തോല്‍ക്കുന്നവര്‍ക്കും ചിറകുകളുണ്ട്!

തോല്‍ക്കുന്നവര്‍ക്കും ചിറകുകളുണ്ട്!

ഇരുപത്തഞ്ച് വര്‍ഷം മുമ്പാണ്. എന്റെ എസ്എസ്എല്‍സി കാലം. ഇന്ത്യന്‍ രൂപയുടെ വിലയിടിഞ്ഞതു പോലെ ഡിസ്റ്റിംഗ്ഷനും ഫസ്റ്റ് ക്ലാസിനും വിലയിടിഞ്ഞു പോകുന്നതിനു മുമ്പുള്ള കാലമാണ്. പത്താം ക്ലാസിലെത്തുമ്പോള്‍ ഭേദപ്പെട്ട മാര്‍ക്ക് വാങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മഞ്ഞപിത്തം വന്ന് ഒരു മാസം ചികിത്സയിലായതോടെ പഠനത്തിന്റെ താളം തെറ്റുകയും ആവേശം തണുക്കുകയും ചെയ്തു. പിന്നെ നന്നായി പഠിച്ചിട്ടില്ലെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. എന്നാല്‍ എന്റെ ഡാഡി എന്തു കൊണ്ടോ വലിയ പ്രതീക്ഷ വച്ചിരുന്നു. ഞാന്‍ ഫസ്റ്റ് ക്ലാസോ ഡിസ്റ്റിംഗ്ഷനോ വാങ്ങും എന്ന് എല്ലാവരോടും പറയുകയും ചെയ്തു.

എന്നാല്‍ എസ്എസ്എല്‍സിയുടെ റിസള്‍ട്ട് വന്നപ്പോള്‍ കഷ്ടിച്ച് സെക്കന്‍ഡ് ക്ലാസിനുള്ള മാര്‍ക്ക്! പ്രതീക്ഷകള്‍ തകിടം മറിച്ചതിന് നിരാശനും കോപിഷ്ടനുമായെത്തുന്ന ഡാഡിയെ എങ്ങനെ അഭിമുഖീകരിക്കും എന്ന് ആലോചിച്ച് പരുങ്ങി ഇരിപ്പായി, ഞാന്‍. എന്നാല്‍ എന്നെ അമ്പരപ്പിച്ചു കൊണ്ട് ഡാഡി അന്ന് വൈകിട്ട് ഒരു പൊതി മിഠായിയുമായി എത്തിയിരിക്കുന്നു. സെക്കന്‍ഡ് ക്ലാസുണ്ടല്ലോ! എല്ലാവര്‍ക്കും കൊടുക്ക്! എന്ന് ആത്മാര്‍ത്ഥമായ ഒരു ആശംസയും. അത് എന്റെ ഉള്ളില്‍ വല്ലാതെ തൊട്ടു.

വെറും സെക്കന്‍ഡ് ക്ലാസ് മാര്‍ക്കും വച്ച് നല്ല കോളേജുകളില്‍ അഡ്മിഷന്‍ ഒട്ടും എളുപ്പമായിരുന്നില്ല. എന്നിട്ടും ഡാഡി സുഹൃത്തുക്കളോട് അപേക്ഷിച്ച് കൊച്ചിയിലെ നല്ല കോളേജുകളിലൊന്നില്‍ മാേേനജ്‌മെന്റ് ക്വോട്ടയില്‍ പ്രവേശനം നേടിത്തന്നു. ഡാഡി ഏറ്റെടുത്ത ആ കഷ്ടപ്പാടുകളും ഒരു പരാതി പോലും പറയാത്ത ആ മനോഭാവവും എന്നെ ആഴത്തില്‍ തൊട്ടു. അന്ന് ഞാനൊരു തീരമാനമെടുത്തു. ഇനി ഡാഡി ഞാന്‍ കാരണം, ആരുടെയും മുന്നില്‍ തല കുനിക്കില്ല. പഠനത്തിന്റെ കാര്യത്തില്‍ എന്റെ വീഴ്ച കൊണ്ട് ഡാഡിക്ക് ബുദ്ധിമുട്ടേണ്ടി വരില്ല.

തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ ഞാന്‍ ചേരുമ്പോള്‍, മാര്‍ക്ക് വച്ചു നോക്കിയാല്‍ ഏറ്റവും കുറവു മാര്‍ക്കുള്ള അഞ്ച് പേരില്‍ ഒരാളായിരുന്ന ഞാന്‍ രണ്ടു വര്‍ഷം ബാക്ക് ബെഞ്ചറായി ഇരുന്നു പഠിച്ചു. പ്രീഡിഗ്രി ഫൈനല്‍ റിസള്‍ട്ട് വന്നപ്പോള്‍, ഏറ്റവും ഉയര്‍ന്ന മാര്‍ക്കുള്ള അഞ്ചു പേരില്‍ ഒരാളായി ഞാന്‍ മാറി! റിസള്‍ട്ട് വന്ന ദിവസം ഡാഡിയോട് ഞാന്‍ ചോദിച്ചു: ഈ മാര്‍ക്ക് വച്ച് എറണാകുളത്തെ കോളേജുകളില്‍ ആരുടെയും ശുപാര്‍ശയില്ലാതെ പ്രവേശനം കിട്ടുമല്ലോ, അല്ലേ! അഭിമാനമായിരുന്നു, ഡാഡിയുടെ മുഖത്ത്. (പ്രവേശനം നേടാന്‍ ഞാന്‍ ശ്രമിച്ചില്ല എന്നതും, ഒരുള്‍വിളി കേട്ട് ഞാന്‍ നേരെ പോയത് ഒരു സന്ന്യാസാശ്രമത്തില്‍ ചേരാനാണ് എന്നത് മറ്റൊരു കാര്യം).

വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും പച്ച നിറമുള്ള പഴയ പാരിസ് മിഠായിപ്പൊതിയുമായി ഡാഡി എന്റെ കണ്‍മുന്നിലുണ്ട്. മുറിവേറ്റു നിന്ന എന്നെ ശകാരിക്കാത്ത, എന്റെ പരാജയത്തില്‍ പോലും എന്റെ മുഖം കുനിക്കാന്‍ അനുവദിക്കാത്ത ഡാഡി.

വിദ്യാഭ്യാസ രംഗത്തു മാത്രമല്ല. ജീവിതത്തിലും പരാജയങ്ങള്‍ അവസാന വാക്കല്ല. അവസാനത്തെ മണിക്കൂറില്‍ നിന്നു പോലും നമുക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയും. ജീവിതം ഫുട്‌ബോള്‍ പോലെയല്ല, ടെന്നീസ് പോലെയാണെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. ഫൂട്‌ബോളില്‍ പൂജ്യം ഗോളുമായി നില്‍ക്കുന്ന നമുക്കെതിരെ എതിര്‍ ടീം പത്തു ഗോളടിക്കുകയും, എന്നാല്‍ കളി തീരാന്‍ അഞ്ചു മിനിറ്റ് മാത്രം ബാക്കിയുള്ളവെങ്കില്‍ പിന്നെ ഒരു ടീമിനും കളി തിരികെ പിടിക്കാനാവില്ല. എന്നാല്‍ ടെന്നീസ് കളിയിലാകട്ടെ എതിരാലി മാച്ച് പോയിന്റില്‍ നില്‍ക്കുകയാണെങ്കില്‍ പോലും ആ നിമിഷം മുതല്‍ എല്ലാ ഗെയിമും സ്വന്തമാക്കുകയാണെങ്കില്‍ നമുക്ക് തിരിച്ചു വരാനും ജയിക്കാനുമാവും. ജീവിതം അവസാന നിമിഷത്തില്‍ നിന്നു പോലും ജയിച്ചു കയറാവുന്ന ഗെയിമാണ്. മരണത്തിന്റെ തൊട്ടു മുമ്പ് സ്വര്‍ഗം കവര്‍ന്നെടുത്ത, ബൈബിളിലെ നല്ല കള്ളന്റെ കഥ ഒന്നാന്തരം ദൃഷ്ടാന്തമാണ്.

വില്‍മാ റുഡോള്‍ഫ് എന്ന അമേരിക്കക്കാരിയുടെ കഥയ്ക്ക് ഒരു മിന്നലിന്റെ തേജസ്സുണ്ട്. നാലാം വയസ്സില്‍ പോളിയോ വന്ന് തളര്‍ന്നു പോയ വില്‍മ ജീവിതത്തിലേക്ക് മടങ്ങി വന്നെങ്കിലും അവളുടെ കാലുകള്‍ പക്ഷേ വളഞ്ഞതായിരുന്നു. നടക്കാന്‍ ഒരു ഉപകരണത്തിന്റെ സഹായം വേണ്ടി വന്നിരുന്നു, വില്‍മയ്ക്ക്. എന്നാല്‍ കൗമാര കാലത്ത് അവള്‍ ഓട്ടക്കാരിയാകാന്‍ തീരമാനിച്ചപ്പോള്‍ സകലരും അവളെ പരിഹസിച്ചു. ചട്ടുകാലുമായി ഓടാനെത്തുന്ന അവള്‍ എവിടെ ജയിക്കാന്‍! ആദ്യത്തെ ശ്രമങ്ങളെല്ലാം പരാജയത്തില്‍ കലാശിച്ചു. സത്യത്തില്‍ ഏറ്റവും പിന്നിലായാണ് അവള്‍ ഫിനിഷ് ചെയ്തത്. എന്നാല്‍ വില്‍മയുടെ ഉള്ളില്‍ അജയ്യമായ തീയുണ്ടായിരുന്നു. കാലിലെ ഉപകരണം ഊരിവച്ച് വേദന സഹിച്ചു കൊണ്ട് അവള്‍ തീവ്ര പരിശീലനം നടത്തി. 1960 ല്‍ റോമില്‍ നടന്ന ഒളിംപിക്‌സില്‍ മൂന്നു സ്വര്‍ണമെഡല്‍ നേടിയ വില്‍മയെ ലോകം വാഴ്ത്തി; ഭൂമിയിലെ ഏറ്റവും വേഗമേറിയ വനിത!’ അവളുടെ കാലഘട്ടത്തില്‍ ഒരു മിന്നല്‍ പോലെ അവള്‍ ട്രാക്കില്‍ ജ്വലിച്ചു നിന്നു.

