ദന്തരോഗികളുടെ മദ്ധ്യസ്ഥ

ദന്തരോഗികളുടെ മദ്ധ്യസ്ഥ

ദന്തരോഗങ്ങള്‍ പലര്‍ക്കും ഒരു പേടിസ്വപ്‌നമാണ്. പല്ലുവേദനയോ മറ്റു ദന്തരോഗങ്ങളോ ഉണ്ടാകുമ്പോള്‍ ഭയത്തോടെ ദന്തഡോക്ടറെ സമീപിക്കുന്നവരാണ് പലരും. എന്നാല്‍ ദന്തരോഗികള്‍ക്ക് ഒരു മദ്ധ്യസ്ഥയുണ്ട് എന്നത് അധികമാരും അറിയാനിടയില്ലാത്ത കാര്യമാണ്. അലക്‌സാണ്‍ഡ്രിയയിലെ വിശുദ്ധ അപ്പോളോണിയയെ ആണ് ദന്തരോഗികളുടെ മദ്ധ്യസ്ഥയായി തിരുസഭ അംഗീകരിച്ചിരിച്ചിട്ടുള്ളത്.

മൂന്നാം നൂറ്റാണ്ടില്‍ വിശ്വാസത്തിനു വേണ്ടി ധീരരക്തസാക്ഷിത്വം വഹിച്ച വിശുദ്ധയാണ് വിശുദ്ധ അപ്പോളോണിയ. റോമാസാമ്രാജ്യത്തിലെ ഫിലിപ്പ്  ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ഭീകരമായ പീഡനങ്ങള്‍ അരങ്ങേറിയിരുന്ന കാലം. തങ്ങളുടെ വിശ്വാസത്തെ തള്ളിപ്പറയാന്‍ അവര്‍ നിര്‍ബന്ധിതരായി. പലരും വിശ്വാസത്തെ പ്രതി ജീവന്‍ വെടിഞ്ഞു. അപ്പോളോണിയയുടെ ഊഴമായിരുന്നു അടുത്തത്.

ജനക്കൂട്ടം അപ്പോളോണിയയെ അതിദാരുണമായി പീഡിപ്പിച്ചു. അവള്‍ കുലുങ്ങിയില്ല. അവളുടെ പല്ലുകള്‍ മുഴുവന്‍ പറിച്ചെടുത്തു. വേദന കൊണ്ടു പുളഞ്ഞപ്പോഴും അവള്‍ വിശ്വാസത്തെ ത്യജിച്ചില്ല. ഇനിയും വിശ്വാസം ഉപേക്ഷിച്ചില്ലെങ്കില്‍ അഗ്നികുണ്ഡത്തിലേക്ക് എറിയുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. അവരുടെ ഭീഷണിക്ക് വഴങ്ങിയിട്ടെന്ന പോലെ തനിക്ക് അല്‍പസമയം അനുവദിക്കണമെന്ന് അവള്‍ തന്നെ പീഡിപ്പിച്ചവരോട് ആവശ്യപ്പെട്ടു. പിന്നെ ആ അഗ്നികുണ്ഡത്തിലേക്ക് നടന്നടുത്തു. വിശ്വാസം ഉപേക്ഷിക്കുന്നതിനെക്കാള്‍ നല്ലത് മരണമാണെന്ന തിരിച്ചറിവില്‍ അപ്പോളോണിയ സ്വയം തീയിലേക്ക് എടുത്തുചാടി.

ഫെബ്രുവരി 9 നാണ് വിശുദ്ധ അപ്പോളോണിയയുടെ തിരുനാള്‍ ദിനമായി ആചരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപ്പോളോണിയയുടെ പേരില്‍ ദേവാലയങ്ങളുമുണ്ട്.

 

അനൂപ

 

You must be logged in to post a comment Login