“ദരിദ്രരുടെ ആശുപത്രി’ യിലെ ജാതിയും മതവുമില്ലാത്തവര്‍- മതമൈത്രിയുടെ കഥ

“ദരിദ്രരുടെ ആശുപത്രി’ യിലെ ജാതിയും മതവുമില്ലാത്തവര്‍- മതമൈത്രിയുടെ കഥ

ഇവിടെ രോഗികള്‍ക്കോ ചികിത്സിക്കുന്നവര്‍ക്കോ ജാതിയോ മതമോ ഇല്ല. ഇത് ഖറാക്ക്. ജോര്‍ദാനിലെ ഒരു നഗരം. അറുപതിനായിരം മാത്രം ജനസംഖ്യയുള്ള ദരിദ്ര  പ്രവിശ്യ. അമാനില്‍ നി്ന്ന് 160 കിലോമീറ്റര്‍ സൗത്തായിട്ടാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.ഇവിടെയാണ് നാഷനല്‍ അസോസിയേഷന്‍ ഫോര്‍ അസിസ്റ്റന്‍സ് റ്റു ഇറ്റാലിയന്‍ മിഷനറീസ് നടത്തുന്ന ദരിദ്രരുടെ ആശുപത്രി. 1935 മുതല്‍ കോംബോനി മിഷനറിമാരാണ് ആശുപത്രിയുടെ മേല്‍നോട്ടക്കാര്‍.

ചില സംഘടനകളുടെയോ ഇടവകയുടെയോ വ്യക്തികളുടെയോ സാമ്പത്തികസഹായം കൊണ്ടുമാത്രമാണ് ഇത് മുന്നോട്ടുപോകുന്നത്. ഇവിടെ ക്രിസ്ത്യാനികള്‍ വെറും 3% മാത്രം. ബാക്കിയുള്ളത് മുസ്ലീങ്ങള്‍.

നഗരത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ് ഞങ്ങളുടെ ആശുപത്രി എന്ന് അറുപത്തിയഞ്ചുകാരി സിസ്റ്റര്‍ അഡേല ബ്രാംബില്ല പറയുന്നു. അഞ്ചു കന്യാസ്ത്രീകള്‍ക്കൊപ്പം ഈ ആശുപത്രിയില്‍ സേവനം ചെയ്യുകയാണ് ഡയറക്ടറായ സിസ്റ്റര്‍.

മുസ്ലീം സഹോദരന്മാരില്‍ നിന്ന് ഞങ്ങള്‍ക്ക് ഏറെ ആദരവും സഹകരണവും കിട്ടുന്നുണ്ട്. നല്ല ബന്ധമാണ് ഓഫീസ് സ്റ്റാഫും ഞങ്ങളുംതമ്മിലുള്ളത്. സിസ്റ്റര്‍ വ്യക്തമാക്കി. എട്ട് ഡോക്ടര്‍മാരാണ് ഇവിടെ ജോലി ചെയ്യുന്നത്. അതില്‍ ആറു പേര്‍ മുസ്ലീങ്ങളും രണ്ടു പേര്‍ ക്രിസ്ത്യാനികളുമാണ്.  80 പേര്‍ മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

കൂടാതെ പുറമെനിന്ന് 53 സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ പ്രത്യേകദിവസങ്ങളില്‍ എത്തുന്നുണ്ട്. അതില്‍ 12 പേര്‍ ക്രൈസ്തവരാണ്.

ഞാനിവിടെ ജോലി ചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്നു. ഞാനീ നഗരത്തിലാണ് ജനിച്ചുവളര്‍ന്നത്. എന്റെ നാട്ടുകാരെ ശുശ്രൂഷിക്കാനുള്ള അവസരമായിട്ടാണ് ഞാനിതിനെ കാണുന്നത്. സര്‍ജനായ മുസ്ലീം ഡോക്ടര്‍ അവാദ് ദമോര്‍ പറയുന്നു.

ക്രൈസ്തവരും മുസ്ലീങ്ങളും തമ്മിലുള്ള ബന്ധം ഇവിടെ വളരെ നല്ല രീതിയിലാണ് പരസ്പര സഹകരണം ഞങ്ങള്‍ക്കിടയിലുണ്ട്,  ആദരവും. ആഘോഷങ്ങള്‍ ഞങ്ങള്‍ ഒരുമിച്ച് ആചരിക്കുന്നു. പൊതുവായ ഒരു മിഷന് വേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ക്രൈസ്തവരെന്നോ മുസ്ലീങ്ങളെന്നോ ഞങ്ങള്‍ക്കിടയില്‍ വേര്‍തിരിവുകളില്ല. മുന്‍വിധികളുമില്ല. ഇതൊരു കുടുംബമായിട്ടാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. ഡോക്ടര്‍ തുടര്‍ന്നുപറഞ്ഞു.

അഭയാര്‍ത്ഥികളായിട്ടുള്ള മുസ്ലീങ്ങളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നവരില്‍ ഭൂരിപക്ഷവും ഇപ്പോള്‍ ആശുപത്രി കാരിത്താസ് ജോര്‍ദാനും യുനൈറ്റഡ് നേഷന്‍സ് ഹൈക്കമ്മീഷനര്‍ ഫോര്‍ റിഫ്യൂജിസുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

മുറിവേറ്റ ഹൃദയമുള്ളവരാണ് അഭയാര്‍ത്ഥികള്‍. നിരവധി ദുരന്തങ്ങള്‍ കണ്ണുകൊണ്ട് കണ്ടവര്‍. കുട്ടികള്‍ പലപ്പോഴും ആഘാതത്തില്‍ നിന്ന് മുക്തി നേടാത്തവരാണ്. സിസ്റ്റര്‍ അഡെല പറയുന്നു.

സിസ്റ്ററുടെ ഓര്‍മ്മയില്‍ ഒരു പെണ്‍കുട്ടിയുടെ മുഖമുണ്ട്. യുദ്ധത്തിന്റെ ഭീകരദൃശ്യങ്ങള്‍ക്ക് മുമ്പില്‍ പേടിച്ച് മുഴുവന്‍ മുടിയും പൊഴിഞ്ഞുപോയ കുട്ടി.

ഇങ്ങനെയുള്ള അനേകരെ സ്‌നേഹത്തിന്റെയും കരുതലിന്റെയും ശുശ്രൂഷയുടെയും കരങ്ങള്‍ കൊണ്ട് മൂടിപ്പുതയ്ക്കുകയാണ് ഈ ആശുപത്രിയും ഇവിടെയുള്ള ഡോക്ടര്‍മാരും.

ജാതിയുടെയും മതത്തിന്റെയും പേരില്‍ പോരടിക്കുന്നവര്‍ക്ക് ഈ ആശുപത്രിയും മുഖം നോക്കാതെയുള്ള ഇവരുടെ സേവനങ്ങളും ഒരു പാഠമായിരുന്നുവെങ്കില്‍..

You must be logged in to post a comment Login