‘ദച്ചാഹുവിന്റെ മാലാഖ’ ഇനി വാഴ്ത്തപ്പെട്ടവന്‍

‘ദച്ചാഹുവിന്റെ മാലാഖ’ ഇനി വാഴ്ത്തപ്പെട്ടവന്‍

വൂര്‍സ്‌ബെര്‍ഗ്: നാസിയുടെ ദചാഹു കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ കുഴിച്ചുമൂടിയ മരിയന്‍ഹില്‍ മിഷന്‍ സമൂഹത്തിലെ രക്തസാക്ഷിയായ വൈദികന്‍ ഫാ. എന്‍ഗള്‍മാര്‍ അണ്‍സെയ്തിങ്ങിനെ ശനിയാഴ്ച വൂര്‍സ്‌ബെര്‍ഗ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

“ദച്ചാഹുവിന്റെ മാലാഖ”യെന്ന് വിളിക്കപ്പെടുന്ന ഫാ. അണ്‍സെയ്ത്തിങ്ങ് ദൈവത്തിന്റെ നന്മ തീരെ കുറച്ച് പ്രതീക്ഷിക്കുന്നയിടത്തു പോലും, അവിടുത്തെ പ്രകാശം നല്‍കാന്‍ ശ്രമിച്ച വ്യക്തിയാണ്. ഏറ്റവും കൂടുതല്‍ വൈദികരെയും മിഷന്‍ പ്രവര്‍ത്തകരെയും പാര്‍പ്പിച്ച നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പാണ് ദച്ചാഹു. അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ചടങ്ങില്‍ വൂര്‍സ്‌ബെര്‍ഗ് ബിഷപ്പ് ഫ്രെയ്ഡ്‌ഹെലം ഹോഫ്മാന്‍ പറഞ്ഞു.

1911ല്‍ ചെക്ക് റിപ്പബ്ലിക്കില്‍ ജനിച്ച ഫാ. അണ്‍സെയ്ത്തിങ്ങ് തന്റെ 18ാം വയസ്സില്‍ മരിയന്‍ഹില്‍ മിഷന്‍ സംഘടനയില്‍ വൈദികനായി ചേര്‍ന്നു. ഫാ. അണ്‍സെയ്തിങ്ങിന്റെ 30ാം വയസ്സില്‍ അദ്ദേഹത്തെ നാസി ഭരണകൂടം അറസ്റ്റ് ചെയ്തു.

ജര്‍മ്മന്‍ ഭര്‍ണ്ണകൂടത്തിനെതിരെ, പ്രത്യേകിച്ച് ജര്‍മ്മന്‍കാര്‍ ജൂതന്‍മാരോട് പെരുമാറുന്ന രീതിയെക്കുറിച്ച് അദ്ദേഹം പ്രസംഗം നടത്തിയെന്ന് ആരോപിച്ചാണ് ഫാ. അണ്‍സെയ്തിങ്ങിനെ നാസിഭരണകൂടം അറസ്റ്റ് ചെയ്തത്.

ചെയ്ത കുറ്റത്തിനുള്ള ശിക്ഷയായി അദ്ദേഹത്തെ ദച്ചാഹു കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ പ്രവേശിപ്പിച്ചു. നാസി പട്ടാളക്കാരുടെ ക്രൂര പെരുമാറ്റത്തെ അതിജീവിച്ച് സാമാന്യം ഭേദപ്പെട്ട ആരോഗ്യ സ്ഥിതി അദ്ദേഹത്തിനുണ്ടായിരുന്നു. 1945ല്‍ ക്യാമ്പില്‍ ടൈഫോയിഡ് പടര്‍ന്നപ്പോള്‍ ഫാ. അണ്‍സെയ്തിങ്ങും, കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലുണ്ടായിരുന്ന മറ്റു 19 വൈദികരും
ചേര്‍ന്ന് തങ്ങളാല്‍ കഴിയുന്ന സഹായം ടൈഫോയിഡ് ബാധിച്ചവര്‍ക്ക് നല്‍കി. അവരെ കുളിപ്പിക്കുന്നതിനും, അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനും അവരുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്നതിനു പോലും വൈദികര്‍ ശ്രദ്ധാലുക്കളായി. ഒടുവില്‍ 1945 മാര്‍ച്ച് 2ന് അദ്ദേഹവും ടൈഫോയിഡിന് കീഴടങ്ങി.

ഫാ. എന്‍ഗള്‍മര്‍ അണ്‍സെയ്തിങ്ങിന്റെ മഹത്തായ നന്മകള്‍ മനസ്സിലാക്കിയ ബനഡിക്ട് XVIമന്‍ പാപ്പ 2009ല്‍ ഇദ്ദേഹത്തെ ധന്യനെന്ന് വിളിച്ചു. ജനുവരിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇദ്ദേഹത്തെ രക്തസാക്ഷിയായി പ്രഖ്യാപിച്ചു.  ഇത് പിന്നീട് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനുള്ള വഴി തുറന്നു.

 

നീതു മെറിന്‍

You must be logged in to post a comment Login