തോമ്മാശ്ലീഹായും ഏഴരപ്പള്ളികളും

തോമ്മാശ്ലീഹായും ഏഴരപ്പള്ളികളും

stthomasജൂലൈ മൂന്ന്.. വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ സജീവസ്മരണ അയവിറക്കുന്ന സുദിനം. നമ്മുടെ വിശ്വാസത്തിന്റെ വേരുകള്‍ തോമാശ്ലീഹായുമായി ആഴത്തില്‍ ബന്ധപ്പെട്ടുകിടക്കുന്നു. അവയില്‍ ഏറ്റവും സജീവമായി അവശേഷിക്കുന്നതാണ അദ്ദേഹം സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെട്ടുവരുന്ന ഏഴരപ്പള്ളികള്‍. തോമാശ്ലീഹായുടെ കേരള പ്രേഷിതത്വത്തിന്റെ അടയാളങ്ങള്‍ പേറി നിലനില്ക്കുന്ന ഈ സപ്തദൈവാലയങ്ങള്‍ നമ്മെ വിശ്വാസജീവിതത്തില്‍ അനിഷേധ്യമായ അടയാളങ്ങള്‍ പേറാന്‍ ക്ഷണിക്കുന്നവയാണ്.
കൊടുങ്ങല്ലൂര്‍, പാലയൂര്‍, കോക്കമംഗലം, പറവൂര്‍( കൊട്ടേക്കാവ്) നിരണം, കൊല്ലം, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് ഈ ദൈവാലയങ്ങള്‍ സ്ഥിതി ചെയ്യുന്നത്. വ്യാപാരകേന്ദ്രങ്ങള്‍ കൂടിയായിരുന്ന ഇവിടെ നിന്നായിരിക്കണം വിശുദ്ധ തോമസ് സുവിശേഷം പ്രസംഗിക്കാന്‍ ആരംഭിച്ചതും സഭാസമൂഹങ്ങള്‍ക്ക് രൂപം നല്കിയതെന്നും പരക്കെ വിശ്വസിക്കുന്നു.
മുസിരസ് എന്ന് പ്രാചീന കൃതികളില്‍ അറിയപ്പെടുന്ന കൊടുങ്ങല്ലൂരില്‍ അക്കാലത്ത് ധാരാളം യഹൂദന്മാര്‍ വ്യാപാരാവശ്യങ്ങള്‍ക്കായി തമ്പടിച്ചിരുന്നു. ഇവരെയാണ്‌തോമ്മാ ആദ്യമായി ശിഷ്യപ്പെടുത്തിയത്. പുരാതന ഭാരതത്തിലെ പ്രസിദ്ധമായ വാണിജ്യകേന്ദ്രവും തുറമുഖവുമായിരുന്നു കൊടുങ്ങല്ലൂര്‍.
യൂദക്കുന്ന് എന്നും അപരനാമമുള്ള പാലയൂരിലെ തളിയക്കുളത്തിന് തോമ്മായുമായി അഭേദ്യമായ ബന്ധമാണുള്ളത്. വചനപ്രഘോഷണത്തിനും അത്ഭുതത്തിനുമായി തോമാ തിരഞ്ഞെടുത്ത ഒരു സ്ഥലം കൂടിയായിരുന്നു ഇത്. തന്റെ ദൈവം ജലം സ്വീകരിക്കുമെന്ന് തദ്ദേശിയരായ ഭക്തരോട് വാക്ക്പറഞ്ഞതിന് ശേഷം തോമസ് കാണിച്ച അത്ഭുതം അനേകരെ അന്നേ ദിവസം തന്നെ മാമ്മോദീസാ സ്വീകരിക്കാന്‍ പ്രേരിതരാക്കി. പകലോമററം, ശങ്കരപുരി, കള്ളി, കാളിയങ്കാവ്, കോയിക്കര, മാടപുരു, നെടുമ്പള്ളി തുടങ്ങിയ മുപ്പത്തിരണ്ട് ഇല്ലക്കാര്‍ പാലയൂരില്‍ നിന്ന് ക്രിസ്തുമതം സ്വീകരിച്ചു എന്നാണ് ഐതിഹ്യം.
പുരാതനമായ ഹിന്ദു സങ്കേതമായിരുന്നു വേമ്പനാട്ടുകായലിന്റെ തീരത്തുള്ള കോക്കമംഗലം. ഇവിടെ തോമസ് സ്ഥാപിച്ച കുരിശ് ശത്രുക്കള്‍ പിഴുതെറിഞ്ഞുവെന്നും അത് കടലിലൂടെ ഒഴുകി പള്ളിപ്പുറത്തുള്ള മാറ്റേല്‍ എന്ന സ്ഥലത്ത് മണ്‍തുരുത്തിലടിഞ്ഞുവെന്നും അവിടെ പള്ളി സ്ഥാപിച്ചുവെന്നുമാണ് ചരിത്രം.
ക്യൂട്ടോ എന്ന മിഷനറിയുടെ രേഖകളില്‍ പറയുന്നത് പറവൂര്‍ ദൈവാലയം മാര്‍ത്തോമാ സ്ഥാപിച്ചതെന്നാണ്.ദ്രാവിഡ ഹൈന്ദവ കേന്ദ്രമായിരുന്നു ഇവിടം. വേമ്പനാട്ടുകായലിന്റെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ശത്രുക്കള്‍ ശ്ലീഹായെ കൊല്ലാന്‍ ആനയെ ഒരുക്കിനിര്‍ത്തിയെന്നും ആന അപ്പസ്‌തോലനെ കണ്ടപ്പോള്‍ തല കുനിച്ച് നമസ്‌ക്കരിച്ചു എന്നുമാണ് ഐതിഹ്യം.
പമ്പാനദിയുടെ ഇരുശാഖകള്‍ക്കും ഇടയിലുള്ള നഗരമാണ് നിരണം. പട്ടമുക്ക്, തയ്യില്‍, മാങ്കി, മടത്തലാന്‍ എന്നീ നാലുകുടുംബക്കാര്‍ മാര്‍ത്തോമ്മായില്‍ നിന്ന് മാമ്മോദീസാ സ്വീകരിച്ചവരാണ്. യഹൂദക്കച്ചവടക്കാര്‍ക്കൊപ്പം ഇന്നാട്ടുകാരും ഇവിടെയുണ്ടായിരുന്നു.
ഒന്നാം നൂറ്റാണ്ടുമുതല്‍ക്കേ പ്രശസ്തിയാര്‍ജിച്ച തുറമുഖ നഗരമായിരുന്നു കൊല്ലം. തോമ്മായുടെ കാലത്ത് പണിത ദൈവാലയം ആയിരം വര്‍ഷം നിലനിന്നുവെന്നും പിന്നീട് കടലെടുത്തുപോയി എന്നുമാണ് വിശ്വാസം. റാന്നിയ്ക്ക് അടുത്തുള്ള സ്ഥലമായ നിലയയ്ക്കല്‍ കുരുമുളകിന് പ്രസിദ്ധമായ നഗരമായിരുന്നു, ഒന്നാം നൂറ്റാണ്ടില്‍.. ഒരു വര്‍ഷം തോമാസ്ലീഹാ ഇവിടെ താമസിച്ചുവെന്നു കരുതപ്പെടുന്നു. ഇവിടെ നിന്നാണത്രെ കാഞ്ഞിരപ്പള്ളി, ചെങ്ങന്നൂര്‍ മുതലായ സ്ഥലങ്ങളിലേക്ക് ക്രൈസ്തവര്‍ കുടിയേറിയത് എന്നാണ് ചരിത്രം.
തോമ്മാശ്ലീഹാ സ്ഥാപിച്ച അരപ്പള്ളിയെക്കുറിച്ച് നിരവധിഅഭിപ്രായ വ്യത്യാസങ്ങളുണ്ട്. തമിഴ്‌നാട്ടിലെ തക്കല രൂപതയില്‍പെട്ട കന്യാകുമാരി ജില്ലയിലെ തിരുവാങ്കോടാണ് അരപ്പള്ളിയെന്നും അതല്ല മലയാറ്റൂരാണെന്നുമാണ് ഈ വ്യത്യസ്ത അഭിപ്രായങ്ങള്‍. തര്‍ക്കമെന്തായാലും തോമ്മാശ്ലീഹായുടെ പ്രേഷിതപ്രവര്‍ത്തനത്തിന്റെയും കേരളത്തിലെ ക്രൈസ്തവവിശ്വാസത്തിന്റെയും ജീവനുള്ള മുദ്രകള്‍ തന്നെയാണ് ഏഴരപ്പള്ളികള്‍.

