ദനഹാത്തിരുനാള്‍ ദിനത്തില്‍ പാപ്പയുടെ സന്ദേശം

വത്തിക്കാന്‍: കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിയണമെന്നും ജ്ഞാനികളെപ്പോലെ ദൈവം നല്‍കുന്ന അടയാളങ്ങള്‍ തിരിച്ചറിയാന്‍ നാം നിര്‍ബന്ധിതരാണെന്നും ഫ്രാന്‍സിസ് പാപ്പ. ദനഹാത്തിരുനാള്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എവിടെയാണ് യഹൂദരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നതാണ്’ എന്ന് ജ്ഞാനികളെപ്പോലെ നമ്മളും പറയണം. ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

ദൈവഹിതം മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും കഠിനമായ പരിശ്രമം ആവശ്യമാണ്. ജ്ഞാനികളെ വഴികാട്ടിയ നക്ഷത്രം പോലെ നമുക്കു മുന്നിലും ഒരു വെളിച്ചം സഞ്ചരിക്കുന്നുണ്ട്. ആ വെളിച്ചത്തെ തിരിച്ചറിയണം. ജ്ഞാനികള്‍ പൊന്നും മീറയും കുന്തിരിക്കവും ഉണ്ണിയേശുവിനു മുന്നില്‍ കാഴ്ചയര്‍പ്പിച്ചതു പോലെ നമ്മുടെ ഹൃദയവും മനസ്സും ബുദ്ധിയും കഴിവുകളുമെല്ലാം അവിടുത്തേക്കു കാഴ്ച വെക്കാം.

ജ്ഞാനികള്‍ ഭൂമിയിലുള്ള സകല മനുഷ്യരെയും പ്രതിനിധാനം ചെയ്യുന്നവരാണ്. യേശുവിന്റെ മുന്നില്‍ വംശത്തിന്റെയോ ഭാഷയുടെയോ സംസ്‌കാരത്തിന്റെയോ വേര്‍തിരിവുകളില്ല. ജ്ഞാനികളെപ്പോലെ ഇന്നും ഒരുത്തരത്തിനായി അന്വേഷിച്ചു നടക്കുന്ന ആളുകള്‍ നമുക്കിടയിലുണ്ട്. തങ്ങളുടെ ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്താന്‍ അവര്‍ നക്ഷത്രത്തെ പിന്തുടര്‍ന്നു. ആ നക്ഷത്രം അവര്‍ക്കു പുതുജീവിതം നല്‍കി. നമുക്കു മുന്നില്‍ സഞ്ചരിക്കുന്ന നക്ഷത്രത്തെയും തിരിച്ചറിഞ്ഞ് അതിനെ അനുഗമിക്കാം. ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login