ദയാവധം നിയമമാക്കല്‍: യഥാര്‍ത്ഥ വെല്ലുവിളി നിയമം ദുരുപയോഗം ചെയ്യലാണെന്ന് കെസിബിസി പ്രൊ- ലൈഫ് സമിതി

ദയാവധം നിയമമാക്കല്‍: യഥാര്‍ത്ഥ വെല്ലുവിളി നിയമം ദുരുപയോഗം ചെയ്യലാണെന്ന് കെസിബിസി പ്രൊ- ലൈഫ് സമിതി

കൊച്ചി: ഇന്ത്യയില്‍ ദയാവധം നിയമമാക്കുമ്പോള്‍ പതിയിരിക്കുന്ന വലിയ അപകടം അതിന്റെ ധാരാളമായ ദുരുപയോഗമായിരിക്കുമെന്ന് കെസിബിസി പ്രൊ-ലൈഫ് സമിതി. കെസിബിസി ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ ഫാദര്‍ പോള്‍ മാടശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇക്കാര്യം വിലയിരുത്തിയത്.

കാരുണ്യവധം നടത്താനുള്ള നിയമാനുവാദം നല്‍കണമെന്ന് വാദിക്കുന്നവര്‍ അതൊരു ധാര്‍മ്മിക പ്രശ്‌നമായി കാണുന്നില്ലയെന്നും യോഗം വിലയിരുത്തി.

ഒരു വ്യക്തി തന്റെ സ്വതന്ത്രമായ തീരുമാനപ്രകാരം രൂപപ്പെടുത്തിയതല്ല സ്വന്തം ജിവന്‍. സ്വന്തം ജീവന് വിരാമമിടാനും ആ വ്യക്തിക്ക് അവകാശമില്ല. ദൈവദാനമായ ജിവന്‍ സംരക്ഷിക്കാനും നിലനിര്‍ത്താനുമാണ് ദൈവം മനുഷ്യനെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും യോഗം വ്യക്തമാക്കി.

ദയാവധം നിയമമാക്കുന്നതിലെ സങ്കീര്‍ണ്ണത മനസ്സിലാക്കി പൊതുജനാഭിപ്രായം ആരാഞ്ഞുകൊണ്ട് സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് തുടങ്ങിയതിന്റെ പശ്ചാത്തലത്തിലായിരുന്നു കെസിബിസി പ്രൊ-ലൈഫ് സമിതി യോഗം ചേര്‍ന്നത്.

കെസിബിസി പ്രൊ-ലൈഫ് സമിതി പ്രസിഡന്റ് ജോര്‍ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, യുഗേഷ് തോമസ്, ജെയിംസ് ആഴ്ചങ്ങാടന്‍, അഡ്വ.ജോസി സേവ്യര്‍, സി.മേരി ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു.

You must be logged in to post a comment Login