 

” മഗ്ദലനമറിയം ഉത്ഥിതനെ കണ്ട് വിശ്വസിച്ചവളാണ്. കാണാതെ വിശ്വസിക്കുകയില്ലെന്ന് വാശിപിടിച്ചവനാമ് തോമ്മാ. മഗ്ദലന മറിയത്തെക്കാള്‍ തോമ്മായാണ് നമ്മുടെ വിശ്വാസം ദൃഢമാക്കാന്‍ സഹായിച്ചത്. തോമ്മാ മിശിഹായുടെ തിരുമുറിവില്‍ സ്പര്‍ശിച്ചത് മൂലം നമ്മുടെ ഉള്ളിലെ സംശയത്തിന്റെ മുറിവുകള്‍ സുഖപ്പെട്ടു.” മഹാനായ ഗ്രിഗറി.

“എന്റെ കര്‍ത്താവേ എന്റെ ദൈവമേ എന്ന വിശ്വാസപ്രഖ്യാപനത്തിലൂടെ മിശിഹായുടെ ദൈവസ്വഭാവം തോമ്മാ വ്യക്തമാക്കി.- വിശുദ്ധ ഹിലാരി

“മിശിഹായുടെ മുറിവുകള്‍ പരിശോധിച്ച് അതില്‍ സ്പര്‍ശിച്ച് അവിടുത്തേക്ക് യഥാര്‍ഥ ശരീരമുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയവനാണ് തോമ്മാ. അവന്റെ ദര്‍ശനവും സ്പര്‍ശനവും വഴി അവന്‍ നമ്മെ വിശ്വാസത്തിലുറപ്പിച്ചു- ടൂറിനിലെ മാക്‌സിമൂസ്
തോമ്മാ സ്പര്‍ശിച്ചത് സത്യത്തിന്റെ ഉറവിടത്തെയായിരുന്നു. അതുവഴി നിത്യജീവന്റെ ജലം അവനിലേക്ക് പ്രവഹിച്ചു. ദൈവികജ്ഞാനത്തിന്റെയും വിശ്വാസസത്യങ്ങളുടെയും ഉറവിടത്തിലാണ് അവന്‍ സ്പര്‍ശിച്ചത്” ഗ്രീസിലെ മേനയാ.

You must be logged in to post a comment Login