്കുന്നുണ്ട്. രക്തം ഊറ്റപ്പെട്ട ഈ പാവം തൊഴിലാളികളുടെ നിലവിളി ദൈവസന്നിധിയില്‍ നീതിക്കായ് ഉയരുന്നു.

 

അഭിലാഷ് ഫ്രേസര്‍

You must be logged in to post a comment Login