എബ്രഹാം ലിങ്കനെ പോലെ തെരഞ്ഞെടുപ്പുകളില്‍ തോറ്റ ചരിത്രമുള്ള ലോക രാഷ്ട്രീയ നേതാക്കന്മാര്‍ കുറവാണ്. അത്രയേറെ തവണയാണ് ലിങ്കന്‍ പരാജയമടഞ്ഞത്. സാധാരണക്കാരെല്ലാം തോറ്റ് മടുത്ത് പിന്തിരിയാന്‍ സാധ്യതയുള്ളത്ര തോല്‍വികള്‍. എന്നിട്ടും ലിങ്കന്‍ പിന്‍വാങ്ങിയില്ല. അവസാനം വിജയം ലിങ്കനെ അനുഗ്രഹിച്ചു. എന്നു മാത്രമല്ല, പിന്നീടുള്ള വിജയങ്ങള്‍ ലോകത്തിന്റെ ഗതിമാറ്റിക്കുറിച്ച ചരിത്രമാവുകയും ചെയ്തു.

ശബ്ദസൗകുമാര്യമില്ല എന്ന ആക്ഷേപം കേട്ട് സ്‌പോണ്‍സര്‍മാരുടെ മുന്നില്‍ തലകുനിച്ചു നിന്ന നാല്‍വര്‍ സംഘമാണ് പിന്നീട് ദ ബീറ്റില്‍സ് എന്ന പേരില്‍ ലോകത്തെ പ്രകമ്പനം കൊള്ളിച്ച റോക്ക് സംഗീത ബാന്‍ഡ്. ഇന്നും ഏറ്റവും കൂടുതല്‍ കോപ്പി വിറ്റഴിഞ്ഞ സംഗീത ആല്‍ബത്തിനുള്ള റെക്കോര്‍ഡ് ബീറ്റില്‍സിന്റെ പേരിലാണ്.

പതിനേഴാം വയസ്സില്‍ എഴുത്തു മോഹങ്ങളെല്ലാം തല്ലിക്കെടുത്തിയ ആളാണ് പൗലോ കൊയ്‌ലോ. അസാധാരണമായ ജീവിതരീതികള്‍ മൂലം മനോരോഗ ചികിത്സയ്ക്കും വിധേയനാകേണ്ടി വന്നു. നാല്താം വയസ്സില്‍ ഇനി എന്തു സ്വപ്‌നം ബാക്കി വയ്ക്കാനാണ് എന്ന് കരുതുന്നവര്‍ക്ക് മാര്‍ഗം തെളിച്ചു കൊണ്ട് കൊയ്‌ലോ ആല്‍ക്കെമിസ്റ്റ് എന്ന ആധുനിക ക്ലാസിക്ക് രചിച്ചു. എട്ടു കോടിയിലേറെ കോപ്പികളുമായി സര്‍വകാല റെക്കോര്‍ഡിട്ട ആല്‍ക്കെമിസ്റ്റ് കൊയ്‌ലോയെ ആധുനിക ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരുടെ ഗണത്തിലേക്കുയര്‍ത്തി.

താഴെ നിന്നു നോക്കുമ്പോള്‍ താല്ക്കാലികമായ പരാജയം ഒരു പര്‍വതം പോലെ ഭീമാകാരമായി നമുക്കു തോന്നും. ഒരു പക്ഷിയുടെ ചിറക് കടമെടുത്ത് ഒന്ന് ഉയരത്തിലേക്ക് പറന്നു നോക്കൂ. താഴെ നാം വന്ന വഴികള്‍ കാണാം. ഇന്നു വരെയുള്ള ജീവിത യാത്രയില്‍ സ്വീകരിച്ച നന്മകളുടെ നീണ്ട നിരകള്‍ കാണാം. നാളെ വരാനിരിക്കുന്ന നല്ല നാളുകള്‍ കാണാം. ജീവിതമപ്പോള്‍ മനോഹരമായ ഒരു ഭൂപ്രകൃതി പോലെ. കുന്നുകളും താഴ്‌വരകളും പുഴകളും പുല്‍പ്പറങ്ങളും കൊണ്ട് അലംകൃതമായ ഒരു രാജ്യം പോലെ. അപ്പോള്‍ നാം കാണും, പരാജയമെന്ന് നാം വിളിച്ച് ആ കുന്ന് എത്ര ചെറുതാണെന്ന്. ജീവിതമെന്ന വലിയ ഭൂപ്രകൃതിയുടെ ഉള്ളില്‍, വരാനിരിക്കുന്ന വിജയങ്ങളുടെ മുന്നില്‍ ഒരു പൊട്ടു പോലെ…
അഭിലാഷ് ഫ്രേസര്‍

You must be logged in to post a comment Login