ദശാംശം ക്രിസ്തീയമല്ല!

അതെ, ദശാംശം ക്രിസ്തീയമല്ല.

അല്ലെങ്കില്‍ പറയൂ ക്രിസ്തു എവിടെയാണ് ദശാംശം കൊടുക്കണം എന്ന് പറഞ്ഞിട്ടുള്ളത്? പുതിയ നിയമത്തില്‍ ഒരിടത്തും ക്രിസ്തു ദശാംശത്തെക്കുറിച്ച് പറയുന്നില്ല. ആകെയുള്ള ഒരു പരാമര്‍ശം വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലാണ്.

നിങ്ങള്‍ തുളസി. ചതകുപ്പ, ജീരകം എന്നിവയ്ക്ക് ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു.( മത്താ 23;23)
ദശാംശം പഴയനിയമത്തിന്റെ സംഭാവനയാണ്. മലാക്കിയുടെ പുസ്തകമാണ് അത്തരമൊരു ദിശ നല്കുന്നത്.
ദശാംശം മുഴുവന്‍ കലവറയിലേക്ക് കൊണ്ടുവരുവിന്‍. എന്റെ ആലയത്തില്‍ ഭക്ഷണം ഉണ്ടാകട്ടെ. ഞാന്‍ നിങ്ങള്‍ക്കായി സ്വര്‍ഗ്ഗകവാടം തുറന്ന് അനുഗ്രഹം വര്‍ഷിക്കുകയല്ലേ എന്ന് നിങ്ങള്‍ പരീക്ഷിക്കുവിന്‍( മലാക്കി: 10).

ദശാംശം കൊടുക്കുന്നത് അനുഗ്രഹത്തിന്റെ വഴിയാണെന്ന് കൂടിയാണ് മലാക്കി പറയുന്നത്. ഒരുപക്ഷേ ദശാംശം കൊടുക്കുന്നതിന് പിന്നില്‍ ചിലരുടെയെങ്കിലും മനസ്സിലുള്ളത് താന്‍ അതുവഴി അനുഗ്രഹിക്കപ്പെടും എന്നുതന്നെയല്ലേ? മനസ്സിന് അല്പം തെളിച്ചമുള്ളവര്‍ക്കെല്ലാം ദശാംശം നിസ്സാരമായി കൊടുക്കാവുന്നതേയുള്ളൂ.

കാരണം അത് അത്ര ഭാരപ്പെട്ടതോ വലിയ ബാധ്യത സമ്മാനിക്കുന്നതോ അല്ല.. നൂറു രൂപയുണ്ടെങ്കില്‍ പത്തുരൂപ കൊടുക്കാന്‍ അത്രബുദ്ധിമുട്ടൊന്നും സാമാന്യരീതിയില്‍ തോന്നേണ്ട കാര്യമില്ല. എന്നിട്ടും അതുപോലും കൊടുക്കാത്തവര്‍ നമുക്കിടയിലുണ്ട് എന്നതും സത്യം.

പക്ഷേ ക്രിസ്തുവിന്റെ കണക്ക് വ്യത്യസ്തമാണ്. കര്‍ദിനാള്‍ തൂവാന്‍ പറഞ്ഞിരിക്കുന്നതുപോലെ ക്രിസ്തുവിന് കണക്ക് കൃത്യമായി അറിയില്ലാത്തതുകൊണ്ട് സംഭവിക്കുന്നതാകാം അത്. തൊണ്ണൂറ്റൊമ്പതിനെയും ഉപേക്ഷിച്ച് കാണാതെ പോയ ഒന്നിനെതേടി പോകുന്ന നല്ല ഇടയനാണല്ലോ ക്രിസ്തു.

അപ്പോള്‍ തീര്‍ച്ചയായും കണക്കുകൂട്ടലുകളെ ക്രിസ്തു തകിടം മറിക്കുന്നുണ്ട്. അതിനാല്‍ ക്രിസ്തു ദശാംശത്തെക്കുറിച്ചല്ല പറയുന്നത്.. പാതി യെക്കുറിച്ചാണ്..
നിങ്ങള്‍ക്ക് രണ്ടു ഉടുപ്പുണ്ടെങ്കില്‍ ഒന്ന് ഇല്ലാത്തവന് കൊടുക്കുക, ഒരു മൈല്‍ പോകാന്‍ ചോദിക്കുന്നവനോട് രണ്ട് മൈല്‍ ദൂരം പോകുക.. എന്തിന് ഒരു കവിളത്തടിക്കുന്നവന് മറുകരണം കൂടി കാണിച്ചുകൊടുക്കുക.. ഇരുകണ്ണുകളോടും കൂടി നരകത്തില്‍ പതിക്കുന്നതിനെക്കാള്‍ നല്ലത് ഒറ്റക്കണ്ണനായി ജീവനിലേക്ക് പ്രവേശിക്കാനായി പാപകാരണമായ കണ്ണ് പിഴുതുകളയുക..
നോക്കൂ ലോകത്തെ തലകീഴായ് മറിക്കുന്ന പുതിയ കണക്കുകള്‍ കൊണ്ട് ക്രിസ്തു നമ്മെ അമ്പരപ്പിക്കുന്ന കാഴ്ച

ഇനി പറയൂ ക്രിസ്തു എവിടെയാണ് ദശാംശത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്? ദശാംശം കൊടുത്താല്‍ അനുഗ്രഹിക്കപ്പെടും എന്ന മോഹനവാഗ്ദാനങ്ങളും ക്രിസ്തു നല്കുന്നില്ല. ഏറ്റവും വലിയ വെല്ലുവിളികളാണ് ക്രിസ്തു നടത്തിയിരിക്കുന്നത്.

നിങ്ങളിലെ പാതിയാണ് കൊടുക്കേണ്ടത്.. നിങ്ങള്‍ക്കുള്ളതിന്റെ പാതിക്ക് മറ്റൊരാള്‍ അവകാശിയാണ്..പാതി കൊടുക്കാന്‍ കഴിയാത്തിടത്തോളം നാം ഇനിയും ക്രിസ്തുശിഷ്യരായിട്ടില്ല.
എല്ലാം എല്ലാവരുടേതുമാകുമ്പോള്‍ ആരും ആര്‍ക്കും ദശാംശം കൊടുക്കേണ്ടതില്ല..അത്തരമൊരു ലോകമായിരുന്നു ക്രിസ്തു സ്വപ്‌നം കണ്ടത്. നമുക്ക് അപ്രാപ്യമായ ലോകം. പക്ഷേ ആദിമസഭയിലെ കൂട്ടായ്മകള്‍ അത് നന്നായി അനുവര്‍ത്തിച്ചുപോകുന്നു എന്ന് അപ്പസ്‌തോലപ്രവര്‍ത്തനങ്ങള്‍ പറഞ്ഞുതരുന്നുണ്ട്.

കൃത്യമായി ദശാംശം കൊടുക്കുന്നു എന്ന് മേനി നടിക്കുകയൊന്നും വേണ്ട..

നാം ഇനിയും കൊടുക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു. അതും പാതി..

You must be logged in to post a comment Login