ദിവ്യകാരുണ്യം മാത്രം ഭക്ഷണമായി 13 വര്‍ഷങ്ങള്‍!

ദിവ്യകാരുണ്യം മാത്രം ഭക്ഷണമായി 13 വര്‍ഷങ്ങള്‍!

ഭക്ഷണം കഴിക്കാതെalexandrinaofficial നമുക്ക് എത്ര ദിവസം ജീവിക്കാനാകും? ഒരു സാധാരണ വ്യക്തിക്ക് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേ അതിനു സാധിക്കൂ. എന്നാല്‍ നീണ്ട 13 വര്‍ഷങ്ങള്‍ ദിവ്യകാരുണ്യം മാത്രം ആഹാരമാക്കി ജീവിച്ച ഒരാളുണ്ട്- വാഴ്ത്തപ്പെട്ട അലക്‌സാന്‍ഡ്രിന.

പോര്‍ച്ചുഗലിലെ ദരിദ്രഗ്രാമങ്ങളിലൊന്നായ ബലാസാറിലാണ് അലക്‌സാന്‍ഡ്രിനയുടെ ജനനം. പിതാവ് ചെറുപ്പത്തിലേ മരിച്ചു. 12 വയസ്സുവരെ മാത്രമേ അലക്‌സാന്‍ഡ്രിനക്ക് സ്‌കൂളില്‍ പോകാന്‍ സാധിച്ചിരുന്നുള്ളൂ. കുടുംബത്തിലെ സാമ്പത്തിക സ്ഥിതി അത്രയുമേ അനുവദിച്ചിരുന്നുള്ളൂ. രണ്ടു മക്കളുള്ള കുടുംബം പുലര്‍ത്താന്‍ പാടു പെടുന്ന അമ്മയെ സഹായിക്കാന്‍ അലക്‌സാന്‍ഡ്രിന അടുത്തുള്ള കര്‍ഷകന്റെ പുരയിടത്തില്‍ ജോലിക്കു പോയിത്തുടങ്ങി. എന്നാല്‍ ക്രൂരനായ സ്ഥലമുടമയുടെ കണ്ണുകള്‍ അവളുടെ നേരെ പതിഞ്ഞു. ഇതിനിടെ ടൈഫോയ്ഡ് പിടിപെട്ട് അവള്‍ ജോലി ഉപേക്ഷിച്ചു. മരണകാരണമായേക്കാവുന്ന അസുഖത്തില്‍ നിന്നും അത്ഭുതകരമായി അവള്‍ രക്ഷപെട്ടു.

പിന്നീട് അമ്മ മരിയയുടെ നിര്‍ദ്ദേശപ്രകാരം അലക്‌സാന്‍ഡ്രിനയും ചേച്ചി ഡിയോലിന്‍ഡയും തയ്യല്‍ പരിശീലനം ആരംഭിച്ചു. കൂട്ടുകാരി റോസലീനയും ഒപ്പം ചേര്‍ന്നു. അങ്ങനെയിരിക്കെയാണ്  അലക്‌സാന്‍ഡ്രിനയുടെ ജീവിതത്തിന്റെ ദിശ തന്നെ മാറ്റിമറിച്ച സംഭവമുണ്ടാകുന്നത്.

വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു തയ്യല്‍ പരിശീലനം. പെട്ടെന്ന് എന്തോ ഒരു ശബ്ദം കേട്ടാണ് അവര്‍ ജനാലയിലൂടെ താഴേക്കു നോക്കിയത്. പഴയ തൊഴിലുടമയും സംഘവുമായിരുന്നു. മദ്യപിച്ചിട്ടാണ് വരവ്. വീട്ടില്‍ മറ്റാരുമില്ല. വാതില്‍ തള്ളിത്തുറന്ന് അവര്‍ അകത്തു പ്രവേശിച്ചു. എന്തു വില കൊടുത്തും തന്റെ വിശുദ്ധി കാത്തുസൂക്ഷിക്കണമെന്ന ദൃഢനിശ്ചയം അലക്‌സാന്‍ഡ്രിനക്കുണ്ടായിരുന്നു. അവള്‍ മുകളില്‍ നിന്നും താഴേക്കു ചാടി. കയ്യില്‍ കിട്ടിയ വടിയുമായി സഹോദരിയേയും കൂട്ടുകാരിയേയും രക്ഷിക്കാന്‍ അവള്‍ അകത്തേക്കോടി. അതുമായി അക്രമികളെ അവള്‍ അടിച്ചോടിച്ചു. എന്നാല്‍ വീഴ്ചയുടെ ആഘാതത്തില്‍ അവളുടെ നട്ടെല്ലിന് സാരമായി പരിക്കേറ്റിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവളുടെ ശരീരം പൂര്‍ണ്ണമായും തളര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ രോഗക്കിടക്കയിലായിരുന്നു.

രോഗക്കിടക്കയിലായിരുന്നപ്പോള്‍ അവള്‍ പ്രാര്‍ത്ഥിച്ചത് ദിവ്യകാരുണ്യ ഈശോയെ സ്വീകരിക്കാന്‍ അവള്‍ക്ക് അവസരം ലഭിക്കണമേ എന്നാണ്. ‘എന്റെ ശരീരം നിനക്കു ഭക്ഷണമായിരിക്കും’ എന്നുള്ള മറുപടി അവള്‍ക്കു ലഭിച്ചു. പിന്നീടുള്ള 13 വര്‍ഷങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ സ്വീകരിച്ചിരുന്ന ദിവ്യകാരുണ്യം മാത്രമായിരുന്നു അവളുടെ ഭക്ഷണം. 33-ാം വയസ്സില്‍ ഈശോയുടെ പഞ്ചക്ഷതങ്ങള്‍ അവള്‍ ശരീരത്തിലേറ്റു വാങ്ങാന്‍ തുടങ്ങി. 1955 ജൂലൈ 30 ന് അലക്‌സാന്‍ഡ്രിന സ്വര്‍ഗ്ഗം പൂകി. മരിക്കുന്നതു വരെ ദിവ്യകാരുണ്യം മാത്രമായിരുന്നു അവളുടെ ഭക്ഷണം.

You must be logged in to post a comment Login