ദളിത് പീഡനം; സിബിസിഐയ്ക്ക് ആശങ്ക വര്‍ദ്ധിക്കുന്നു

ദളിത് പീഡനം; സിബിസിഐയ്ക്ക് ആശങ്ക വര്‍ദ്ധിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദളിത്,പിന്നോക്ക വിഭാഗങ്ങളുടെ മേല്‍ വര്‍ധിച്ചുവരുന്ന പീഡനങ്ങളിലും അവരെ ഒറ്റപ്പെടുത്തുന്ന അനിഷ്ടസംഭവങ്ങളിലും സിബിസിഐ ആശങ്ക രേഖപ്പെടുത്തി. രാജ്യത്തെ ദളിത് പിന്നോക്കവിഭാഗങ്ങളോടു ഭാരത കത്തോലിക്കാ സഭയ്ക്കുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതോടൊപ്പം സത്വരമായ നടപടികളും മുന്‍കരുതലുകളും ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരും സ്വീകരിക്കണമെന്നു സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ അഭ്യര്‍ഥിച്ചു.

കഴിഞ്ഞ 11-ന് ഗുജറാത്തില്‍ ഒരു ദളിത് കുടുംബത്തിലെ ഏഴ് അംഗങ്ങള്‍ അതിക്രൂരമായി സാമൂഹ്യവിരുദ്ധരുടെ അക്രമത്തിന് ഇരയായ സംഭവം ദളിത് പീഡനങ്ങളില്‍ ഏറ്റവും അവസാനത്തേതാണ്. ഇന്ത്യന്‍ ഭരണഘടനയും നിയമവ്യവസ്ഥയും ലംഘിച്ചുകൊണ്ട് ദളിതരുടെ അവകാശത്തിന്മേല്‍ കടന്നുകയറ്റം നടത്തുന്നതും വ്യക്തിഹത്യ നടത്തുന്നതും ഉള്‍പ്പെടെയുള്ള നടപടികളില്‍നിന്നു ബന്ധപ്പെട്ടവര്‍ ഒഴിഞ്ഞുനില്‍ക്കേണ്ട താണ്.

മാംസഭക്ഷണം, പശു സംരക്ഷണം തുടങ്ങിയ വാദങ്ങളുടെമേല്‍ ദളിതരെയും പിന്നോക്ക വിഭാഗങ്ങളെയും ആക്രമിക്കുന്നതും കൊലപ്പെടുത്തുന്നതും നിത്യസംഭവമായി മാറിയിരിക്കുന്നു. സാമൂഹികമായ പിന്നോക്കാവസ്ഥയും കടുത്ത അവഗണനയും അനുഭവിക്കുന്ന ദളിത് വിഭാഗങ്ങളുടെമേല്‍ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഏല്‍പ്പിക്കുന്നതു മനഃസാക്ഷിക്കു ചേരാത്ത കിരാതനടപടികളാണ്.

2014-ല്‍ 47,000-ലധികം കേസുകളാണ് ഔദ്യോഗിക കണക്കനുസരിച്ച് ദളിതരുടെ മേലുള്ള അക്രമങ്ങളുടെ പേരില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ 29 ശതമാനം വര്‍ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്.

തെലുങ്കാനയിലെ കടപ്പ ബിഷപ് ഡോ. ഗലേല പ്രസാദിനു നേര്‍ക്കുണ്ടായ ആക്രമണത്തിലും മാര്‍ ക്ലീമിസ് ബാവ ഉത്കണ്ഠ രേഖപ്പെടുത്തി.

You must be logged in to post a comment Login